പ്രശാന്ത് ‘തല പുകച്ചു’ പുകയില്ലാ പുളിക്കായി: ഏഴോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു വരുമാനം നേടുന്നു...
Mail This Article
പത്തനംതിട്ട ∙ ‘പുളിക്കീഴ്’ എന്ന സ്ഥലനാമത്തിന്റെ ചരിത്രമന്വേഷിക്കുമ്പോൾ പഴങ്കഥകളിൽ രസകരമായ ഒട്ടേറെ ഏടുകളുണ്ട്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് ആളുകൾ പുഴകടന്നു വരുമ്പോൾ സാധനങ്ങൾ ഇറക്കിവച്ചിരുന്നത് പുളിമരത്തിന്റെ കീഴിലായിരുന്നു. പിന്നീട് ഇവിടം പുളിക്കീഴായി. ആർക്കും വേണ്ടാതെ കിടന്ന പുളിക്കീഴിലെ പുളിക്ക് ഇന്ന് രാജ്യാന്തര തലത്തിൽ വിപണിയൊരുക്കുകയാണ് തിരുവല്ല ആമല്ലൂർ ചിത്രാഭവനിൽ പ്രശാന്ത് ജഗൻ.
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന് നാട്ടിലെത്തിയ പ്രശാന്ത് പുതിയ ഉപജീവനമാർഗം ആലോചിച്ചപ്പോഴാണ് തോട്ടുപുളിയെന്നു വിളിക്കപ്പെടുന്ന കുടമ്പുളിയുടെ സാധ്യതകളിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് ഏഴോളം വിദേശ രാജ്യങ്ങളിലേക്കാണ് ഇവിടെനിന്ന് ഉണക്കിയ ‘പുകരഹിത കുടമ്പുളി’ കയറ്റി അയയ്ക്കുന്നത്.
മാറ്റിമറിച്ച തീരുമാനം
12 വർഷത്തെ പ്രവാസി ജീവിതത്തിന് അവസാനം കുറിച്ചാണ് 2020ൽ പ്രശാന്ത് നാട്ടിലെത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടെത്തിയ അനേകം യുവാക്കളിൽ ഒരാളായിരുന്നു അദ്ദേഹവും. നാട്ടിലെത്തിയ ശേഷമാണ് പുതിയ ഉപജീവനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ പുകയില്ലാതെ പുളി സംസ്കരിച്ചെടുക്കുന്നതിന്റെ പരിശീലന പരിപാടിയുടെ പത്രപ്പരസ്യം കാണാൻ ഇടയായി.
തുടർന്ന് പരിശീലനത്തിൽ പങ്കെടുത്ത് സംരംഭത്തിന്റെ സാധ്യതകൾ അടുത്തറിഞ്ഞു. ഇരവിപേരൂർ പഞ്ചായത്തിൽ വള്ളംകുളം എന്ന സ്ഥലത്ത് പുളിയുടെ സംസ്കരണ യൂണിറ്റ് ആരംഭിച്ചു. പുളിക്കീഴിനു പുറമേ മാന്നാർ, പരുമല, നിരണം, എടത്വ, ചക്കുളത്തുകാവ്, തോട്ടടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പുളി ശേഖരിക്കുന്നുണ്ട്. കർഷകർക്ക് നേരിട്ട് വില നൽകിയാണ് ഇവ ശേഖരിക്കുന്നത്. ഇതിലൂടെ വരുമാന സാധ്യത അധികമില്ലാത്ത പുളിയിൽ നിന്ന് കർഷകർക്ക് വരുമാനസാധ്യത ഒരുക്കുകയാണ് പ്രശാന്തിന്റെ നൂതന സംരംഭം.
പുളി സംസ്കരണം
കർഷകരിൽ നിന്നു നേരിട്ട് ശേഖരിക്കുന്ന പുളി വെള്ളത്തിൽ കഴുകി വൃത്തിയാക്കും. കോട്ടൺ തുണി ഉപയോഗിച്ച് ഇതിലെ കറ കളയും. പിന്നീട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത് വൈദ്യുത ഡ്രയറുപയോഗിച്ച് വീണ്ടും സംസ്കരിച്ചെടുക്കും. ഉണങ്ങിയ പുളിയിൽ കല്ലുപ്പ് ചേർത്ത് മൂന്നു മുതൽ നാലു മാസം വരെ മൺഭരണികളിലിട്ടു വയ്ക്കും. പിന്നീട് കുടത്തിലാക്കി മാർക്കറ്റിൽ എത്തിക്കുന്നു. പാള കൊണ്ടുണ്ടാക്കിയ– സമ്പൂർണ ജൈവ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് പാക്കിങ് നടത്തുന്നത്. വീടിന്റെ ടെറസ്സിലാണ് പുളി സാധാരണയായി ഉണക്കുന്നത്. ഇതിന് 2 ദിവസത്തെ വെയിൽ വേണം. കുടമ്പുളി സംസ്കരണത്തിനായി നാലോളം ജോലിക്കാരും പ്രശാന്തിനൊപ്പമുണ്ട്.
