ADVERTISEMENT

തിരുവനന്തപുരം ∙ വ്യക്ക രോഗത്തിന് ചികിത്സ തേടി എത്തിയ അലർജി പ്രശ്നമുള്ള യുവതി കുത്തിവയ്പ്പ് എടുത്തതിനു പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായെന്ന് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം.  അബോധാവസ്ഥയിലായ മച്ചേൽ മണപ്പുറം  ശരത് ഭവനിൽ കൃഷ്ണപ്രിയ (28) അതീവഗുരുതരാവസ്ഥയി‍ൽ മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ ഐസിയുവിലാണ്. 

കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി തൈക്കാട് ആശുപത്രിയിലും തുടർന്ന് ശനി, ഞായർ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തൈക്കാട് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയയാക്കിയപ്പോൾ വ്യക്കയിൽ കല്ലാണെന്ന് കണ്ടെത്തി. ഇത് അൽപം മൂർച്ഛിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി സർജനെ കാണണമെന്നും തൈക്കാട് ആശുപത്രിയിൽ നിന്ന് അറിയിച്ചു. തിങ്കളാഴ്ച ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഒപിയിൽ എത്തി സർജനെ കണ്ടു. പരിശോധനകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പരിശോധനകൾക്കായി രക്തവും മൂത്രവും എടുത്ത് നൽകി. ഇത് നൽകാനായി കൂടെയുണ്ടായിരുന്ന ബന്ധു ലാബിലേക്ക് പോയപ്പോൾ കുത്തിവയ്പ് നൽകി. അലർജി ഉണ്ടായി പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം.  തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അലർജി, ആസ്മ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ ഇത് ശ്രദ്ധിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. 

അതേസമയം, അലർജി പ്രശ്നം ഉണ്ടെന്ന് യുവതിയോ ഒപ്പം ഉണ്ടായിരുന്നവരോ പറഞ്ഞില്ലെന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ വിശദീകരിച്ചു. കുത്തിവയ്പ് നൽകിയെന്ന ആരോപണവും തെറ്റാണെന്ന് അവർ പറയുന്നു.  ഡ്രിപ്പിലൂടെ മരുന്ന് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു. 

മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ ഐസിയുവിൽ തുടരുന്ന പെൺകുട്ടിയുടെ ബിപി, പൾസ് എന്നിവ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്. ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com