സൂര്യക്കലിയിൽ വാടി മിണ്ടാപ്രാണികളും; വളർത്തുമൃഗങ്ങളിൽ രോഗമേറുന്നു
Mail This Article
കൽപറ്റ ∙ ജില്ലയിൽ ചൂടു കൂടിയതോടെ വളർത്തു മൃഗങ്ങൾക്ക് വേനൽക്കാല രോഗങ്ങൾ കൂടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ചൂട് ക്രമാതീതമായി ഉയരുകയാണ്. താപനില ഉയരുമ്പോൾ പശുക്കൾക്ക് ശാരീരിക സമ്മർദം ഉയരുകയും അതു രോഗ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. അതോടെ ശരീരത്തിലുള്ള സൂക്ഷ്മാണുക്കൾ രോഗങ്ങളുണ്ടാക്കും. തൈലേറിയ പോലുള്ള രോഗങ്ങളാണ് ജില്ലയിൽ കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
കൂടാതെ, നിർജലീകരണം കാരണം പശുക്കൾക്കുണ്ടാകുന്ന തളർച്ചയും കൂടി വരുന്നുണ്ട്. ചൂടു കൂടിയതോടെ വർധിക്കുന്ന ശാരീരിക സമ്മർദം കാരണം പശുക്കളുടെ പ്രസവമടക്കം സങ്കീർണമാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. പുൽപള്ളി മേഖലയിലാണു ചൂടു കാരണം പശുക്കൾക്കുള്ള രോഗങ്ങൾ കൂടുതലായി കാണുന്നത്. വേനൽക്കാലത്ത് അസ്വസ്ഥതകൾ കാണിക്കുന്ന എല്ലാത്തരം വളർത്തു മൃഗങ്ങളെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി വിദഗ്ധ ചികിത്സ നൽകണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ഇവ ശ്രദ്ധിക്കാം, അരുമകളെ രക്ഷിക്കാം
ജില്ലയിൽ വരൾച്ച സാധ്യതകൾ കൂടി വരുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിന് മാർഗ നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. വളർത്തു മൃഗങ്ങൾക്ക് വേനൽക്കാലത്ത് ഉണ്ടായേക്കാവുന്ന രോഗങ്ങൾ, ഉൽപാദന നഷ്ടം, മരണ സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് പരിചരണത്തിനുള്ള ജാഗ്രതാ നിർദേശം നൽകിയത്.
പശുക്കൾ
ചൂട് കൂടുന്ന സമയങ്ങളിൽ അസ്വസ്ഥരാകുക, ക്രമാതീതമായ അണയ്ക്കൽ, ഉമിനീർ പുറത്തേക്ക് കളയൽ, വിയർക്കൽ എന്നിവ പശുക്കളുടെ ശരീര ഊഷ്മാവ് കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാർഗങ്ങളാണ്.തൊഴുത്തിന്റെ ഭാഗങ്ങൾ തുറന്ന് നൽകണം. തൊഴുത്തിൽ താൽക്കാലിക മറകൾ, ഷെയ്ഡ് നെറ്റുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ എന്നിവ ഉറപ്പാക്കണം.
തൊഴുത്തിന്റെ ഉയരം പത്ത് അടിയിൽ കുറയരുത്. മുകളിൽ കാർഷിക ഉപകരണങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കിൽ അവ മാറ്റി പരമാവധി ഉയരം ഉറപ്പാക്കണം. മേൽക്കൂരയ്ക്ക് മുകളിൽ വൈക്കോൽ നിരത്തുകയോ ചൂട് പ്രതിരോധിക്കാൻ പെയിന്റുകൾ ഉപയോഗിക്കുകയോ ചെയ്യാം. കുടിക്കാനുള്ള ശുദ്ധജലം എപ്പോഴും പുൽത്തൊട്ടിയിൽ ലഭ്യമാക്കണം. മൈക്രോസ്പ്രിംഗ്ലർ വഴിയുള്ള തണുപ്പിക്കൽ സംവിധാനം പ്രയോജനപ്രദമാണ്. ചൂടിന് ആനുപാതികമായി ഒന്ന് മുതൽ അഞ്ച് മിനിറ്റ് വരെ തുള്ളിനനയിലൂടെ പശുവിന് തണുപ്പ് നൽകണം.
സീറോ എനർജി തണുപ്പിക്കൽ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാൻ സാധിക്കും. അണപ്പ്, വായിൽ നിന്നു പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയർത്തിയ വാൽക്കട എന്നിവ ചൂട് ആഘാതത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. വാണിജ്യ ഫാമുകളിൽ ഡ്രൈ ബൾബ് - വെറ്റ് ബൾബ് തെർമോ മീറ്റർ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ശരീര താപം നിയന്ത്രിക്കാം. അതിരാവിലെയും വൈകിട്ടും തീറ്റ നൽകണം, വെയിലില്ലാത്ത സമയങ്ങളിൽ(വൈകുന്നേരം) പുറത്തിറക്കണം.
ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലീറ്റർ തോതിൽ വെള്ളം നൽകണം. ഓട്ടമാറ്റിക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളിൽ നനച്ച ചാക്ക് വശങ്ങളിൽ തൂക്കിയിട്ടാൽ ചൂട് കുറയ്ക്കാൻ സാധിക്കും. ഉൽപാദന ക്ഷമതയുള്ള പശുക്കൾക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോത് അനുസരിച്ച് നൽകണം. വേനലിൽ പച്ചപ്പുൽ കുറവായതിനാൽ വൈക്കോൽ കുതിർത്ത് കൊടുക്കാം.
പക്ഷികൾ
പക്ഷികൾക്ക് കൂടുകളുടെ മുകളിൽ തണൽ, വൈക്കോൽ, ഷെയ്ഡ്, നെറ്റ് ഉപയോഗിച്ചുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കാം.കുടിവെള്ളം ഉറപ്പാക്കണം. കൂടുകൾ തണലത്തേക്ക് മാറ്റിവയ്ക്കണം.
നായ്ക്കൾ, പൂച്ചകൾ
കൂട് കഠിനമായ വെയിലിൽ നിന്നു മാറ്റണം.
ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം.പുളി ഇല്ലാത്ത ഒആർഎസ് ലായിനികൾ, പൂച്ചകൾക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡ് തുടങ്ങിയവ നൽകണം.