നേരേകടവ് – മാക്കേക്കടവ് ജങ്കാർ നിർത്തി; യാത്രക്കാർ വലയുന്നു

Mail This Article
വൈക്കം ∙ നേരേകടവ് – മാക്കേക്കടവ് ജങ്കാർ മുന്നറിയിപ്പില്ലാതെ നിർത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. വേമ്പനാട്ടുകായലിനു കുറുകെ ഉദയനാപുരം – തൈക്കാട്ടുശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടത്ത് 11നാണ് നിർത്തിയത്. ഇതുവരെ സർവീസ് പുനഃസ്ഥാപിച്ചിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെയുള്ള നിരവധി ജനങ്ങൾ ഈ ജങ്കാറിനെയാണ് ആശ്രയിക്കുന്നത്. മുന്നറിയിപ്പ് ഇല്ലാതെ തുടർച്ചയായി ജങ്കാർ സർവീസ് നിർത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. വൈക്കം എറണാകുളം റോഡിൽ ഉദയനാപുരം ജംക്‌ഷനിൽ നിന്നും ഏകദേശം 3കിലോമീറ്ററിനു മുകളിൽ സഞ്ചരിച്ചു വേണം കടത്തുകടവിൽ എത്താൻ.അവിടെ എത്തുമ്പോഴാണ് കടത്ത് ഇല്ലാത്തത് പലരും അറിയുന്നത്.
പിന്നീട് കിലോമീറ്ററുകൾ സഞ്ചരിച്ച് വൈക്കത്ത് എത്തി വേണം മറുകരയിൽ എത്താൻ. തിരക്ക് മൂലം അവിടെയും ജങ്കാർ കിട്ടിയില്ലെങ്കിൽ കിലോമീറ്ററുകളോളം ചുറ്റി തണ്ണീർമുക്കം വഴി സഞ്ചരിക്കണം. പതിവായി വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്കും മറ്റും സമയത്ത് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ്.
നിയമ നടപടി സ്വീകരിക്കും ആനന്ദവല്ലി പ്രസിഡന്റ്,ഉദയനാപുരം പഞ്ചായത്ത്.
ഉദയനാപുരം പഞ്ചായത്ത്. കഴിഞ്ഞ ഒന്നു മുതൽ പുതിയ കരാറുകാരനാണ് സർവീസ് നടത്താൻ ഏറ്റെടുത്തത്. ഫിറ്റ്നസ് ഉള്ള 2 ജങ്കാറിന്റെ രേഖകൾ ഹാജരാക്കി കരാർ എടുത്തെങ്കിലും ഫിറ്റ്നസ് ഇല്ലാത്ത ജങ്കാറാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ജങ്കാറിന്റെ രേഖകൾ പരിശോധിച്ചതിൽ നിന്നും മതിയായ സുരക്ഷിതത്വം ഇല്ലെന്നു ബോധ്യപ്പെട്ടു. ഫിറ്റ്നസ് ഉള്ള ജങ്കാർ ഉപയോഗിക്കണമെന്ന് കരാറുകാരന് നിർദേശം നൽകി. ജങ്കാറിന്റെ അറ്റകുറ്റപ്പണി എന്ന പേരിൽ പകരം സംവിധാനം ഒരുക്കാതെ ജങ്കാർ സർവീസ് കരാറുകാരൻ നിർത്തിയതാണ് സർവീസ് മുടങ്ങാൻ കാരണം. ഫിറ്റ്നസ് ഉള്ള ജങ്കാറിന്റെ രേഖകൾ കാണിച്ച് കരാർ എടുത്തശേഷം ഫിറ്റ്നസ് ഇല്ലാത്ത ജങ്കാറിൽ യാത്രക്കാരെ കയറ്റി ഇറക്കുകയും പിന്നീട് അത് നിർത്തലാക്കുകയും ചെയ്ത കരാറുകാരനെതിരെ അഭിഭാഷകനുമായി ആലോചിച്ച ശേഷം നിയമ നടപടി സ്വീകരിക്കും.