കായികമേള: ഇരട്ടക്കരുത്തിൽ തിരുവനന്തപുരം
Mail This Article
കൊച്ചി∙ ഗെംയിസ് ഇനങ്ങളിലെ സർവാധിപത്യത്തിനൊപ്പം അത്‌ലറ്റിക്സിലും കരുത്ത് തെളിയിച്ചാണ് തിരുവനന്തപുരം സ്കൂൾ കായിക മേളയിലെ ഓവറോൾ ചാംപ്യൻമാർക്കായി പുതിയതായി ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തലയിലേറ്റിയത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നിന്ന് വാഹനജാഥയായി മേള വേദിയായ കൊച്ചിയിലേക്കു കൊണ്ടുവന്ന ആ പുത്തൻ ട്രോഫി തലസ്ഥാന ജില്ലയുടെ ചുണക്കുട്ടികൾ ആഘോഷമായി ചുമലിലേറ്റി മടക്കിക്കൊണ്ടുപോയി. ഏറെക്കാലമായി അത്‌ലറ്റിക് മത്സരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സ്കൂൾ കായികമേള. മേളയുടെ ചാംപ്യൻപട്ടം നൽകിയിരുന്നതും അത്‌ലറ്റിക്സിലെ പോയിന്റ് മാത്രം പരിഗണിച്ചായിരുന്നു. എറണാകുളവും പാലക്കാടും കോഴിക്കോടും മലപ്പുറവുമെല്ലാം കരുത്തുകാട്ടുന്ന അത്‌ലറ്റിക്സിൽ അടുത്തകാലത്തൊന്നും തിരുവനന്തപുരത്തിന് ആദ്യ സ്ഥാനങ്ങളിലെത്താനും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അത്‌ലറ്റിക്സും ഗെയിംസും ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ സ്കൂൾ മേള സംഘടിപ്പിച്ചതോടെ കഥ മാറി.
ഓവറോൾ ചാംപ്യൻ പട്ടത്തിലും സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ചാംപ്യൻ പട്ടങ്ങളിലും തിരുവനന്തപുരത്തിന്റെ അടുത്തുപോലുമെത്താനോ വെല്ലുവിളി ഉയർത്താനോ മറ്റൊരു ജില്ലയ്ക്കും കരുത്തുണ്ടായിരുന്നില്ല. നന്ദി പറയേണ്ടത് സ്പോർട്സ് ഡിവിഷനിലുൾപ്പെട്ട അരുവിക്കര മൈലത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിനും കേരള സ്പോർട്സ് കൗൺസിലിനു കീഴിൽ പിരപ്പൻകോടും നന്ദിയോടും ആറ്റിങ്ങലും വെള്ളായണിയിലുമുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെയും കഴക്കൂട്ടത്തെ സായ് സെന്ററിലെയും കുട്ടികളോടാണ്. ഗെയിംസിലും നീന്തലിലും മെഡലുകൾ വാരിക്കൂട്ടി മേളയുടെ ആദ്യ ദിനം മുതൽ കിരീട നേട്ടത്തിലേക്ക് തിരുവനന്തപുരത്തെ നയിച്ചത് ഇവിടത്തെ കുട്ടികളാണ്.
ഗെയിംസ് മത്സരങ്ങളിലൂടെ മാത്രം തിരുവനന്തപുരം കിരീടം ഉറപ്പിച്ചിരുന്നു. ഗെയിംസ് ഇനങ്ങളിൽ ചാംപ്യൻമാരായ തിരുവനന്തപുരം ആ ഇനങ്ങളിൽ മാത്രം വാരിക്കൂട്ടിയത് 1213 പോയിന്റ്. 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമുൾപ്പെട്ടതായിരുന്നു ആ അശ്വമേധം. രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് ലഭിച്ചത് 744 പോയിന്റാണെന്നതിൽ നിന്നു തന്നെ തിരുവനന്തപുരത്തിന്റെ മേധാവിത്തം വ്യക്തം. അക്വാട്ടിക്സിലും തലസ്ഥാന ജില്ലയ്ക്ക് എതിരാളികളുണ്ടായിരുന്നില്ല. 638 പോയിന്റാണ് നീന്തൽ കുളത്തിൽ നിന്ന് വാരിയെടുത്തത്. പിരപ്പൻകോട്, നന്ദിയോട് സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ താരങ്ങളായിരുന്നു ഇതിൽ മുന്നണിപ്പോരാളികൾ. 146 പോയിന്റും നേടിയത് തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ വിദ്യാർഥികൾ. 63 പോയിന്റുകൾ നേടി പിരപ്പൻകോട് ഗവ.വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റിക്സിലും ഇത്തവണ ജില്ല അഞ്ചാമതെത്തി. 9 സ്വർണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 68 പോയിന്റാണ് നേടിയത്.