തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു തുടങ്ങി
Mail This Article
കോട്ടയം ∙ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു തുടങ്ങി. ബസ്ബേയോടു ചേർന്നുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഷീറ്റുകൾ പൊളിക്കുന്ന പണികളാണ് ആരംഭിച്ചത്. തുടർന്നു കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും പൊളിക്കും. നഗരസഭയുടെ കരാർ അനുസരിച്ചു 3 മാസത്തിനുള്ളിലാണു കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു നീക്കേണ്ടത്. എന്നാൽ 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചു നീക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ വി. വിഘ്നേശ്വരി നിർദേശിച്ചിട്ടുണ്ട്.
കാലപ്പഴക്കത്തെ തുടർന്നു കെട്ടിടം ജീർണാവസ്ഥയിലായതായി നഗരസഭ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശ പ്രകാരമാണു കെട്ടിടങ്ങൾ പൊളിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സിലെ രാജധാനി ബാർ ഹോട്ടൽ കെട്ടിടത്തിന്റെ ജനലിനോടു ചേർന്നുണ്ടായിരുന്ന കോൺക്രീറ്റ് പാളി അടർന്നുവീണു കഴിഞ്ഞ മാസം ഒരാൾ മരിക്കാനിടയായ സാഹചര്യത്തിലാണു കെട്ടിടം വേഗം പൊളിക്കുന്നത്. 1.10 കോടി രൂപയ്ക്കാണു ഇതിനുള്ള കരാർ നൽകിയത്.
തിരുനക്കരയുടെ ചുറ്റും താൽക്കാലിക ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പോസ്റ്റ് ഓഫിസ് റോഡിൽ ബസുകൾ പാർക്ക് ചെയ്യുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതിയുണ്ട്.നഗരസഭയ്ക്കു വ്യാപാരികൾ നിവേദനം നൽകിയെങ്കിലും തീരുമാനമായില്ല. അതേസമയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മറ്റു ചില കെട്ടിടങ്ങളുടെ പാളികൾ അടർന്നുവീണു കഴിഞ്ഞ ദിവസങ്ങളിൽ അപകടം ഉണ്ടായ സംഭവം ഇന്നലെ കൗൺസിൽ യോഗത്തിൽ ചർച്ചയായി.
കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി അധ്യക്ഷത വഹിച്ച നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.കുമാരനല്ലൂർ, കോട്ടയം മാർക്കറ്റ് എന്നിവിടങ്ങളിലെ നഗരസഭാ കെട്ടിടങ്ങളുടെ സിമന്റ് പാളികളാണ് അടർന്നത്. ഖരമാലിന്യ സംസ്കരണത്തിനു വീഴ്ച വരുത്തിയതിനു ദേശീയ ഹരിത ട്രൈബ്യൂണൽ നഗരസഭയ്ക്ക് ഒന്നര കോടി രൂപ പിഴ ചുമത്തിയെന്ന പ്രചാരണം ശരിയല്ലെന്നു നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.