ADVERTISEMENT

‘‘നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല’’ – ഒറ്റ ഡയലോഗ് കൊണ്ട് ആരാധകലക്ഷങ്ങളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ ആനക്കാട്ടിൽ ഈപ്പച്ചനോളം ധൈര്യശാലിയും തന്റേടിയുമായ മറ്റൊരു കഥാപാത്രം മലയാള സിനിമാ ചരിത്രത്തിൽ വേറെ ഉണ്ടാകുമോ? 1997ൽ പുറത്തിറങ്ങിയ ‘ലേലം’ എന്ന ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഇന്നത്തെ പുതുതലമുറയ്ക്കുപോലും സുപരിചിത കഥാപാത്രമായത് എം.ജി. സോമൻ എന്ന അതുല്യപ്രതിഭയുടെ അഭിനയ മികവ് ഒന്നുകൊണ്ടുമാത്രമാണ്.

ലോകത്തിന്റെ ഏതുകോണിലായാലും എത്രയും വേഗം തിരുവല്ലയിൽ മടങ്ങിയെത്താൻ ആഗ്രഹിച്ചിരുന്ന ആ അതുല്യ പ്രതിഭ തിരുവല്ലയുടെ മണ്ണിൽ അലിഞ്ഞ് ചേർന്നിട്ട് 25 വർഷങ്ങൾ പൂർത്തിയാകുകയാണ്. അരങ്ങൊഴിയുന്നതിനു മുൻപുള്ള ആളിക്കത്തൽ പോലെ, അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം ‘ആനക്കാട്ടിൽ ഈപ്പച്ചൻ’ തിയറ്ററുകൾ അടക്കിവാഴാൻ തുടങ്ങിയ ദിവസങ്ങൾക്കിടയിൽ തന്നെയായിരുന്നു സോമന്റെ വിയോഗം. 

മഹാനടന്റെ സ്മരണ നിലനിർത്താൻ വിപുലമായ പരിപാടികളാണ് എം.ജി.സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്നുവരുന്നത്. ഏത് തിരക്കിനിടയിലും സമയം കണ്ടെത്തി തിരുവല്ലയിലെ വലിയ സുഹൃദ്‌വലയത്തിലേക്ക് ഓടിയെത്തിയിരുന്ന സോമന്റെ വിയോഗം ഇന്നും ഇവിടെയുള്ള പലർക്കും വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. സോമനും സുഹൃത്തുക്കളും ചേർന്ന് തുടക്കംകുറിച്ച ‘ആസാദ് കലാകേന്ദ്രം’ സോമന്റെ വിയോഗശേഷം ആസാദ് റസിഡന്റ്സ് അസോസിയേഷൻ ആയി മാറിയതും അദ്ദേഹവും നാടും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ്. 

സിനിമയെയും നാടിനെയും സ്നേഹിക്കുന്നതിനിടയിൽ ‍കുടുംബത്തിന്റെ കാര്യങ്ങളിൽ നിന്ന് സോമൻ ഒരിക്കലും വിട്ടുനിന്നിട്ടില്ലെന്ന് മകൻ സാജി സോമൻ ഓർക്കുന്നു. സിനിമാ ചിത്രീകരണം ചെന്നെയിൽ കേന്ദ്രീകരിച്ചിരുന്ന കാലത്ത് എല്ലാ അവധിക്കാലത്തും കുടുംബത്തെയും കൂട്ടിയായിരുന്നു സോമൻ സെറ്റുകളിലേക്ക് പോയിരുന്നത്. പിന്നീട് സിനിമാ നിർമാണം എറണാകുളത്തേക്ക് മാറിയതോടെ എത്ര തിരക്കിനിടയിലും ഷൂട്ടിങ്ങിന് ഇടയിൽ ലഭിക്കുന്ന ചെറിയ ഇടവേളകളിൽ സോമൻ വീട്ടിലേക്ക് ഓടിയെത്തുമായിരുന്നു. 

കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടകക്കളരിയിൽ നിന്ന് തുടങ്ങിവച്ച അഭിനയജീവിതം കെപിഎസി ഉൾപ്പെടെ പല നാടക സംഘങ്ങളും കടന്നാണ് 1973ൽ പുറത്തിറങ്ങിയ ഗായത്രിയിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. അവിടെത്തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഹിറ്റ് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി വളർന്നു. മലയാളത്തിലും തമിഴിലും ആയി വളർന്ന മഹാനടൻ ഇടക്കാലത്ത് നിർമാതാവിന്റെ കുപ്പായവും അണിഞ്ഞിരുന്നു. 

രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യം ഇല്ലാതിരുന്നെങ്കിലും ഉറ്റ സുഹൃത്തായിരുന്ന മാമ്മൻ മത്തായി തിരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടായിരുന്നപ്പോഴെല്ലാം വീടുകളിൽ കയറിയിറങ്ങി വോട്ട് തേടാൻ ഉൾപ്പെടെ സോമൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. പൊതുവേ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചിരുന്ന സോമൻ മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനോട് ചേർന്നുള്ള 14 ദിവസങ്ങളിലും പൂർണമായും കാവി വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. 

സോമന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഭദ്ര കറിപൗഡർ യൂണിറ്റ് ഇപ്പോഴും പ്രവർത്തന നിരതമാണ്. സോമന്റെ ഭാര്യ സുജാതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കറിപൗഡർ യൂണിറ്റിൽ നിന്നുള്ള ഉൽപന്നങ്ങൾ തെക്കൻ കേരളത്തിൽ എവിടെയും ലഭ്യമാണ്. തനത് രുചികളെ സ്നേഹിച്ചിരുന്ന സോമൻ നിർദേശിച്ച പ്രത്യേകം കൂട്ടുകൾ തന്നെയാണ് ഇപ്പോഴും ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com