കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര കയർ, ഉരു നിർമാണം; കോഴിക്കോട്ട് പഠിക്കാൻ ബ്ലോഗർമാർക്ക് ഏറെ

Mail This Article
കടലുണ്ടി ∙ നാടിന്റെ മനോഹാരിത ലോകത്തെ അറിയിക്കാൻ രാജ്യാന്തര ബ്ലോഗർമാരുമായുള്ള ‘കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര’ കോഴിക്കോട് പിന്നിട്ടു. കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമാണം കണ്ടു പഠിച്ചും കോഴിക്കോടിന്റെ രുചിവൈവിധ്യം നുകർന്നുമാണു വിദേശ ബ്ലോഗർമാർ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി 19 രാജ്യങ്ങളിൽ നിന്നുള്ള 25 അംഗ ബ്ലോഗർമാരുടെ സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.
ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ മാതൃക പദ്ധതിയായ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിൽ കടലുണ്ടി കയർ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും സംഘം സന്ദർശിച്ചു. കയർ സൊസൈറ്റിയിൽ പരമ്പരാഗത രീതിയിൽ കൈകൊണ്ടു കയർ പിരിച്ചും നെയ്ത്തു കേന്ദ്രത്തിൽ ഖാദി വസ്ത്രങ്ങൾ അണിഞ്ഞും തൊഴിലാളികൾക്കൊപ്പം ചേർന്നു. ബേപ്പൂരിലെ ഉരു നിർമാണ ശാലയിലെ സന്ദർശനം സംഘാംഗങ്ങൾക്ക് വേറിട്ട അനുഭവമായി. പിന്നീട് മലബാർ സ്റ്റൈൽ കുക്കറി ഷോയും ആസ്വദിച്ച് വയനാട്ടിലേക്ക് യാത്ര തിരിച്ചു.
അർജന്റീന, ഓസ്ട്രേലിയ, ബൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റുമാനിയ, യുഎസ്, യുകെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ളത്.13നു തിരുവനന്തപുരത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. യാത്ര 26നു കാസർകോട് സമാപിക്കും.