കൊങ്കണിൽ താമര വിരിഞ്ഞു

Mail This Article
മുംബൈ ∙ നാരായൺ റാണെയിലൂടെ കൊങ്കൺ മേഖലയിൽ ബിജെപിക്ക് ആദ്യജയം. മുൻ മുഖ്യമന്ത്രി കൂടിയായ റാണെക്ക് ലോക്സഭയിലേക്കുള്ള ആദ്യമത്സരത്തിൽ 47,858 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. ശിവസേനാ ഉദ്ധവ് വിഭാഗത്തിലെ വിനായക് റാവുത്തിനെയാണ് പരാജയപ്പെടുത്തിയത്. ശിവസേനയുടെ ശക്തികേന്ദ്രമായ രത്നാഗിരി–സിന്ധുദുർഗ് വലിയ തർക്കങ്ങൾക്കൊടുവിലാണ് ബിജെപി ഏറ്റെടുത്തത്. ശിവസേനയിലൂടെ രാഷ്ട്രീയത്തിൽ എത്തുകയും പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്ത റാണെ പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. ഇത് ബിജെപിയിൽ ലയിപ്പിച്ച് രാജ്യസഭാംഗത്വം നേടിയാണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്. കൊങ്കണിലെ മറ്റൊരു മണ്ഡലമായ റായ്ഗഡിൽ എൻസിപി അജിത് പവാർ വിഭാഗത്തിനായി മത്സരിച്ച സുനിൽ തത്കരെ 82,784 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ, കൊങ്കൺ മേഖലയിൽ താക്കറെ കുടുംബത്തിന് കുത്തക നഷ്ടപ്പെട്ട അവസ്ഥയായി.