ശ്രീപത്മനാഭസ്വാമി ക്ഷേത്രം: വാരിക്കാട് നാരായണൻ വിഷ്ണു പെരിയ നമ്പി സ്ഥാനമേൽക്കും
Mail This Article
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ പെരിയ നമ്പിയായി നിലവിലെ പഞ്ച ഗവ്യത്തു നമ്പി വാരിക്കാട് നാരായണൻ വിഷ്ണു സ്ഥാനമേൽക്കും. തൊടി സുബ്ബരായൻ സത്യനാരായണൻ പുതിയ പഞ്ച ഗവ്യത്തു നമ്പിയാകും.നിലവിലെ പെരിയ നമ്പി അരുമണീതായ നാരായണൻ രാജേന്ദ്രൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കർണാടകയിലെ കൊക്കട ഗ്രാമത്തിലെ അഡിയൈ സ്വദേശിയാണ് തൊടി സുബ്ബരായൻ സത്യ നാരായണൻ. ആദ്യമായാണ് അദ്ദേഹം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സേവ നടത്തുന്നത്. സ്‌നേഹ ആണ് ഭാര്യ. മകൻ : സൗരഭ്.
ഏറ്റുമാനൂർ, ഹരിപ്പാട്, കുമാരനല്ലൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന വാരിക്കാട് നാരായണൻ വിഷ്ണു കഴിഞ്ഞ വർഷമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പഞ്ച ഗവ്യത്തു നമ്പിയായി സ്ഥാനമേറ്റത്. സുനിത ആണ് ഭാര്യ. മക്കൾ : ശ്രീനാഥ്, നക്ഷത്ര. പരമ്പരാഗതമായി പുല്ലൂർ യോഗ സഭയിലെ 29 ഇല്ലങ്ങളിലെ ബ്രാഹ്മണരെയും കർണാടകയിലെ കൊക്കട ഗ്രാമക്കാരായ തുളു ബ്രാഹ്മണരെയുമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പെരിയ നമ്പി, പഞ്ച ഗവ്യത്തു നമ്പി ചുമതലകൾക്കായി നിയോഗിക്കുന്നത്. ബ്രഹ്മചര്യവ്രത നിഷ്ടയിൽ ഇനി ഒരു വർഷക്കാലം ഇവർ നമ്പി മഠത്തിൽ താമസിക്കും.