ടാങ്കർ ലോറികളുടെ സമരം; വെള്ളമില്ലാതെ മുംബൈ നഗരം

Mail This Article
മുംബൈ∙ നഗരത്തിന്റെ വിവിധയിടങ്ങളിൽ ടാങ്കർ ലോറിയിൽ ശുദ്ധജലവിതരണം നടത്തുന്നവരുടെ കൂട്ടായ്മയായ വാട്ടർ ടാങ്കർ അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചത് നഗരവാസികൾക്ക് തിരിച്ചടിയായി. ശുദ്ധജലവിതരണം കാര്യക്ഷമമല്ലാത്ത മേഖലകളിൽ ചിലർ ടാങ്കർ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. നിർമാണ മേഖലയിലടക്കം പലരും ടാങ്കർ ലോറികളെ ആശ്രയിക്കുന്നു.ടാങ്കർ ലോറികൾ വെള്ളം എടുക്കുന്ന കിണറുകളുടെ വലുപ്പം, പരിസരം എന്നിവയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ 2020ലെ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് സമരത്തിലേക്ക് നയിച്ചത്.
പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് അധികൃതർ മുന്നോട്ടുവച്ചിരിക്കുന്നതെന്നു പ്രതിഷേധക്കാർ പറഞ്ഞു. കൊതുകുകളുടെ പ്രജനനകേന്ദ്രമാണ് കിണറുകളെന്നും വാണിജ്യ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കാൻ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കിണർ ഉടമകൾക്കു ബിഎംസി നോട്ടിസ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയ അസോസിയേഷൻ ഇന്നലെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. 500 മുതൽ 20000 ലീറ്റർ ശേഷിയുള്ള 1800 ടാങ്കറുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.
ദക്ഷിണ മുംബൈ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനും ടാങ്കറുകൾ ഉപയോഗിക്കുന്നുണ്ട്. മെട്രോ പദ്ധതികൾ അടക്കം നഗരത്തിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ, റോഡ് കോൺക്രീറ്റിങ്, ട്രെയിൻ കോച്ചുകളുടെ ശുചീകരണം, പുൽത്തകിടികൾ, പൂന്തോട്ടങ്ങൾ എന്നിവ നനയ്ക്കാനും ടാങ്കറുകളെ ആശ്രയിക്കുന്നു. ജലലഭ്യതയനുസരിച്ച് എത്രതവണ വേണമെങ്കിലും ഒരു ടാങ്കറിന് ജലവിതരണം നടത്താമെന്നതാണ് നിലവിലെ വ്യവസ്ഥ. പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും മന്ത്രി ആശിഷ് ഷേലാറിനും കത്തയച്ചിട്ടുണ്ട്. പ്രശ്നപരിഹാരം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരക്കാർ വ്യക്തമാക്കി