‘വില്ലൻ’ ലോറിയുടെ ഇരുവശങ്ങളിലും നീല ലൈറ്റുകൾ; സിപിഒ കെ.ജയരാജന്റെ ജാഗ്രത, ലോറി കണ്ടെത്തി

Mail This Article
ഒറ്റപ്പാലം ∙ ‘വില്ലൻ’ ലോറിയുടെ ഇരുവശങ്ങളിലെയും നീല ലൈറ്റുകൾ മാത്രമായിരുന്നു പൊലീസിന്റെ കച്ചിത്തുരുമ്പ്. വാണിയംകുളത്തു ബൈക്ക് യാത്രക്കാരന്റെ ദാരുണ മരണത്തിന് ഇടയാക്കിയ വാഹനത്തെക്കുറിച്ചു സംസ്ഥാന വ്യാപക അന്വേഷണം നടക്കുന്നതിനിടെ നിമിത്തം പോലെ ലോറി, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിപിഒ കെ.ജയരാജനു മുന്നിൽ. പൊലീസുകാരന്റെ കണ്ണിമ വെട്ടാത്ത ജാഗ്രതയിൽ തുമ്പായത് റജിസ്ട്രേഷൻ നമ്പർ പോലും തിരിച്ചറിയാതെ അന്വേഷണം വഴിമുട്ടിയ വാഹനാപകടക്കേസിൽ.
കഴിഞ്ഞ ദിവസം ബൈക്കിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ പത്തിരിപ്പാല പതിനാലാം മൈലിൽ വച്ചു ജയരാജിന്റെ കണ്ണിലുടക്കിയ ലോറിയിൽ ആദ്യം ശ്രദ്ധിച്ചതു നീല ലൈറ്റുകൾ. സിസിടിവികളിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങളുമായി താരതമ്യം ചെയ്തതോടെ ദിവസങ്ങളായി തേടി നടക്കുന്ന ലോറി ഇതാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ ഉടമ പഴയലക്കിടി സ്വദേശിയാണെന്നു കണ്ടെത്തി.
നേരിൽക്കണ്ടു സംസാരിച്ചപ്പോൾ അപകടം നടന്ന മാർച്ച് 22നു രാത്രി വാണിയംകുളം -കോതകുറുശി റോഡിലൂടെ ലോഡുമായി പോയിട്ടുണ്ടെന്നു സമ്മതിച്ചു. അപകടം നടന്ന സ്ഥലത്തു വച്ച് ലോറിയുടെ പിൻഭാഗത്തു നിന്നു ശബ്ദം കേട്ടിരുന്നതായി ഡ്രൈവർ കൂടിയായ ഉടമ ഓർത്തെടുത്തു. ബൈക്ക് ഇടിച്ചതാണെന്നു തിരിച്ചറിഞ്ഞിരുന്നില്ലെന്നും പന്നിയോ മറ്റോ ചടിയതാകാമെന്നു കരുതിയാണു നിർത്താതെ പോയതെന്നുമാണ് ഇയാളുടെ മൊഴിയെന്നു പൊലീസ് അറിയിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്ക് യാത്രക്കാരൻ പത്തംകുളം കരിയാട്ടിൽ രഞ്ജിത് (32) മരിച്ച കേസിലാണ് വഴിത്തിരിവ്. അപകടം നടന്ന സമയം പരിഗണിച്ചു നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇടിച്ച വാഹനം ലോറിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും റജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ വാഹനം കണ്ടെത്താനായില്ല. 22ന് അർധരാത്രി വാണിയംകുളം - കോതകുറുശ്ശി റോഡിൽ കോതയൂർ കോളംകുന്ന് കയറ്റത്തിലായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായിരുന്നു രഞ്ജിത്ത്.