പള്ളിക്കൂടവും ഉച്ചക്കഞ്ഞിയും വിശുദ്ധ ചാവറ പിതാവിന്റെ ആശയം: ഗവർണർ
Mail This Article
മാന്നാനം ∙ ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന വിശുദ്ധ ചാവറ പിതാവിന്റെ ആശയമാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന പേര് വരാൻ കാരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം വിശപ്പടക്കാൻ ഉച്ചക്കഞ്ഞിയെന്ന വിശുദ്ധ ചാവറ പിതാവിന്റെ ആശയമാണ് ഇന്ന് രാജ്യമൊട്ടാകെ നടപ്പിലാക്കി വിജയം നേടിയ ഉച്ചക്കഞ്ഞി പദ്ധതി. സാധാരണക്കാർ, പാവപ്പെട്ടവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനുമായി ചാവറ പിതാവും കെഇ കോളജും നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാൻ കഴിയാത്തവയാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പ്രധാനപ്പെട്ടതാണെന്നും ഗവർണർ പറഞ്ഞുു.
കെഇ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ അനുബന്ധിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡയമണ്ട് കെഇ പദ്ധതിക്കും ഗവർണർ തുടക്കം കുറിച്ചു. സിഎംഐ സഭ പ്രിയോർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, പ്രൊവിൻഷ്യൽ ഫാ.ഡോ. തോമസ് ഇളംതോട്ടം, കോളജ് മാനേജർ ഫാ. ഡോ. കുര്യൻ ചാലങ്ങാടി, കോർപറേറ്റ് മാനേജർ ഫാ. ഡോ. ജയിംസ് മുല്ലശേരി, കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ നിന്ന് ധാരാളം ചെറുപ്പക്കാരും വിദ്യാർഥികളും വിദേശ രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഈ കാര്യത്തിൽ ഗവർണറുടെ സത്വര ശ്രദ്ധ ചാൻസലർ എന്ന നിലയിൽ പതിയണമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.
മലയാളത്തിൽ പ്രസംഗിച്ച് ഗവർണർ
‘എന്റെ സഹോദരീ സഹോദരന്മാരേ, വിദ്യാർഥി വിദ്യാർഥിനികളേ... എല്ലാവർക്കും നമസ്കാരം.’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ അഭിവാദ്യം ചെയ്തത് സദസ്സ് വലിയ കരഘോഷത്തോടെയാണു സ്വീകരിച്ചത്. പത്ത് മിനിറ്റോളം അദ്ദേഹം മലയാളത്തിൽ പ്രസംഗിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ വരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും തന്നെ ഈ പരിപാടിക്കു ക്ഷണിച്ചതിനുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനീയനാണ് വിശുദ്ധ ചാവറ പിതാവെന്നും സ്പഷ്ടമായ മലയാളത്തിൽ പറഞ്ഞ അദ്ദേഹം ഉദ്ഘാടനത്തിനു ശേഷം വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തിലെത്തി പുഷ്‍പാർച്ചന നടത്തി പ്രാർഥിച്ച ശേഷമാണ് മടങ്ങിയത്.