സൈക്കിൾ കാരവനിൽ രാജ്യം ചുറ്റി യുവാക്കൾ
Mail This Article
ഈരാറ്റുപേട്ട ∙ മിഷൻ വൺ റുപ്പീസ് എന്ന സന്ദേശവുമായി സൈക്കിൾ കാരവനിൽ ഇന്ത്യ ചുറ്റി സഞ്ചരിക്കുന്ന യുവാക്കൾ യാത്ര തുടങ്ങി 3 വർഷത്തിനു ശേഷം ഈരാറ്റുപേട്ടയിലെത്തി. നിർധനരും നിരാലംബരുമായ 5 ഭിന്ന ശേഷിക്കാർക്കു സ്ഥലവും വീടും നൽകുക എന്നതാണു യാത്രയുടെ ലക്ഷ്യം. ഒരു രൂപ മുതലുള്ള സംഭാവനകളാണു സ്വീകരിക്കുന്നത്.
2021 ഡിസംബർ 10നു വയനാട്ടിൽ നിന്നാണു സുഹൃത്തുക്കളായ റെനീഷ്, നിജിൽ എന്നിവർ യാത്ര തുടങ്ങിയത്. 2 സൈക്കിൾ ചേർത്തുവച്ചു നിർമിച്ച കാരവനിൽ കിടക്കാനും ഭക്ഷണം പാകം ചെയ്യാനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്. യാത്ര തുടങ്ങി മൂന്നര വർഷം പിന്നിട്ടപ്പോൾ 10 ജില്ലകളിൽ പര്യടനം നടത്തി. ഒരു ജില്ലയിലെ പര്യടനത്തിനു മൂന്നര മാസം എടുക്കും.
ഇത്രയും നാൾ കൊണ്ടു സ്വരൂപിച്ച പണം കൊണ്ടു വയനാട് അമ്പലവളവിൽ 22 സെന്റ് സ്ഥലം വാങ്ങി വീട് നിർമാണത്തിനുള്ള തറപ്പണി പൂർത്തിയായി. ലിജിൽ ഹൈസ്കൂൾ അധ്യാപകനും റെനീഷ് മൊബൈൽ ഷോപ്പ് ജീവനക്കാരനുമാണ്.