മുനമ്പത്തുകടവിൽ പാലം വരുന്നു

Mail This Article
ഫറോക്ക് ∙ പുല്ലിപ്പുഴയ്ക്കു കുറുകെയുള്ള പെരുമുഖം മുനമ്പത്തുകടവിൽ റോഡ് പാലം യാഥാർഥ്യമാകുന്നു. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യം ഒടുവിൽ അധികൃതർ പരിഗണിച്ചു. പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ ആദ്യഗഡു അനുവദിച്ചതോടെ ചേലേമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണു പരിശോധന തുടങ്ങി.ഇരു കരകളിലും പുഴയ്ക്കു നടുവിലുമായി 5 ഇടങ്ങളിൽ ഭൂമിയുടെ അടിത്തട്ടിന്റെ ഘടന പരിശോധിക്കുന്നുണ്ട്.

ആദ്യം മണ്ണു പരിശോധന തുടങ്ങിയ ആരണംകുഴി ഭാഗത്തു 10.5 മീറ്ററിൽ പാറ കണ്ടെത്താനായി. മണ്ണു പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് മരാമത്ത് ബ്രിജസ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കും. നിർമാണത്തിന് ആവശ്യമായ ബാക്കി തുക അനുവദിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്.തൃശൂർ എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിലാണു പാലത്തിന്റെ ഡിസൈൻ തയാറാക്കുന്നത്.
ഒരേസമയം ഇരു ഭാഗത്തേക്കും വാഹനങ്ങൾക്കു പോകത്തക്ക രീതിയിൽ നടപ്പാതയോടു കൂടിയുള്ള പാലത്തിനാണു രൂപരേഖ. 5.1 മീറ്റർ വീതിയും 50 മീറ്റർ നീളവുമുണ്ടാകും. ഇതിൽ 3.6 മീറ്ററായിരിക്കും ഗതാഗത പാത. 75 സെന്റീമീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഉണ്ടാകും. ഫറോക്ക് നഗരസഭ 18ാം വാർഡിലെ പെരുമുഖം ആരണംകുഴിയിൽ നിന്നു ചേലേമ്പ്ര പഞ്ചായത്ത് ഒന്ന്, 16 വാർഡുകൾ അതിരിടുന്ന മുനമ്പത്ത് കടവിൽ എത്തുന്നതാണ് പാലം. വർഷങ്ങൾക്കു മുൻപ് നാട്ടുകാർ മരം കൊണ്ടു നിർമിച്ച നടപ്പാലമായിരുന്നു മുനമ്പത്ത് കടവിൽ.
2010ൽ ഇതു തകർന്നു വീണു. പിന്നീട് ചേലേമ്പ്ര പഞ്ചായത്ത് നേതൃത്വത്തിൽ ഇരുമ്പ് പാലമായി പുതുക്കിപ്പണിതു. എന്നാൽ കാൽനട യാത്രാ സൗകര്യം മാത്രമാണുള്ളത്. കാലപ്പഴക്കത്താൽ പാലം അപകടാവസ്ഥയിലായപ്പോഴാണ് റോഡു പാലമാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതു പരിഗണിച്ചാണു എംഎൽഎ ഫണ്ട് അനുവദിച്ചത്. വാഹന ഗതാഗത സൗകര്യമുള്ള പാലം നിർമിക്കുന്നതോടെ ചേലേമ്പ്രയിലെ പാറയിൽ, മലയിൽകുഴി, കുഴിമ്പിൽ, പെരുന്തൊടിപ്പാടം, കിഴക്കേ പുല്ലിപ്പറമ്പ് എന്നിവിടങ്ങളിലുള്ളവർക്ക് പെരുമുഖം, രാമനാട്ടുകര എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും.