ADVERTISEMENT

ചാത്തന്നൂർ‌∙ ശക്തമായ വേനൽ മഴയിൽ ദേശീയപാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. കുളമായ റോഡിലൂടെ യാത്ര ദുസ്സഹമായി. ചാത്തന്നൂർ വൈദ്യുതി ഭവൻ, അർബൻ ബാങ്കിനു സമീപം, കെഎസ്ആർടിസി ജംക്‌ഷൻ അടിപ്പാത, പാരിപ്പള്ളി മുക്കട അടിപ്പാത എന്നിവ വെള്ളത്തിലായി. ഒട്ടേറെ കടകളിൽ വെള്ളം കയറി. പാതയുടെ ശോച്യാവസ്ഥയും പൈപ്പ് ലൈൻ നിർമാണ പ്രവർത്തനവും തിരുമുക്കിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.



ചാത്തന്നൂർ ഇടനാട് പാറയിൽക്കട പോസ്റ്റ് ഓഫിസിനു സമീപം റോഡ് മഴയിൽ ഇടിഞ്ഞ നിലയിൽ.
ചാത്തന്നൂർ ഇടനാട് പാറയിൽക്കട പോസ്റ്റ് ഓഫിസിനു സമീപം റോഡ് മഴയിൽ ഇടിഞ്ഞ നിലയിൽ.

ചാത്തന്നൂർ അർബൻ ബാങ്കിനു സമീപം തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ വലിയ തോതിൽ വെള്ളം ഉയർന്നു. കാൽനടയാത്ര പൂർണമായും തടസ്സപ്പെട്ടു. ഇവിടെ 3 കടകളിൽ വെള്ളം കയറി. ഓടയുടെ മുകളിലെ വളരെ വിസ്തൃതി കുറഞ്ഞ ദ്വാരങ്ങൾ പൂർണമായും അടഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. കരാർ കമ്പനി ജീവനക്കാർ ദ്വാരങ്ങൾ കുത്തി തുറന്നു വെള്ളക്കെട്ട് ഒഴിവാക്കി.

ചാത്തന്നൂർ അർബൻ ബാങ്കിനു സമീപം ദേശീയപാതയിലെ വെള്ളക്കെട്ട്.
ചാത്തന്നൂർ അർബൻ ബാങ്കിനു സമീപം ദേശീയപാതയിലെ വെള്ളക്കെട്ട്.

ഇടറോഡിലെ മഴ വെള്ളം ഓടയിലേക്ക് ഇറങ്ങുന്നതിനുള്ള മാർഗം തടസ്സപ്പെട്ടതിനാൽ ഹൈസ്കൂൾ ജംക്‌ഷനിൽ കുമ്മല്ലൂർ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കടകളിൽ വെള്ളം കയറി. ഏതാനും ആഴ്ച മുൻപ് ഓട പൊളിച്ചു വെള്ളക്കെട്ട് ഒഴിവാക്കാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും ഇന്നലത്തെ മഴയിൽ കടകളിൽ വീണ്ടും വെള്ളം കയറി. ബുക്ക് സ്റ്റാൾ, മൊബൈൽ കട, ഇന്റർനെറ്റ് കഫേ തുടങ്ങിയവയിലാണ് വെള്ളം കയറിയത്. ഇന്നലെ രാവിലെ കട തുറന്നപ്പോൾ ചെളിയും മലിന ജലവും നിറഞ്ഞ അവസ്ഥയായിരുന്നു.
∙ ഇടനാട് പാറയിൽക്കട പോസ്റ്റ് ഓഫിസിനു സമീപം പൊതുമരാമത്ത് റോഡ് മഴയിൽ ഇടിഞ്ഞു. സംരക്ഷണ ഭിത്തി ഉൾപ്പെടെ പത്തു മീറ്ററോളം ഭാഗം താഴ്ചയിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 

പരവൂർ
പരവൂർ ജംക‍്ഷനിലെ വെള്ളക്കെട്ടിനു പരിഹാരം കണ്ടെത്താനായില്ല, വ്യാപാരികളും കാൽനട യാത്രക്കാരും ദുരിതത്തിൽ. പരവൂർ-പാരിപ്പള്ളി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. ചാത്തന്നൂർ-പരവൂർ-പാരിപ്പള്ളി റോഡുകളുടെ നവീകരണം നടക്കുമ്പോൾ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികളും പൊതുപ്രവർത്തകരും കരാറുകാരന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. ഇതോടെ ചെറിയ മഴയിൽ തന്നെ റോഡിന്റെ പകുതിയോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ്.   പരവൂർ മാർക്കറ്റിലേക്ക് എത്തുന്ന കാൽനട യാത്രക്കാർക്കാണ്  കൂടുതൽ ദുരിതം.  വ്യാപാര സ്ഥാപനങ്ങളിലേക്കും ആളുകൾ പോകാൻ കഴിയാത്ത അവസ്ഥയാണ്.

കൊട്ടിയം
കൊട്ടിയം∙ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ദേശീയ പാതയിൽ സിതാര ജംക്‌ഷനിലെ സർവീസ് റോഡിൽ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് ഉൾപ്പെടെയാണ് വെള്ളക്കെട്ടിൽ കുടുങ്ങി. ദേശീയപാത പുനർ നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിനോടു ചേർന്നു നിർമിച്ച ഓട അടഞ്ഞതാണ് റോഡിൽ വെള്ളം ഉയരാൻ കാരണം.

അഗ്നിരക്ഷാ സംഘം പല വാഹനങ്ങളും വെള്ളത്തിൽ നിന്നും തള്ളി മാറ്റി. പുലർച്ചെ ആറിനു തുടങ്ങിയ കുരുക്ക് പത്തോടെയാണ് മാറിയത്. സർവീസ് റോഡിന്റെ വശങ്ങളിലുള്ള കടകളിലും വീടുകളിലും വെള്ളം കയറി. റെഡിമെയ്ഡ് ആയി നിർമിച്ച ഓടയിൽ സ്ലാബുകൾ എവിടെയൊക്കെ ഉയർത്തി മാറ്റാം എന്ന് തൊഴിലാളികൾക്കു വലിയ നിശ്ചയമില്ലായിരുന്നു. അതിനാലാണ് കരാർ കമ്പനിയുടെ തൊഴിലാളികൾ പരിശ്രമിച്ചിട്ടും കാരണം കണ്ടെത്താനാകാതെ പോയത്. പിന്നീട് കമ്പനിയുടെ മറ്റു ജീവനക്കാർ എത്തിയ ശേഷമാണ് ഓട അടഞ്ഞിരിക്കുന്നതായി കണ്ടത്. തടസ്സം മാറ്റി വെള്ളം ഒ‍ാട വഴി ഒഴുക്കി വിട്ടു.

English Summary:

Chathannoor floods have caused significant waterlogging on the national highway. The areas near the Chathannoor Electricity Office, Urban Bank, and several underpasses are severely affected, making travel extremely difficult.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com