ഇടയ്ക്കയിൽ അരങ്ങേറ്റം കുറിച്ച് 24 വീട്ടമ്മമാർ

Mail This Article
എടപ്പാൾ∙ കണ്ടനകത്തിന്റെ സമൃദ്ധമായ കലാവഴികളിൽ സാന്നിധ്യമറിയിച്ചു വീട്ടമ്മമാർ. 24 വീട്ടമ്മമാരാണ് ഇടയ്ക്കയിൽ ശ്രുതി ചേർത്തു കൊട്ടിപ്പാടിയത്. കഴിഞ്ഞ ദിവസം ഇവർ കണ്ടനകം കോട്ടയിൽ ക്ഷേത്രാങ്കണത്തിൽ അരങ്ങേറ്റവും കുറിച്ചു. കണ്ടനകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലും ഇവർ ഇടയ്ക്ക വാദനം നടത്തി. എടപ്പാൾ സോപാനം പഞ്ചവാദ്യം സ്കൂളിൽ സന്തോഷ് ആലംകോട്, കലാമണ്ഡലം അമൃത, ജയൻ വെള്ളാളൂർ എന്നിവരുടെ ശിക്ഷണത്തിൽ ആണ് ഇവർ പഠനം നടത്തിയത്. പരമ്പരാഗത മേളവാദ്യം ആണെങ്കിലും താളവാദ്യമായും ശ്രുതിക്കുമെല്ലാം ഉപയോഗിക്കുന്ന ഇടയ്ക്ക കൊട്ടിപ്പാടുന്നവർക്കിടയിൽ ഇനി ഈ യുവതികളും ഇടംപിടിക്കും. യുവതികൾക്കൊപ്പം 3 പുരുഷന്മാരും അരങ്ങേറ്റം കുറിച്ചു.
ഇടയ്ക്ക ഒരു പ്രതീകം കൂടിയാണ്. 4 ജീവകോലിലായി തൂങ്ങിക്കിടക്കുന്ന 64 മുടിക്കോലുകൾ 64 കലകളെയാണു സൂചിപ്പിക്കുന്നത്. തോളിൽ തൂങ്ങിക്കിടക്കുന്ന ഇടയ്ക്കയുടെ കുറ്റിയിൽ, പിടിക്കുന്ന കൈകൊണ്ടു കീഴ്പ്പോട്ട് അമർത്തി ശബ്ദനിയന്ത്രണം സാധ്യമാക്കുകയാണ്. കണ്ടനകം സ്വദേശിനിയായ നിർമലയാണ് ഈ ഗ്രൂപ്പിലെ മുതിർന്ന അംഗം. വത്സല, വസുന്ധര, ബീന, കാഞ്ചന, ജയന്തി, ജയശ്രീ, അമൃത, ശിവന്യ, ഹിമ കൃഷ്ണൻ, ദേവ്ന പ്രസാദ്, കാർത്യായനി, ലത മുരളി, മിനി മോൾ, അജിത, ദേവീ കൃഷ്ണ തുടങ്ങി 24 പേരാണ് ഇടയ്ക്കയിൽ തങ്ങളുടെ മികവു പ്രകടിപ്പിച്ചത്. ശാരീരിക അവശതകൾ നേരിടുന്ന ദീപയും തന്റെ പരിമിതികൾ മറന്ന് ഇടയ്ക്ക വാദനം പഠിച്ചെടുത്തു. 10 മാസം മുൻപാണ് ഈ വനിതാ സംഘം പരിശീലനം ആരംഭിച്ചത്.