കുടമ്പുളിയുടെ പ്രത്യേകതകൾ
ജൂൺ, ജൂലൈ മാസങ്ങളാണ് കുടമ്പുളിയുടെ സീസൺ. ഈ സമയത്ത് മഴ കൂടുതലും വെയിൽ കുറവുമാണ്. സാധാരണ ആളുകൾ ഇവ പുകയ്ക്കുകയാണ് ചെയ്യുന്നത്. പുകച്ചെടുക്കുന്ന പുളിയിൽ പോളിസൈക്ലിക് ഹൈഡ്രോകാർബൺ കൂടുതലാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഗാർസീനിയ കംബോജിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കുടമ്പുളി കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉത്തമമാണ്.
ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോസിട്രിക് ആസിഡ് ഔഷധഗുണമുള്ളതാണ്. ഗുണമേന്മയുള്ള കുടമ്പുളിക്ക് ഉണങ്ങിയ ശേഷം ചുവപ്പുകലർന്ന കറുപ്പുനിറമാണ്. ഞരമ്പുകൾ തെളിഞ്ഞുകാണാം. ഇവ വെള്ളത്തിലിട്ടാൽ നിറവ്യത്യാസം ഉണ്ടാകുന്നില്ല. കൃത്രിമമായി തയാറാക്കുന്ന പുളി വെള്ളത്തിലിട്ടാൽ നിറവ്യത്യാസവും കറുപ്പു നിറം ഇളകിവരുന്നതും കാണാം. സാധാരണ കുടമ്പുളി 4 അല്ലി ഇടുന്നിടത്ത് പുകരഹിത കുടമ്പുളി 2 എണ്ണം മാത്രം ഇട്ടാൽ പാകമാണ്.
∙ വിപണിയിൽ തരംഗമാകാൻ
കഴിഞ്ഞ സീസണിൽ 800 കിലോ പുളിയാണ് വിപണിയിലെത്തിച്ചത്. ഇതിൽ 300 കിലോയോളം വിദേശത്തേക്ക് കയറ്റിയയയ്ക്കുകയും ചെയ്തു. ഇടുക്കിയിലെ കട്ടപ്പന, വയനാട്, തൃശൂരിലെ അന്തിക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പുളിയുടെ ഉൽപാദനം കൂടുതലുള്ളത്. ഇവിടെനിന്നാണ് കേരളത്തിനകത്തും പുറത്തും വിപണനം നടക്കുന്നത്. കേരളത്തിൽ പുകരഹിത കുടമ്പുളിക്ക് പ്രചാരം കൂടിവരികയാണ്. മറ്റു സംസ്ഥാനങ്ങളിലും ആവശ്യക്കാരുണ്ട്. വിവിധ മലയാളി സമാജങ്ങൾ വഴിയാണ് ആവശ്യക്കാർ എത്തുന്നത്. ഒപ്പംതന്നെ വിദേശത്തേക്ക് പോകുന്ന ആളുകളും കിലോക്കണക്കിന് പുളി വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. മാർക്കറ്റുകളിലും സുലഭമാണ്.
കുടമ്പുളി വിപണനത്തിനായി ജഗൻസ് ഫുഡ് കമ്പനിക്കും തുടക്കമിട്ടിട്ടുണ്ട്. ഭാര്യ ചിത്ര പ്രശാന്ത്, മക്കളായ പവിത്ര പ്രശാന്ത്, ദർശൻ പ്രശാന്ത്, ഭാര്യാ പിതാവ് സോമനാഥൻ കല്ലൂപ്പാറ എന്നിവരാണ് കുടമ്പുളി സംരംഭത്തിൽ പ്രശാന്തിന്റെ സഹായികൾ. ‘പുകരഹിത കുടമ്പുളിയെ രാജ്യത്തിനപ്പുറത്തും പ്രചാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. കുടമ്പുളിയിൽ നിന്ന് ഉൽപാദിപ്പിക്കാവുന്ന മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചുള്ള സാധ്യതകൾ വർധിപ്പിക്കാൻ സംരംഭങ്ങൾ തുടങ്ങണമെന്നതാണ് ആഗ്രഹം. ഇതിന് പഞ്ചായത്തിന്റെയും മറ്റും സഹകരണം ആവശ്യമാണ്. നാട്ടിലെ ചെറുകിട കർഷകർക്കും തൊഴിൽരഹിതർക്കും ഇത് വലിയ ആശ്വാസമാകും’. പ്രശാന്ത് പറയുന്നു.