ആധാർ തട്ടിപ്പ്: സമയവ്യത്യാസം ചൂണ്ടിക്കാട്ടി അക്ഷയകേന്ദ്രം
Mail This Article
തിരൂർ ∙ അക്ഷയകേന്ദ്രത്തിൽ നുഴഞ്ഞുകയറി വ്യാജമായി ആധാർ നിർമിച്ചെടുത്ത സംഭവത്തിൽ പൊലീസിന്റെയും സൈബർ ക്രൈം വിഭാഗത്തിന്റെയും അന്വേഷണം തുടരുന്നു. ഹിന്ദിയിൽ മുതിർന്ന ഉദ്യോഗസ്ഥനെന്ന രീതിയിലുള്ള സംസാരം കേട്ടതോടെയാണ് ജീവനക്കാരൻ എനിഡെസ്ക് എന്ന സോഫ്റ്റ്‍വെയറു മായി സിസ്റ്റം ബന്ധിപ്പിച്ചതെന്ന് അക്ഷയകേന്ദ്രം നടത്തിപ്പുകാരനായ ഹാരിസ് പറഞ്ഞു.
കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാർക്കാണ് അബദ്ധം സംഭവിച്ചിട്ടുള്ളത്. എന്നാൽ ആധാർ എൻറോൾ ചെയ്ത സമയവും തങ്ങളുടെ സിസ്റ്റത്തിൽ എനിഡെസ്ക് സോഫ്റ്റ്‍വെയർ പ്രവർത്തിച്ച സമയവും തമ്മിൽ വ്യത്യാസമുണ്ടെന്നും നടത്തിപ്പുകാർ പറയുന്നു. തുടർന്ന് ജനുവരി 31ന് അക്ഷയ പ്രൊജക്ട് ഓഫിസിൽനിന്ന് പിഴവുപറ്റിയതായി അറിയിച്ചുള്ള മെയിൽ വന്നപ്പോഴാണ് വിവരം അറിയുന്നതെന്നും ഇവർ പറഞ്ഞു.
ഒരു ദിവസം 100 – 150 എൻറോൾമെന്റുകൾ നടക്കുന്ന അക്ഷയകേന്ദ്രമാണിത്. കഴിഞ്ഞ ജനുവരിയിൽ 10,000 എൻറോൾമെന്റുകൾ ഇവിടെ പൂർത്തിയായിരുന്നു. ഇതുകാട്ടിയാണ് യുഐഡി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആൾ ഇവരെ വിളിക്കുന്നത്. ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ യന്ത്രത്തിലൂടെ ബംഗാളിലെ അതിർത്തിയോടു ചേർന്ന സ്ഥലത്തുനിന്നാണ് വിരലടയാളങ്ങളും റെറ്റിനയും പകർത്തിയതെന്ന് അന്വേഷണത്തിൽ മനസ്സിലായതിനാൽ സംഭവത്തെ പൊലീസും ഗൗരവത്തോടെയാണ് കാണുന്നത്. മറ്റൊരിടത്തിരുന്ന് സിസ്റ്റത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‍വെയറുകളിലൊന്നാണ് എനിഡെസ്ക്. സിസ്റ്റത്തിലെ സോഫ്റ്റ്‍വെയറുകളിലെ തകരാറുകളും മറ്റും ശരിയാക്കുന്നതിനും മറ്റുമാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം തട്ടിപ്പുകളും ഇതുവഴി നടക്കുന്നുണ്ട്.