അദാലത്തുകളിൽ സാങ്കേതിക പ്രശ്നങ്ങളെ മറികടന്ന് പരിഹാരം: മന്ത്രി വാസവൻ
Mail This Article
ചങ്ങനാശേരി ∙ സാങ്കേതിക പ്രശ്നം മൂലം നടക്കാതെ പോയ പല കാര്യങ്ങൾക്കും പരിഹാരം കാണാനായി എന്നതാണ് അദാലത്തുകൾ കൊണ്ടുണ്ടായ നേട്ടമെന്ന് മന്ത്രി വി.എൻ. വാസവൻ. ചങ്ങനാശേരി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ് എൻ.ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, നഗരസഭാംഗം പ്രിയ രാജേഷ്, എഡിഎം ബീന പി ആനന്ദ്, സബ് കലക്ടർ ഡി. രഞ്ജിത്ത്, ഡപ്യൂട്ടി കലക്ടർമാരായ ജിനു പുന്നൂസ്, സോളി ആന്റണി എന്നിവർ പ്രസംഗിച്ചു.
അദാലത്ത് നടപടികൾ
∙ ചങ്ങനാശേരി നഗരസഭയുടെ സ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് അനുമതി നൽകാൻ അദാലത്തിൽ തീരുമാനം. നിലവിൽ മനയ്ക്കച്ചറിയിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. നഗരസഭയുടെ സ്ഥലത്ത് ടെസ്റ്റ് നടത്താനുള്ള അനുമതി തേടി ഡ്രൈവിങ് സ്കൂൾ ഉടമകളാണ് സമീപിച്ചത്. മന്ത്രി വിഎൻ.വാസവൻ അനുമതി നൽകാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.
∙ ജപ്തി ചെയ്യപ്പെട്ട വസ്തുവിന്റെ കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടു റവന്യു റിക്കവറി നോട്ടിസ് ലഭിച്ച വാഴപ്പള്ളി സ്വദേശിയായ മുതിർന്ന പൗരന് ആശ്വാസം. റവന്യു റിക്കവറി നടപടി റദ്ദു ചെയ്തു കൊണ്ട് ഉത്തരവിട്ട മന്ത്രി റോഷി അഗസ്റ്റിൻ, ജപ്തി നടപടി സ്വീകരിച്ച ബാങ്കിൽനിന്ന് കെട്ടിടനികുതി കുടിശിക ഈടാക്കാനും നിർദേശിച്ചു.
∙ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായ ശ്രീക്കുട്ടിക്ക് ലാപ്ടോപ് അനുവദിക്കാൻ വി.എൻ.വാസവൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. ചങ്ങനാശേരി വാലുമേൽച്ചിറ സ്വദേശിനിയായ ശ്രീക്കുട്ടി സത്യൻ പഠനാവശ്യത്തിനായാണ് ലാപ്ടോപ് അനുവദിക്കാൻ അപേക്ഷ നൽകിയത്. നഗരസഭയുടെ വാർഡ് സഭ വഴി ലാപ്ടോപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
∙ നെടുമണ്ണി പാലത്തിനു സമീപം വെള്ളക്കെട്ടിനും കൃഷിനാശത്തിനും ഇടയാക്കുന്ന തടയണയിലെ എക്കലും ചെളിയും മാലിന്യങ്ങളും നീക്കാൻ 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്നു റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
∙ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് പരുക്കേറ്റ് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിക്ക് 7 ദിവസത്തിനകം ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം. വിദേശത്ത് ജോലി ചെയ്യവേ കെട്ടിടത്തിൽനിന്ന് വീണു ഗുരുതരമായി പരുക്കേറ്റ ഇയാൾക്ക് ഓർമ നഷ്ടപ്പെടുകയും പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെ അവസ്ഥയിലുമായി. രണ്ടു പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ക്ഷേമപെൻഷൻ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
∙165 അപേക്ഷകളാണ് ഓൺലൈനായി അദാലത്തിലേക്ക് ലഭിച്ചത്. മറ്റു അപേക്ഷകളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. അദാലത്ത് ദിവസം 111 അപേക്ഷകൾ കൂടി ലഭിച്ചു. മൊത്തം 276 അപേക്ഷകളാണ് ലഭിച്ചത്.