ലൈറ്റിങ് തകരാർ; 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Mail This Article
തിരുവനന്തപുരം ∙ വിമാനത്താവളത്തിൽ എയർ ഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടർന്നു റൺവേ തുറന്നു കൊടുക്കാൻ വൈകിയതു മൂലം 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ വൈകിട്ടോടെയാണു ലൈറ്റിങ് സംവിധാനം തകരാറിലായത്. ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസ് ഉൾപ്പെടെ 172 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ വിമാനം അടിയന്തരമായി മധുരയിൽ ഇറക്കി.
ലാൻഡിങ് സാധ്യമാകാതെ വന്നതോടെ വൈകിട്ട് 6.25ന് ബെംഗളൂരുവിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനം മധുരയിലേക്കു തിരിച്ചുവിട്ടു. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ, ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലേക്കും വഴിതിരിച്ചുവിട്ടു. തകരാർ പൂർണമായി പരിഹരിച്ച ശേഷം റൺവേ രാത്രി 7.15ന് തുറന്നു. വഴിതിരിച്ചുവിട്ട വിമാനങ്ങൾ പിന്നീട് തിരുവനന്തപുരത്തു തിരികെ എത്തിച്ചു.