ജിതേഷ്ജിയുടെ വേഗവര: ഇൻസ്റ്റഗ്രാമിൽ രണ്ടുകോടി കാഴ്ചക്കാർ

Mail This Article
പത്തനംതിട്ട ∙ ഇൻസ്റ്റഗ്രാമിൽ രണ്ടുകോടി കാഴ്ചക്കാരെ പിന്നിട്ട് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വരയരങ്ങിലെ വേഗവര. ചാരുമൂട് സ്വദേശി ഫൈസൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലാണു വൈറലായത്. ജിതേഷ്ജിയുടെ പരിപാടി അവിചാരിതമായി കണ്ട ഫൈസൽ, ഒരേ സമയം ഇരുകൈകളും ഉപയോഗിച്ചു ജിതേഷ്ജി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ രേഖാചിത്രം വരയ്ക്കുന്നതാണു മൊബൈലിൽ പകർത്തിയത്.
പാട്ടും ഡാൻസും പോലെ ഗ്ലാമറില്ലാത്ത വരയെ ആ നിലയിൽ എത്തിക്കാൻ ജിതേഷ്ജി സ്വന്തമായി രൂപം നൽകിയ കലാരൂപമാണ് വരയരങ്ങ്. നിമിഷനേരംകൊണ്ട് ഇരുകൈകളുംകൊണ്ടു വേഗത്തിൽ ചിത്രം വരയ്ക്കുമ്പോൾ തലച്ചോറിന്റെ ശക്തി കൂടുമെന്ന സന്ദേശവും കലാപ്രകടനത്തിലൂടെ നൽകുന്നു. 1990 മുതൽ ഈ രംഗത്തുള്ള ജിതേഷ്ജി 24 രാജ്യങ്ങളിലായി പതിനായിരത്തോളം വേദികൾ പിന്നിട്ടു. പന്തളം തെക്കേക്കര സ്വദേശിയാണ്.