ജനിച്ചു വളർന്ന നാടിനെ പേരിനൊപ്പം ചേർത്ത് രാജശേഖരൻ

Mail This Article
ശാസ്താംകോട്ട ∙ ജനിച്ചു വളർന്ന നാടിനെ തന്റെ പേരിനൊപ്പം തലപ്പൊക്കമായി ചേർത്ത് കേരള രാഷ്ട്രീയത്തിൽ ഉന്നതശീർഷനായി മാറിയ ശൂരനാട് രാജശേഖരന്റെ വിയോഗത്തിലൂടെ കുന്നത്തൂരിനു നഷ്ടമായത് കോൺഗ്രസ് തറവാട്ടിലെ പ്രിയ കാരണവരെയാണ്. മലയാള ഭാഷാ പണ്ഡിതനും വാഗ്മിയുമായ ശൂരനാട് കുഞ്ഞൻ പിള്ളയുടെ സഹോദര പുത്രനായി ശൂരനാട് തെക്ക് പായിക്കാട്ട് തറവാട്ടിൽ ജനിച്ച രാജശേഖരൻ മാലുമേൽ എൽപിഎസിലെയും തഴവ എവിഎച്ച്സിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാസ്താംകോട്ട ഡിബി കോളജിൽ വിദ്യാർഥിയായിരിക്കെ കേരള വിദ്യാർഥി യൂണിയന്റെ പ്രവർത്തകനായിട്ടാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
കെഎസ്‍യു, യൂത്ത്കോൺഗ്രസ് എന്നിവയിൽ കുന്നത്തൂരിൽ നിന്നും മത്സരിച്ച് വിജയിച്ചാണ് ഭാരവാഹിയായി തുടങ്ങിയത്. തുടർന്നു വിവിധ സർവകലാശാലകളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയപ്പോഴും നാട്ടിൽ നിന്നും കൂടെക്കൂട്ടിയ രാഷ്ട്രീയത്തെ അദ്ദേഹം കൈവിട്ടില്ല. ശാസ്താംകോട്ട കാർഷിക സഹകരണ ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റായിരുന്ന രാജശേഖരൻ മികച്ച സഹകാരിയായും തിളങ്ങി. മാതാപിതാക്കളുടെ ഓർമ ദിനങ്ങളിലും വിശേഷ അവസരങ്ങളിലും കുടുംബ വീട്ടിലെത്തുന്ന അദ്ദേഹം പ്രിയപ്പെട്ടവരുടെ ഓരോ ചടങ്ങിലും നാട്ടിൽ ഓടിയെത്തിയിരുന്നു.
ഗ്രാമദേവതയായ കുമരൻചിറ ഭഗവതിയെ തൊഴുത് പ്രാർഥിച്ചാണ് ഓരോ തവണയും മടങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ശൂരനാട് തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു ശിലയിടാനായി എത്തിയപ്പോഴും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. പാർട്ടി പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും കാണുന്ന ഓരോരുത്തരെയും നാട്ടുകാരന്റെ സ്വാതന്ത്ര്യത്തോടെ പേരെടുത്ത് വിളിച്ച് കുശലം ചോദിക്കും.പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തന വഴിയിലെ അനുഭവങ്ങളും രസം കലരുന്ന നുറുങ്ങുകളും പുതുതലമുറയിലെ പ്രവർത്തകരോട് പങ്കുവയ്ക്കാനും മറക്കില്ല.