വർക്കല നഗരസഭ ബസ് സ്റ്റാൻഡിൽ തിരക്ക് അകത്തല്ല; പുറത്താണ്

Mail This Article
വർക്കല ∙ ‘നഗരസഭ ബസ് ടെർമിനൽ’ എന്നു എഴുതിയ കവാടവും അതിനു മുന്നിലെ ആൽമരത്തിന്റെ പരിസരവും ചേർന്നതാണു നിലവിലെ നഗരസഭ ബസ് സ്റ്റാൻഡ്. കാരണം ബസുകളും യാത്രക്കാരും ഒരുമിച്ചു കൂടുന്നതു സ്റ്റാൻഡിന് അകത്തല്ല പുറത്താണ്. സ്റ്റാൻഡിനുള്ളിലെ ബസ് ഷെൽട്ടറിലും പരിസരത്തും യാത്രക്കാരെ കാണാനാവില്ല. ബസുകളെല്ലാം നിർത്തുന്നതു പ്രധാന റോഡരികിലെ കവാടത്തിലായതിനാൽ യാത്രക്കാർക്കു ഉള്ളിലേക്കു പോകേണ്ടതില്ല. ഇതിനാൽ കവാടത്തിലെ തിരക്കു വർക്കല റെയിൽവേ സ്റ്റേഷൻ റോഡിലെ അപകടസാധ്യതയും വർധിപ്പിക്കുന്നു.
കവാടവും മെയിൻ റോഡും യാത്രക്കാരെക്കൊണ്ടു തിരക്കിലാകുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമിച്ച വർക്കല ബസ് സ്റ്റാൻഡിലെ ഷെൽട്ടർ വിജനമായി തുടരുന്നു. വർഷാവർഷം നഗരസഭ കൃത്യമായി ടാറിങ് നടത്തുന്നുണ്ട്. റോഡിലെ തിരക്കും അപകടസാധ്യതയും കണക്കിലെടുത്തു മുഴുവൻ ബസുകളെ അകത്ത് നിർത്തിക്കാനുള്ള നടപടിക്കു നഗരസഭ, പൊലീസ്, ആർടിഒ അധികൃതർ ഇടക്കാലത്ത് ശ്രമിച്ചെങ്കിലും നീണ്ടു പോയില്ല.
വർക്കലയിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള കെഎസ്ആർടിസി ഉൾപ്പെട്ട നൂറിലധികം സ്വകാര്യ സർവീസുകൾ വന്നു പോകുന്നുണ്ട്. ഏകദേശം രണ്ട് ഏക്കറോളം വിസ്തൃതി വരുന്ന സ്റ്റാൻഡിനുള്ളിൽ വെയ്റ്റിങ് ഷെഡും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ‘ടേക്ക് എ ബ്രേക്ക്’ സൗകര്യവും പുതുവർഷത്തിൽ തുറന്നു. എല്ലാ ബസുകളും സ്റ്റാൻഡിനുള്ളിലേക്കു കയറുന്നതിനു പ്രവേശന ഫീയായി നിശ്ചിത തുക നൽകുമ്പോൾ ഈ വകയിൽ കൃത്യമായി വരുമാനം ലഭിക്കുന്നതിനാൽ നഗരസഭയും അലംഭാവ നയം തുടരുന്നുവെന്നാണ് ആക്ഷേപം.
എല്ലാ സൗകര്യങ്ങൾ ഒരുക്കിയിട്ടും യാത്രക്കാരെ കവാടത്തിൽ കയറ്റി ഇറക്കുന്നതു പ്രശ്നമാണെന്നും ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിൽ വർക്കല ജോയിന്റ് ആർടിഒയുമായി സംസാരിച്ചെന്നും നഗരസഭ അധ്യക്ഷൻ കെ.എം.ലാജി പറഞ്ഞു. ഇതിനു മുൻപ് ഇത്തരത്തിൽ യാത്രക്കാരെ പുറത്ത് നിന്നു എടുക്കുന്നതിനെതിരെ ആർടിഒ വിഭാഗം പിഴ ഈടാക്കിയതാണ്. എന്നാൽ, വീണ്ടും കവാടത്തിനു പുറത്താണു ബസ് നിർത്തുന്നത്.