കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി

Mail This Article
കൽപറ്റ ∙ ഇടമുറിയാതെ പെയ്യുന്ന മഴയിൽ വിറച്ച് വയനാട്. കഴിഞ്ഞ 2 ദിവസമായി തുടരുന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നു. കബനി നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കുറുവ ദ്വീപിലെ വിനോദസഞ്ചാരം താൽക്കാലികമായി നിർത്തി. കനത്ത കാറ്റിലും മഴയിലും മേപ്പാടി റിപ്പണിൽ വീടിനു മുന്നിലേക്കു മരം കടപുഴകി വീണു. റിപ്പൺ പടിക്കത്തൊടി മുജീബിന്റെ വീടിനു മുന്നിലേക്കാണു മരം വീണത്. സമീപത്തെ വൈദ്യുതിക്കാൽ തകർന്നു.
മുണ്ടേരി മരവയലിൽ വിക്രമന്റെ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞു വീണു. അൽപസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതികളെ നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. 4–ാം ബറ്റാലിയനിലെ 30 അംഗ സംഘമാണ് ജില്ലയിലുള്ളത്.
കൂടുതൽ മഴ ബാണാസുര മേഖലയിൽ; കുറവ് കാട്ടിക്കുളത്ത്
കൽപറ്റ ∙ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ (4ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 65 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 133 മഴമാപിനികളിൽ നിന്നായി ശേഖരിച്ച കണക്കുകളാണിത്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ബാണാസുര കൺട്രോൾ ഷാഫ്റ്റിലാണ്–195 മില്ലിമീറ്റർ. കുറവ് മഴ രേഖപ്പെടുത്തിയത് കാട്ടിക്കുളം മേഖലയിലാണ്– 9 മില്ലിമീറ്റർ. പടിഞ്ഞാറത്തറ പുതുശ്ശേരിയിൽ 193 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുഞ്ഞോത്തു 191, വാളാംതോട് മട്ടിലയത്തു 177.6 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.
ട്രക്കിങ് നിരോധിച്ചു
കാലവർഷത്തിൽ മലയോര പ്രദേശങ്ങളിൽ ദുരന്തസാധ്യത വർധിക്കുന്നതിനാൽ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റിസോർട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾക്ക് സ്ഥാപന അധികൃതർ ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകണം. ജലനിരപ്പ് ഉയരുന്നതിനാലും ഒഴുക്ക് വർധിക്കുന്നതിനാലും പൊതുജനങ്ങൾ ജലാശയങ്ങളിലും പുഴകളിലും ഇറങ്ങരുത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ (4ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ് മില്ലിമീറ്ററിൽ
ബാണാസുര കൺട്രോൾ ഷാഫ്റ്റ് 195
പുതുശ്ശേരി 192
കുഞ്ഞോം 191
വാളാംതോട് മട്ടിലയം 177.6
നിരവിൽപുഴ 64.4
സുഗന്ധഗിരി 162.3
മക്കിയാട് 154.2
പേരിയ 153
കാപ്പിക്കളം 151
മുണ്ടക്കൈ 141
പേരിയ അയനിക്കൽ 130.1
പൊഴുതന മേൽമുറി 128
ലക്കിടി 128
തളിമല 114
വെള്ളമുണ്ട മംഗലശ്ശേരി 112
കുറിച്യർമല 110
തേറ്റമല 100
മരക്കടവ് 16
ബേഗൂർ 12
കാട്ടിക്കുളം 9
കൺട്രോൾ റൂം
ടോൾ ഫ്രീ നമ്പർ : 1077
ജില്ലാതലം- 04936 204151, 9562804151, 8078 409770.
ബത്തേരി താലൂക്ക്- 04936 223355, 6238 461385.
മാനന്തവാടി താലൂക്ക്- 04935 241111, 9446 637748.
വൈത്തിരി താലൂക്ക്- 04936 256100, 8590 842965.