നാളെ ശബരിമല നട തുറക്കും; ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ ബാക്കി
Mail This Article
ശബരിമല ∙ നാളെ വൈകിട്ട് മണ്ഡല പൂജയ്ക്കായി ശബരിമലയിൽ നട തുറക്കുമ്പോഴും ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിൽ മതിയായ സൗകര്യങ്ങളില്ല.
∙ പത്തനംതിട്ട നഗരത്തിലെ ഇടത്താവളം കണ്ടാൽ ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാണ്. ഇടത്താവളത്തിൽ ഒരുമാസം നീണ്ട പ്രദർശനം കഴിഞ്ഞു സ്റ്റാളുകൾ പൊളിച്ചു മാറ്റിയെങ്കിലും ഇനിയും ഉപകരണങ്ങൾ മാറ്റാനുണ്ട്. ഏറ്റവും വലിയ ഇടത്താവളമാണ് ഇത്. ശബരിമലയിൽ തിരക്കു കൂടിയാൽ തീർഥാടകരെ ഇത്തവണ തടയുന്നത് പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലാണ്. അതിനാൽ പത്തനംതിട്ടയുടെ പ്രാധാന്യം കൂടുതലാണ്. അന്നദാന കൗണ്ടർ, ശുചിമുറികൾ എന്നിവ മുൻവർഷത്തെ പോലെ ഉണ്ടാകുമെന്നാണു നഗരസഭ പറയുന്നത്.
ചെറിയ സംഘങ്ങളായി എത്തുന്ന തീർഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക വിറകു പുരയും ഉണ്ടാകും. അയ്യപ്പ സേവാ സമാജമാണ് അന്നദാനം ഒരുക്കുന്നത്.ഇൻഫർമേഷൻ സെന്റർ, സൗജന്യ വൈഫൈ, പാർക്കിങ് , ഭക്ഷണശാല, ആയുർവേദ പരിചരണ സൗകര്യം എന്നിവയും ക്രമീകരിക്കുന്നുണ്ട്. തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോർമിറ്ററികൾ ഉണ്ട്. പൊലീസ് എയ്ഡ് പോസ്റ്റും ഇവിടെ തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
∙ എംസി റോഡിനു സമീപമുള്ള ഏനാത്തെ ശബരിമല ഇടത്താവളം തീർഥാടകർക്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. മഹാദേവർ ക്ഷേത്രാങ്കണത്തോടു ചേർന്ന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ സ്ഥാപിച്ച ഇടത്താവളമാണ് പാരിപാലനമില്ലാതെ നശിക്കുന്നത്. ശുചിമുറി സംവിധാനം പ്രവർത്തനരഹിതമാണ്. ഇത് അറ്റകുറ്റ പണി നടത്തി പ്രവർത്തനക്ഷമമാക്കണം. രാത്രി കാലത്ത് ഇവിടെ എത്തിപ്പെടാൻ തെരുവു വിളക്കും സ്ഥാപിച്ചിട്ടില്ല. കുളക്കരയിലൂടെ ശുചിമുറി കേന്ദ്രത്തിലേക്കുള്ള പാത കാടു തെളിച്ച് സുരക്ഷിതമാക്കുകയും വേണം. മിനി ഹൈവേയിൽ നിന്നുള്ള പ്രവേശനകവാടം വളവിലാണ്. അപകട മേഖലയായ ഇവിടെ മുന്നറിയിപ്പ് ബോർഡുമില്ല, പാതയിൽ തെരുവു വിളക്കുമില്ല.
∙ പ്രധാന ഇടത്താവളമായ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന നിർമാണ ജോലികളൊന്നും പൂർത്തിയായില്ല. ഇത് ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്ക് ബുദ്ധിമുട്ടായി മാറും. പഴയ ശുചിമുറി കോംപ്ലക്സിന് പിന്നിലും അന്നദാനമണ്ഡപത്തിനു മുൻപിലുമായി നിർമിക്കുന്ന സെപ്റ്റിക് ടാങ്കുകളുടെ നിർമാണം പൂർത്തിയാകാൻ ഇനി ആഴ്ചകളെടുക്കും. അന്നദാനമണ്ഡപത്തിന് താഴെയുള്ള പാർക്കിങ് ഏരിയയിലേക്കുള്ള റാംപ് നിർമാണവും എങ്ങുമെത്തിയില്ല. നഗരസഭ 2 വർഷം മുൻപ് നിർമാണം തുടങ്ങിയ ശുചിമുറി കോംപ്ലക്സ് പൂർത്തിയാകാനും സമയമെടുക്കും.
