തവിട്ടങ്ങാരത്ത് താഴ – കുരിക്കിലാട് പോസ്റ്റ് ഓഫിസ് റോഡിൽ നീർപ്പാലം ചോരുന്നു; കനാൽ അപകടത്തിൽ

Mail This Article
വടകര ∙തവിട്ടങ്ങാരത്ത് താഴ–കുരിക്കിലാട് പോസ്റ്റ് ഓഫിസ് റോഡിനു കുറുകെയുള്ള നീർപ്പാലം ചോരുന്നു.റോഡിലൂടെ പോകുന്നവർക്കും പരിസരവാസികൾക്കും ദുരിതം. കാലപ്പഴക്കം കാരണം കനാലിന്റെ പല ഭാഗവും തകർന്നിട്ടുണ്ട്. കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായ നീർപ്പാലം ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്.വെള്ളം തുറന്നു വിടുമ്പോൾ റോഡിലൂടെ ആർക്കും പോകാൻ കഴിയില്ല.കനാലിന്റെ തൂണുകളും തകർന്നിട്ടുണ്ട്. പലതും നിലം പതിക്കാറായ അവസ്ഥയിലാണ്. കുറ്റ്യാടി ചെറുകിട ജലസേചന പദ്ധതിയുടെ അഴിയൂർ ബ്രാഞ്ച് കനാലിൽ നിന്നുള്ള ഭാഗമാണിത്. 4 ദിവസം മുൻപാണ് കനാലിൽ വെള്ളം എത്തിയത്. ശക്തമായ ഒഴുക്കാണിപ്പോൾ.കഴിഞ്ഞ വർഷവും ഇതു പോലെ കനാൽ ചോർന്ന് വെള്ളം പാഴായിരുന്നു. എന്നിട്ടും ഈ വർഷം റിപ്പയർ ചെയ്തില്ല. കനാൽ തകർച്ചയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കരുണൻ നിവേദനം നൽകി.കെ.കെ.രമ എംഎൽഎ സ്ഥലം സന്ദർശിച്ചു. ഉടൻ നന്നാക്കിയില്ലെങ്കിൽ കനാൽ തകർന്നു വീഴാൻ സാധ്യതയുണ്ടെന്നും വെള്ളം പാഴാകുന്നതിനെതിരെ നടപടിയെടുക്കണമെന്നും കലക്ടർ, കുറ്റ്യാടി ചെറുകിട ജലസേചന പദ്ധതി എൻജിനീയർമാർക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.