ADVERTISEMENT

തിരുവനന്തപുരം ∙ 25 വർഷം മുൻപ് ഐഎഫ്എഫ്‌കെ വേദിയിൽ ഇടതു സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ളയുമായി നടന്ന സംവാദത്തെ ഇന്നും നല്ല അനുഭവമായി കാണുന്നുവെന്നു പോളിഷ് ചലച്ചിത്രകാരൻ ക്രിസ്തോഫ് സനൂസി. കമ്യൂണിസത്തെ സംബന്ധിച്ച വസ്തുതകളുടെ കാര്യത്തിൽ തങ്ങൾക്കിരുവർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. താനതു തുറന്നു പറഞ്ഞപ്പോൾ ഗോവിന്ദപ്പിള്ള അംഗീകരിക്കാൻ തയാറായില്ലെന്നു സനൂസി അനുസ്മരിച്ചു.  ‘‘തങ്ങളുടെ നിലപാടുകൾ മാത്രം സാധൂകരിക്കുകയും പരസ്പരമുള്ള വാദമുഖങ്ങൾ അവഗണിക്കുകയും ചെയ്ത സംവാദമായിരുന്നു അത്. അക്കാര്യത്തിലെ ശരിതെറ്റുകൾ കാലം വിലയിരുത്തട്ടെ.

തൊഴിലാളി വർഗ പ്രസ്ഥാനം കരുത്തു പ്രാപിച്ച് കമ്യൂണിസത്തെ മാറ്റിമറിച്ച ഒരു രാജ്യത്തു നിന്നാണ് ഞാൻ വരുന്നത്. നേരിട്ട് അറിവുള്ള എന്റെ വീക്ഷണങ്ങളോ ചിന്താഗതിയോ മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നതും അംഗീകരിക്കാതിരുന്നതും പ്രയാസമുണ്ടാക്കി. കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കു കീഴിലുള്ള മനുഷ്യാവസ്ഥകളെക്കുറിച്ചാണു ഞാൻ പറഞ്ഞതും സിനിമയെടുത്തതും.’’ – ചലച്ചിത്രമേളയിലെ ‘ഇൻ കോൺവർസേഷൻ’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.   ജനാധിപത്യപരമായി വോട്ടു ചെയ്ത് ഒരു പാർട്ടിയെ ഭരണത്തിൽ എത്തിക്കുന്നതും ജീവിതകാലം മുഴുവൻ ഒരു പാർട്ടിയെ തന്നെ ഭരണമേൽപ്പിക്കുന്നതും തമ്മിൽ വലിയ  വ്യത്യാസമുണ്ട്. താനൊരിക്കലും കമ്യൂണിസ്റ്റ് ആശയത്തിനു     വോട്ടു ചെയ്യില്ല. 

കമ്യൂണിസത്തോടും മാർക്സിസത്തോടും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ചില കാര്യങ്ങളിൽ അവരെ അംഗീകരിക്കുന്നതായും സനൂസി പറഞ്ഞു. ഭരണം കൈയാളാതെ പ്രതിപക്ഷത്തിരുന്നപ്പോഴൊക്കെ മാനുഷിക അവസ്ഥകൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കമ്യൂണിസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്കിടയിൽ രൂപം കൊണ്ട തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ മാർക്സിയൻ ആദർശങ്ങളാലാണ് നയിക്കപ്പെട്ടത്. മുതലാളിത്തത്തിന് കുറെക്കൂടി മാനുഷിക മുഖം നൽകാൻ കമ്യൂണിസ്റ്റ് ഇടപെടലുകൾ കൊണ്ടു സാധിച്ചു.

പ്രതിപക്ഷത്തിരുന്ന് മനുഷ്യ പുരോഗതിക്കായി കമ്യൂണിസ്റ്റുകൾ നൽകിയ സംഭാവനകളെ താൻ തള്ളിപ്പറയില്ലെന്നും സനൂസി വ്യക്തമാക്കി. ഇടതു സർക്കാർ നടത്തുന്ന മേളയിലേക്ക് ക്രിസ്റ്റോഫ് സനൂസിയെ ക്ഷണിച്ചതും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകിയതും ഐഎഫ്എഫ്കെ എത്രമാത്രം തുറന്ന വേദിയാണ് എന്നതിനു തെളിവാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.ഇവിടെ ആരെയും ചാപ്പ കുത്തി മാറ്റി നിർത്തില്ല. സനൂസിയുടെ അഭിപ്രായങ്ങൾ കേൾക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ അദ്ദേഹത്തെ അറിയിക്കാനുള്ള മേളയാണിത്– അദ്ദേഹം പറഞ്ഞു.ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സനൂസി ഇന്ന് ഏറ്റുവാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com