പൊലിമയേറും പൊൻകണി കൺനിറയെ കാണാൻ; വിഷു ഉഷാറാക്കാൻ തയാറായി മറുനാടൻ മലയാളിസമൂഹം

Mail This Article
മുംബൈ ∙വിഷുത്തിരക്കിലാണ് നഗരം. മലയാളിക്കടകളിലെല്ലാം തിരക്കോടുതിരക്കാണ്. കണിയൊരുക്കാനുള്ള സാധനങ്ങൾ, വിഷു സദ്യയ്ക്കുള്ള സാധനങ്ങൾ എന്നിവ വാങ്ങാനാണ് മിക്കവരും കടകളിലേക്കെത്തുന്നത്. മികച്ച വിഷുക്കണി ഒരുക്കുന്നവർക്ക് ചില മലയാളി അസോസിയേഷനുകൾ സമ്മാനങ്ങളും നൽകുന്നുണ്ട്.കേരളത്തിൽനിന്ന് അകലെയാണെങ്കിലും പൊലിമയൊട്ടും കുറയാതെ വിഷു ആഘോഷിക്കാൻ മുംബൈ മലയാളികൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. നാളെ വിവിധ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും ഒരുക്കിയിട്ടുണ്ട്.തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിച്ചതോടെ ഇത്തവണ വിഷു ആഘോഷം കെങ്കേമാക്കാൻ തീരുമാനിച്ചിട്ടുണ്ട് ഏവരും. പലരും വിഷുസദ്യയ്ക്കായി സഹപ്രവർത്തകരെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. മലയാളി ഹോട്ടലുകളും വിഷുസദ്യ ഒരുക്കുന്നുണ്ട്.
കലീനയിലെ കലവറ ഹോട്ടൽ, ഫോർട്ടിലെ ഡീലക്സ് ഹോട്ടൽ, നെരുളിലെ അച്ചായൻസ് കിച്ചൻ, ഖാർഘറിലെ ഗ്രേസ് ഹോട്ടൽ തുടങ്ങിയവയിൽ വിഷുസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നും നാളെയുമായാണ് ഹോട്ടലുകൾ വിഷുസദ്യ നൽകുന്നത്.മലയാളികൾക്കൊപ്പം മഹാരാഷ്ട്രക്കാരും വിഷുസദ്യയ്ക്കായി ഓർഡർ നൽകിയിട്ടുണ്ട്. 23 വിഭവങ്ങളുള്ള വിഷു സദ്യയ്ക്ക് 500 രൂപയാണ് നെരുളിലെ ഗ്രേസ് ഹോട്ടൽ ഈടാക്കുന്നത്. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 300 രൂപ മുതലാണു വിവിധയിടങ്ങളിൽ സദ്യയ്ക്ക് ഈടാക്കുന്നത്. പാഴ്സലാണെങ്കിൽ നിരക്ക് കൂടും. വാശിയിലെ ദ് കേരള ടേബിൾ, കേരള ഹൗസ്, ദക്ഷിണ മുംബൈയിലെ ഫൗണ്ടൻ പ്ലാസ എന്നിവിടങ്ങളില്ലെല്ലാം വിഷുദിനത്തിലും കേരളാ സദ്യ പതിവുപോലെ ലഭിക്കും.
ഓൺലൈനിലുണ്ട് എന്തും ഏതും
മുൻപൊക്കെ വിഷു ആഘോഷത്തിനു സാധനങ്ങൾ വാങ്ങാൻ പ്രധാനപ്പെട്ട മാർക്കറ്റിലേക്കായിരുന്നു യാത്രയെങ്കിൽ ഇപ്പോൾ പലരും ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്.ചില മലയാളി അസോസിയേഷനുകൾ നേരത്തേ ഓർഡർ ചെയ്യുന്നവർക്കു വിഷുക്കിറ്റുകള്‍ എത്തിച്ചുനൽകുന്നുണ്ട്. നാട്ടിലുള്ള ബന്ധുക്കൾക്കും തിരിച്ചും ഗൂഗിൾപേ വഴി വിഷുക്കൈനീട്ടം നൽകുന്നവരും ഏറെയാണ്.
വിഷുക്കണി ദർശനം നെരുൾ ഗുരുദേവഗിരി
നവിമുംബൈ ∙വിഷുവിനോട് അനുബന്ധിച്ച് നാളെ നെരുൾ ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളുമുണ്ടാകും. പുലർച്ചെ 5.30 മുതലാണു വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും. 6.30നു ഗുരുപൂജ, 7നു ശിവപൂജ, ദീപാരാധന. തുടർന്ന് ഗണപതി ഹോമം. വിശേഷാൽ ശിവപൂജയും ഗുരുദേവ ക്ഷേത്രത്തിൽ നെയ്‌വിളക്ക് അർച്ചനയുമുണ്ടായിരിക്കും. ഫോൺ: 7304085880, 9324222313.
ശബരിഗിരി ക്ഷേത്രം
വസായ് ∙ശബരിഗിരി ക്ഷേത്രത്തിൽ നാളെ രാവിലെ 4.30നു വിഷുക്കണി ദർശനം. 5.30നു ഗണപതിഹോമവും വിഷുക്കൈനീട്ടവും. 8നു ഭാഗവത പാരായണം. വൈകിട്ട് 6നു ചെണ്ടമേളം. തുടർന്ന് ദീപാരാധന. 7.15നു സ്മരണിക പ്രകാശനം. വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണത്തിനു ശേഷം കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.
വൃന്ദാവൻ കൈരളി കൾചറൽ അസോ.
താനെ ∙താനെ വൃന്ദാവൻ കൈരളി കൾചറൽ അസോസിയേഷൻ വിഷുവിനു കണിയൊരുക്കുന്നു. നാളെ ബിൽഡിങ് നമ്പർ 30ബിയിലെ അസോസിയേഷൻ ഓഫിസിൽ രാവിലെ 7.30 മുതൽ 9.30 വരെയായിരിക്കും വിഷുക്കണി ദർശനം. അസോസിയേഷൻ പ്രസിഡന്റ് എം.ആർ.സുധാകരനും സെക്രട്ടറി പി.കെ.രമേശനും ചേർന്ന് അംഗങ്ങൾക്കു കൈനീട്ടം നൽകും. ഫോൺ: 9769022331.