ADVERTISEMENT

കോട്ടയം∙ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അന്ത്യയാത്രയ്ക്കായി ദേവലോകം അരമനയിൽ വിപുലമായ ഒരുക്കം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്തിമോപചാരം അർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. എല്ലാവർക്കും സൗകര്യപ്രദമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും അന്തിമോപചാരം അർപ്പിക്കുന്നതിന് അരമന മുറ്റത്ത് വിശാലമായ പന്തൽ നിർമിച്ചിട്ടുണ്ട്. 

ദേവലോകം അരമന.
ദേവലോകം അരമന.

അരമന ചാപ്പലിൽ ഇന്നു രാവിലെ ആറിന് കുർബാന നടക്കും. പൊതുജനങ്ങൾക്കു പ്രവേശനമില്ല. തുടർന്ന് എട്ട് മണിയോടെ പുറത്ത് ക്രമീകരിച്ചിരിക്കുന്ന പന്തലിലേക്കു മാറ്റും. തുടർന്നുള്ള ശുശ്രൂഷകൾ പന്തലിൽ വച്ചാകും നടക്കുക. അന്തിമോപചാരം അർപ്പിക്കുന്നതിന് കൂടുതൽ പേർക്ക് അവസരം ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേകം ഉത്തരവിട്ടു. ഒരു സമയം പരമാവധി 300 പേർക്കാണ് പ്രവേശനമെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ജിനു പുന്നൂസ് അറിയിച്ചു.  

എട്ടു ശുശ്രൂഷകളാണ് ആകെ നടത്തേണ്ടത്. ഇതിൽ നാലു ശുശ്രൂഷകൾ പരുമലയിൽ വച്ചു തന്നെ പൂർത്തിയായിരുന്നു. കബറടക്ക ശുശ്രൂഷകളുടെ സമാപനത്തിന്റെ ഭാഗമായുള്ള വിടവാങ്ങൽ ശുശ്രൂഷകൾക്കായി മൂന്നു മണിയോടെ ഭൗതിക ശരീരം അരമന ചാപ്പലിലെ മദ്ബഹയിലേക്കു കൊണ്ടു വരും. ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചോടെ അരമന ചാപ്പലിൽ കാതോലിക്കാ ബാവാമാരുടെ കബറിനോടു ചേർന്നുള്ള കബറിൽ സംസ്കരിക്കും. അരമന ചാപ്പലിൽ നടക്കുന്ന വിടവാങ്ങൽ ശുശ്രൂഷയിലും  പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടാകില്ല. 

പാർക്കിങ്  മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ 

ദേവലോകത്ത് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പന്തലിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നവർക്ക് ദേവലോകം ക്യാംപസിൽ അധിക സമയം തങ്ങുന്നതിന് അനുവാദം നൽകില്ല. അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവരുടെ  വാഹനങ്ങൾക്കു ദേവലോകം മാർ ബസേലിയോസ്      സ്കൂളിലാണു പാർക്കിങ്.  ഇവിടെ നിന്ന് ദേവലോകം ക്യാംപസിലേക്ക് എത്താൻ ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തുന്ന വിവിഐപി  വാഹനങ്ങൾക്ക് അരമനയുടെ കോമ്പൗണ്ടിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com