അനധികൃത സ്വത്ത് സമ്പാദന വിവാദംസമൂഹമാധ്യമത്തിൽ പരോക്ഷ മറുപടി നൽകി എ.പി. ജയൻ

Mail This Article
പത്തനംതിട്ട ∙ വിവാദങ്ങളോടുളള പരോക്ഷ മറുപടിയെന്ന തരത്തിൽ, പശുക്കൾക്കു പുല്ലുനൽകുന്ന ചിത്രവുമായി സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ. ‘മണ്ണിന്റെ മാറിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞതും മൂന്നക്ഷരം– വിശപ്പ്’ എന്ന ശീർഷകത്തോടെയാണു ജയൻ സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പശു ഫാമിനായി അനധികൃത സമ്പാദനം നടത്തിയെന്നാരോപിച്ചു ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തനിക്കെതിരെ ഉന്നയിച്ച പരാതിയെക്കുറിച്ചു പരസ്യപ്രതികരണത്തിന് എ.പി. ജയൻ ഇതുവരെ തയാറായിട്ടില്ല.ജയന്റെ സമൂഹമാധ്യമ പോസ്റ്റിനു പിന്തുണയുമായി പ്രവർത്തകരടക്കമുള്ള ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
ശ്രീനാദേവിയെ പേരെടുത്തു പറയാതെയാണു ചിലരുടെ വിമർശനം. ആരോപണത്തിൽ പാർട്ടിതല അന്വേഷണം ആരംഭിക്കാനിരിക്കെയാണു സാമൂഹികമാധ്യമങ്ങളിൽ പോര് മുറുകിയത്. സിപിഐ സമ്മേളന കാലയളവിൽ ജില്ലയിലെ നേതാക്കൾക്കിടയിലുണ്ടായ ഭിന്നത ഇപ്പോൾ താഴെതട്ടിലേക്കും പടരുന്നു.പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗം കെ.കെ. അഷ്റഫാണു ജില്ലാ സെക്രട്ടറിക്കെതിരെയുളള പരാതി അന്വേഷിക്കുന്നത്. അന്വേഷണത്തിൽ പരാതിക്കാരിക്കു പുറമെ ജില്ലാ സെക്രട്ടറിക്കു പറയാനുളളതു കൂടി ഏകാംഗ കമ്മിഷൻ കേൾക്കും. ആവശ്യമെങ്കിൽ ഇതിനായി ഇരുവരെയും തലസ്ഥാനത്തേക്കു വിളിപ്പിക്കും. പരാതിയിൽ കഴമ്പുണ്ടോയെന്നതാണ് ആദ്യം പരിശോധിക്കുന്നത്. ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്നു തെളിഞ്ഞാൽ മാത്രമാണു തുടർനടപടി. അടുത്ത ആഴ്ച സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നേക്കും.
നേതൃയോഗങ്ങൾ തിങ്കളാഴ്ച
വിവാദത്തിനിടെ സിപിഐ ജില്ലാനേതൃയോഗങ്ങൾ തിങ്കളാഴ്ച ചേരും. രാവിലെ 10ന് ജില്ലാ എക്സിക്യൂട്ടിവ് യോഗം നടത്തും. ഉച്ചയ്ക്ക് 2നാണ് കൗൺസിൽ. ജില്ലാ സെക്രട്ടറിക്ക് എതിരെയുളള പരാതി അന്വേഷിക്കാനുളള തീരുമാനമുണ്ടായ ശേഷം ചേരുന്നുവെന്നത് യോഗത്തിന് പ്രാധാന്യമേകുന്നു.