∙ ശബരിമല പാതയിലെ പ്രധാന ഇടത്താവളങ്ങളായ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, വടശേരിക്കര, അറയ്ക്കമൺ, ആലപ്പാട്ടുകവല എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഒരുക്കിയിട്ടില്ല. റാന്നിയിലെത്തുന്ന തീർഥാടകർ വിരി വയ്ക്കുന്നത് ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ്. ഇതിന്റെ മേൽക്കൂര ചോരുകയാണ്. മറയില്ലാത്തതിനാൽ മഴവെള്ളം ഉള്ളിലെത്തുന്നു. വടശേരിക്കരയിലെ ശുചിമുറി സമുച്ചയങ്ങൾ പൂർണമായി വൃത്തിയാക്കിയിട്ടില്ല.
∙ ചിറ്റാർ പഞ്ചായത്ത് ഓഫിസിനു സമീപവും ആങ്ങമൂഴി ശ്രീശക്തി ധർമ ശാസ്താ ക്ഷേത്രാങ്കണത്തിലുമാണ് കിഴക്കൻ മേഖലയിലെ പ്രധാന ഇടത്താവളങ്ങൾ. നിലയ്ക്കൽ ബേസ് ക്യാംപിൽ നിന്നും ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ ആങ്ങമൂഴിയിൽ എത്താം.മകരവിളക്കിനോടു അനുബന്ധിച്ചാണ് ഈ ഇടത്താവളങ്ങൾ സജീവമാകുന്നത്. ആങ്ങമൂഴി ഇടത്താവളത്തിൽ വിരിവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ ഉണ്ട്.
∙ തിരുവല്ല നഗരസഭയും അയ്യപ്പധർമ പരിഷത്തും നഗരസഭ സ്റ്റേഡിയത്തിൽ നടത്തിവരുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണം തുടങ്ങി. സ്ഥലം ഒരുക്കുന്ന ജോലിയാണ് നടക്കുന്നത്. ഇടത്താവളം 16 മുതൽ പ്രവർത്തിച്ചു തുടങ്ങും. ടികെ റോഡിൽ മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഇടത്താവളവും 16 മുതൽ പ്രവർത്തനം തുടങ്ങും. വിരി വയ്ക്കുന്നതിനുള്ള സൗകര്യം, ഉച്ചഭക്ഷണം, ശുചിമുറി സൗകര്യം എന്നിവ ഇവിടെയുണ്ടാകും.
∙ കോന്നി അച്ചൻകോവിലാറിനു തീരത്ത് മുരിങ്ങമംഗലം മഹാദേവർ ക്ഷേത്ര പരിസരത്തെ ശബരിമല ഇടത്താവളം തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങുന്നു. ശുചിമുറികളുടെ അറ്റകുറ്റപ്പണികളും ഇടത്താവളവും പരിസരവും വൃത്തിയാക്കുന്ന ജോലികളും നടക്കുന്നു. ഇടത്താവളത്തിൽ സ്ഥിരമായി വെള്ളം കിട്ടുന്നില്ലെന്ന പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. സീസൺ സമയത്തുപോലും ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് വെള്ളം ലഭിക്കുക. അതിനാൽ േവണ്ടത്ര വെള്ളം സംഭരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
∙ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വിരിവയ്ക്കാൻ വിശാലമായ സൗകര്യമുണ്ട്. ഊട്ടുപുരയും തെക്കേ തിരുമുറ്റത്തെ സ്റ്റേജിനോടു ചേർന്നുള്ള പന്തലിലും വിരിവയ്ക്കാൻ വളരെ സൗകര്യമുണ്ട്. ശുചിമുറികൾ 15 എണ്ണമാണ് ഉപയോഗയോഗ്യമായി ഉള്ളത്. എന്നാൽ കാടുപിടിച്ചു കിടക്കുന്ന പരിസരത്തു കൂടി വെളിച്ചം കയ്യിൽ കരുതി വേണം ഇവിടേക്ക് പടികളിറങ്ങി ചെല്ലാൻ. തിരുവാഭരണ ഘോഷയാത്ര ആദ്യത്തെ ദിവസം രാത്രി തങ്ങുന്ന സ്ഥലമാണ് അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രം. ഇവിടെ പമ്പയാറ്റിലെ ക്ഷേത്രക്കടവ് ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നു. ഇതു നീക്കം ചെയ്താൽ മാത്രമേ തീർഥാടകർക്ക് സുരക്ഷിതമായി കുളിക്കുന്നതിനു സാധിക്കൂ.