കേറിത്താമസം വെള്ളത്തിലായി, കെയർ ടേക്കറും വെള്ളത്തിൽ; അറ്റകുറ്റപ്പണികൾ പാളി, വീണ്ടും ചോർന്നൊലിച്ച് ലൈഫ് മിഷൻ ഭവന സമുച്ചയം

Mail This Article
വിജയപുരം ∙ സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിജയപുരത്തെ ലൈഫ്മിഷൻ സമുച്ചയം വീണ്ടും ചോർന്നൊലിക്കുന്നു. സമുച്ചത്തിലേക്ക് കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തി ഫ്ലാറ്റ് തുറന്നതോടെയാണ് പല മുറികളിലും ചോർച്ചയുള്ള വിവരം അറിഞ്ഞത്. പലയിടത്തും ശുചിമുറിക്കുള്ളിൽ വെള്ളം എത്തുന്നില്ലെന്ന പരാതിയും ഉയർന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സമുച്ചയത്തിന്റെ പല ഭാഗങ്ങളിൽ ചോർച്ച കണ്ടെത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്ത്. ടെറസിൽ സോളർ സംവിധാനം സ്ഥാപിച്ചതിലെ തകരാറ് കാരണമാണ് കെട്ടിടം ചോരുന്നതെന്നാണ് ലൈഫ് മിഷൻ എൻജിനീയറിങ് വിഭാഗം അന്ന് പറഞ്ഞത്. അറ്റകുറ്റപ്പണികൾ കരാർ പ്രകാരം നിർമാണം ഏറ്റെടുത്ത അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി പൂർത്തിയാക്കിയതായും അറിയിച്ചിരുന്നു.

കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തി നിർമാണം വിലയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്തതോടെ പല മുറിക്കുള്ളിലും വീണ്ടും വെള്ളമെത്തി. 42 കുടുംബങ്ങൾക്കായി സൗകര്യമൊരുക്കിയ ഇവിടെ 26 കുടുംബങ്ങളാണ് ഇതുവരെ താമസത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവരിൽ പലരും താമസം ആരംഭിച്ചത്. നാലാം നിലയിലെ മുറികൾക്കുള്ളിലും വരാന്തയിലുമാണ് വെള്ളം കൂടുതലായും അരിച്ചിറങ്ങുന്നത്. ഫ്ലാറ്റുകൾക്കിടയിലൂടെയുള്ള ഇടനാഴിയിലൂടെ വൻതോതിൽ വെള്ളം ഒഴുകിയതായി താമസക്കാർ പറയുന്നു. ചോർച്ചയിൽ വെള്ളം ഇറങ്ങി ലൈറ്റുകളും കേടായി. വെള്ളം ഇറങ്ങി ജിപ്സം ബോർഡുകൾ കുതിർന്നു പൊടിയാനും തുടങ്ങിയിട്ടുണ്ട്. വെള്ളത്തെയും ഈർപ്പത്തെയും പ്രതിരോധിക്കുന്ന റോക്ക്‌വൂൾ പാനൽ സംവിധാനം സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ടന്ന് പറഞ്ഞാണ് സമുച്ചയം പൂർത്തിയാക്കിയത്.
കേറിത്താമസം വെള്ളത്തിലായി, കെയർ ടേക്കറും വെള്ളത്തിൽ
ഇന്നലെ പുതിയതായി 3 വീട്ടുകാരാണ് താമസത്തിനെത്തിയത്. ഇതിൽ നാലാം നിലയിലെ സി.എം.കുഞ്ഞുമോളുടെ ഗൃഹപ്രവേശം വെള്ളത്തിലായി. പാലുകാച്ചൽ ചടങ്ങിനുശേഷം ഭക്ഷണം കഴിക്കാൻ മുറിക്കുള്ളിൽ അതിഥികൾ എത്തിയപ്പോഴാണ് കനത്ത മഴ പെയ്തത്. ഭിത്തിയിലൂടെ ഈ സമയം മഴവെള്ളം അരിച്ചിറങ്ങി. വെള്ളത്തിൽ ചവിട്ടി മുറിയിൽ ആളുകൾ വീഴാൻ തുടങ്ങിയതോടെ മുറിക്കുള്ളിൽ തുണികളും മറ്റും വിരിച്ചിട്ടു. ശുചിമുറിക്കുള്ളിൽ വെള്ളം എത്തുന്നില്ലെന്നും കുഞ്ഞുമോൾ പറഞ്ഞു. ഫ്ലാറ്റിന്റെ കെയർടേക്കറായ നീതു രവീന്ദ്രന്റെ ഫ്ലാറ്റിലെ ശുചിമുറിയും ചോർന്നൊലിക്കുകയാണ്.
കോൺഗ്രസ് ധർണ നടത്തി
വിജയപുരം ∙ ലൈഫ് മിഷൻ സമുച്ചയത്തിലെ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു ചന്ദ്രൻ, ലിജി ജോസ് ഫിലിപ്പ്, സിസി ബോബി, ഷിജു ഏഴുപുഞ്ചയിൽ, സുധീർ കാർത്തികപ്പള്ളി, രഞ്ജി ഡേവിഡ്, അനിൽ അടയ്ക്കാകുളം എന്നിവർ പ്രസംഗിച്ചു.
English Summary: Life Mission complex in Vijayapuram is leaking again