റോഡ് നന്നാക്കിയപ്പോൾ എഐ ക്യാമറ ഔട്ട്

Mail This Article
മാനന്തവാടി ∙ തലശ്ശേരി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പാലാക്കുളി കവലയിലെ എഐ ക്യാമറ റോഡ് നവീകരണം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. പ്രതിമാസം ഒന്നിലേറെ വാഹനാപകടങ്ങൾ നടന്ന ഇവിടെ എഐ ക്യാമറ സ്ഥാപിച്ചതോടെ അപകട രഹിതമായിരുന്നു. എന്നാൽ മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് വികസനത്തിനായി ക്യാമറ അഴിച്ച് മാറ്റി. ഇഴഞ്ഞ് നീങ്ങിയ റോഡ് പണി ഇവിടെ പൂർത്തിയായിട്ടും ക്യാമറ തിരികെ എത്തിയില്ല.
റോഡ് നവീകരിക്കുകയും ക്യാമറ ഇല്ലാതാകുകയും ചെയ്തതോടെ ഇതിലേ വാഹനങ്ങൾ അമിത വേഗത്തിൽ പായുകയാണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് വയനാട്–കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ അന്തർ ജില്ലാ റോഡിലൂടെ കടന്നു പോകുന്നത്. അപകടങ്ങളും പതിൻമടങ്ങായി. മാനന്തവാടി - തലശ്ശേരി റോഡിൽ പാലാക്കകവലയിൽ ക്യാമറ സ്ഥാപിച്ചിരുന്ന തൂണും കമ്പിയും സ്റ്റാൻഡും എല്ലാം ഏറെ നാളായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുമ്പെടുത്ത് കിടക്കുന്നുണ്ട്.