സിറിഞ്ചിലൂടെയുള്ള എച്ച്ഐവി: ആദ്യത്തെ സംഭവമല്ല...

Mail This Article
മലപ്പുറം ∙ പ്രതികളിൽ എച്ച്ഐവി കണ്ടെത്തിയ സംഭവങ്ങൾ ജില്ലയിൽ നേരത്തെയും. പൊന്നാനിയിൽ പിടിയിലായ ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് സംശയം തോന്നി നടത്തിയ എച്ച്ഐവി പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇയാളുടെ 2 കൂട്ടാളികളെ പരിശോധിച്ചപ്പോൾ അതിലൊരാൾക്കും സ്ഥിരീകരിച്ചതായും വിവരം.
ലഹരി ഉപയോഗത്തിലൂടെയാകാം എച്ച്ഐവി പകർന്നതെന്നാണു നിഗമനം. അതേസമയം ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് തയാറായില്ല. മറ്റൊരു തീരദേശ സ്റ്റേഷനിൽ പോക്കറ്റടി കേസ് പ്രതി കൂടിയായ ഒരാളെ കാണാനില്ലെന്ന് പരാതി ലഭിച്ചു. ദിവസങ്ങൾക്കു ശേഷം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ പ്രത്യേക കേന്ദ്രത്തിൽ വച്ച് സിറിഞ്ചിൽ നിറച്ച ലഹരി കൈമാറാറുണ്ടായിരുന്നെന്ന് പിന്നീട് വിവരം ലഭിച്ചു. ഇയാൾക്ക് എയ്ഡ്സ് ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയിൽ ഒരു വർഷത്തിനിടെ 65 കേസുകൾ
ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ സ്ഥിരീകരിച്ചത് 65 എച്ച്ഐവി കേസുകൾ. ഇത്തവണ ഈ മാസം 1 എച്ച്ഐവി ബാധയാണു കണ്ടെത്തിയത്. അത് വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അംഗത്തിന്റേതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52 ആയിരുന്നു.
പരിശോധനയ്ക്ക് 7 കേന്ദ്രങ്ങൾ
ജില്ലയിൽ എച്ച്ഐവി പരിശോധനയ്ക്കായി 7 ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്ററുകളുണ്ട്. വളാഞ്ചേരി ലഹരി സംഘത്തിലെ അംഗങ്ങളുടെ രക്തസാംപിളുകൾ പരിശോധിച്ചതും ഇവിടെയാണ്. ജില്ലയിലെ എല്ലാ ജയിലുകളിലും മാസത്തിൽ 2 തവണ എങ്കിലും അന്തേവാസികൾക്ക് എച്ച്ഐവി പരിശോധനയുണ്ട്. പുതുതായി എത്തുന്നവരെയാണ് ഇത്തരത്തിൽ പരിശോധിക്കുക. ഒരു തവണ പരിശോധിച്ചയാളെ പിന്നെ 6 മാസം കഴിഞ്ഞേ പരിശോധിക്കൂ.
എല്ലാവരും വളാഞ്ചേരിക്കാരല്ല
വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിൽ നിന്ന് 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചെങ്കിലും ഇവരെല്ലാവരും വളാഞ്ചേരിക്കാരല്ലെന്ന് ആരോഗ്യ വകുപ്പ്. എച്ച്ഐവി രോഗികളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് തടസ്സമുള്ളതിനാൽ എവിടത്തുകാരാണെന്ന് വ്യക്തമാക്കാനാകില്ല. എന്നാൽ വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി വിപണനവും ഉപയോഗവുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലേക്കാൾ സാധ്യത സിറിഞ്ച് പങ്കിടലിലൂടെ
എയ്ഡ്സ് പകരാൻ ലൈംഗിക ബന്ധത്തിലൂടെയുള്ളതിനേക്കാൾ സാധ്യത സിറിഞ്ച് പങ്കിടുന്നതിലൂടെയുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. സി.ഷുബിൻ പറഞ്ഞു. അതുകൊണ്ടുതന്നെ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്ക് 2 രീതിയിലുള്ള ദുരന്തത്തിനാണു സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി അടിമത്തം മാറ്റിയെടുക്കാനാകുമെങ്കിലും എയ്ഡ്സ് പോലുള്ളവ പകർന്നാൽ പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.