ശതോത്തര ജൂബിലി നിറവിൽ പശ്ചിമ റെയിൽവേ
Mail This Article
മുംബൈ ∙ പശ്ചിമ റെയിൽവേയുടെ 125–ാം വാർഷികം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോ, പുസ്തക പ്രകാശനങ്ങൾ, സാംസ്കാരിക പരിപാടികൾ, എക്സിബിഷനുകൾ എന്നിവയോടെയാണ് ആഘോഷം. റെയിൽവേ ജീവനക്കാർക്കായി പ്രത്യേക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ചിത്രരചനാ മത്സരം, നാടകങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ നടത്തും.
നഗരത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ചർച്ച് ഗേറ്റ് സ്റ്റേഷനോട് ചേർന്നാണ് പശ്ചിമ റെയിൽവേയുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത്. 1894ൽ നിർമാണം ആരംഭിച്ച് 1899 ജനുവരിയിലാണ് കെട്ടിടം പ്രവർത്തനസജ്ജമായത്. ബ്രിട്ടിഷ് ആർക്കിടെക്ട് ആയിരുന്ന ഫെഡറിക് വില്ല്യം സ്റ്റിവൻസ് ആണ് കെട്ടിടം നിർമിച്ചത്. റെയിൽവേയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള പശ്ചിമ റെയിൽവേ ആസ്ഥാനമന്ദിരം ആദ്യം അറിയപ്പെട്ടിരുന്നത് ബോംബെ–ബറോഡ ആൻഡ് സെൻട്രൽ ഇന്ത്യ (ബിബി&സിഐ) ആസ്ഥാന മന്ദിരമായാണ്. ശിൽപചാരുതയും സൗന്ദര്യവും മുഖമുദ്രയായ ആസ്ഥാനമന്ദിരം പൈതൃകകെട്ടിടങ്ങളുടെ പട്ടികയിലുമുണ്ട്. മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടി 4 വർഷങ്ങൾക്ക് ശേഷമാണ് പശ്ചിമ റെയിൽവേ രൂപീകരിക്കുന്നത്. 1951 നവംബർ 5ന് ബോംബെ, ബറോഡ, സെൻട്രൽ ഇന്ത്യ, സൗരാഷ്ട്ര റെയിൽവേ, ജയ്പുർ റെയിൽവേ, രജ്പുത് റെയിൽവേ എന്നിവ യോജിപ്പിച്ചാണ് പശ്ചിമ റെയിൽവേ സ്ഥാപിക്കുന്നത്. നിലവിൽ പശ്ചിമ റെയിൽവേക്ക് മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവനഗർ എന്നിങ്ങനെ വിവിധ ഡിവിഷനുകളുമുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കുള്ള പാതകൾ ഉൾപ്പെടുന്നതാണ് പശ്ചിമ റെയിൽവേ. ചർച്ച് ഗേറ്റ് മുതൽ ഡഹാണു വരെയുള്ള ലോക്കൽ ട്രെയിനുകളുടെ സർവീസ് നടത്തുന്നതും പശ്ചിമ റെയിൽവേയാണ്.7ന് ആരംഭിക്കുന്ന എക്സിബിഷൻ ചരിത്രത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. 9ന് സമാപിക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനസമയം.
പ്രധാനപരിപാടികൾ
∙ ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
∙ പശ്ചിമ റെയിൽവേയുടെ ചരിത്രം ഉൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം.
∙ നാടകം ഉൾപ്പെടെ വിവിധ കലാസാംസ്കാരിക പരിപാടികൾ.
∙ ഹെറിറ്റേജ് വോക്ക് (ആസ്ഥാന മന്ദിരത്തിലൂടെ കാഴ്ചകൾ കണ്ട് നടക്കാനുള്ള അവസരം).
∙ പുസ്തകപ്രകാശനം.