ഗവി സഞ്ചാരികൾക്കായി ഒരുങ്ങുന്നു കഫറ്റേരിയയും ശുചിമുറികളും; ചെലവ് 20 ലക്ഷം
Mail This Article
സീതത്തോട്∙ ഗവി സഞ്ചാരികൾക്കായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കക്കി അണക്കെട്ടിനു സമീപം കഫറ്റേരിയയും ശുചിമുറിയും ഒരുക്കുന്നു. ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. വരുന്ന മാസത്തോടെ സഞ്ചാരികൾക്കായി ഇവ തുറന്നു നൽകാനാകുമെന്ന പ്രതീക്ഷയിലാണു വനം വകുപ്പ്. സംസ്ഥാന വനം വികസന ഏജൻസിയും റാന്നി വനം വികസന ഏജൻസിയും ചേർന്നാണു ഗൂഡ്രിക്കൽ റേഞ്ചിന്റെ പരിധിയിൽപ്പെട്ട കക്കി മേഖലയിൽ പുതിയ സംരംഭത്തിന്റെ പ്രവർത്തനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നത്. 20 ലക്ഷം രൂപയോളമാണ് നിർമാണ ചെലവ്. വനമേഖലയിൽ റോന്ത് ചുറ്റാൻ എത്തുന്ന വനപാലകർക്കു മുൻപ് താമസിക്കുന്നതിനായി നിർമിച്ച കെട്ടിടമാണു പുതുക്കി പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്.
ദിവസേന നൂറുകണക്കിനു സഞ്ചാരികളാണു ഗവി കാണാൻ എത്തുന്നത്. പാസ് എടുക്കുന്ന ചെക്ക് പോസ്റ്റ് കഴിഞ്ഞിൽ പോകുന്ന വഴിയിൽ മറ്റ് സൗകര്യങ്ങൾ ഒന്നും തന്നെയില്ല. കെഎഫ്ഡിസിയുടെ നേതൃത്വത്തിൽ പമ്പയ്ക്കു സമീപം നടക്കുന്ന ടൂറിസം പദ്ധതിയോടനുബന്ധിച്ച ബോട്ട് സവാരി കേന്ദ്രത്തിലെ ശുചിമുറികളാണ് പ്രധാനമായും ഈ സഞ്ചാരികൾ ഉപയോഗിക്കുന്നത്. ഭക്ഷണവുമായി ചെന്നാൽ ഇവിടെയിരുന്നു കഴിക്കാമെങ്കിലും ഫീസ് അടയ്ക്കണം. കക്കി ഫോറസ്റ്റ് സ്റ്റേഷനോടു ചേർന്ന് ഒരുക്കുന്ന പുതിയ സംവിധാനങ്ങൾ ഏറെ ആശ്വാസമാകും. ഈ മേഖലയിൽ ലഘു ഭക്ഷണശാലയും ശുചിമുറിയും സഞ്ചാരികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. പുതിയ പദ്ധതിയിലൂടെ പത്തിലധികം തൊഴിലവസരങ്ങളും ഉണ്ടാവും.