9 മാസങ്ങൾക്ക് ശേഷം തിരുനക്കര പഴയ ബസ് സ്റ്റാൻഡിനുള്ളിൽക്കൂടി ബസുകൾ ഓടിത്തുടങ്ങി

Mail This Article
കോട്ടയം ∙ തിരുനക്കര പഴയ ബസ് സ്റ്റാൻഡിനുള്ളിൽക്കൂടി 9 മാസങ്ങൾക്ക് ശേഷം ഇന്നലെ മുതൽ ബസുകൾ ഓടിത്തുടങ്ങി. ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ പൂർണമായും നടപ്പായില്ലെങ്കിലും ബസ് ഓടിത്തുടങ്ങിയത് ആശ്വാസമായി. സ്റ്റാൻഡിൽ താൽക്കാലികമായി 2 വരികളായിട്ടാണ് ബസുകൾ കടന്നുപോകുന്നത്. ബസ് ബേ നിർമാണം ആയില്ലെങ്കിലും ഒരു ഭാഗം ഏറ്റുമാനൂർ, മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ആളുകളെ കയറ്റാനും രണ്ടാമത്തെ ഭാഗം ദീർഘദൂര ബസുകൾക്ക് ആളുകളെ ഇറക്കാനുമായി ക്രമീകരിച്ചിട്ടുണ്ട്. ബസ് ബേ നിർമിക്കണമെന്ന് ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചിരുന്നു.
പോസ്റ്റ് ഓഫിസിന് മുൻപിലും പിറകിലും ഇനി മുതൽ ബസുകൾ നിർത്താൻ അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. എല്ലാ സ്വകാര്യ ബസുകളും സ്റ്റാൻഡിനുള്ളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി.അതേസമയം, പൊടി ഉയരുന്നതും കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബസ് ബേയും കാത്തിരിപ്പ് കേന്ദ്രവും പൂർണതോതിൽ ഉടൻ നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇന്നലെ 2 മുതൽ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നു നഗരസഭ, ട്രാഫിക് പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ) സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാർ കർശന നിർദേശം നൽകിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച മുതൽ ബസുകൾ സ്റ്റാൻഡിനുള്ളിൽ കൂടി സർവീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നഗരസഭ ഒരുക്കങ്ങൾക്കായി സാവകാശം തേടുകയായിരുന്നു.
തിരുനക്കര സ്റ്റാൻഡ് പൊളിച്ച് മാറ്റിയതിന് ശേഷവും ബസുകൾ സ്റ്റാൻഡിൽ കയറാതിരുന്നപ്പോൾ ഡിഎൽഎസ്എ സെക്രട്ടറിയുടെ നിർദേശപ്രകാരം പാരാ ലീഗൽ വൊളന്റിയർമാർ ഫയൽ ചെയ്ത പരാതിയിലൂടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.