ADVERTISEMENT

ആളും ബഹളവും തിരക്കുമെല്ലാം നിറഞ്ഞ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ 11 വയസ്സുകാരന്‍ വിക്കി റോയ് തികച്ചും ഏകനായിരുന്നു. ഒരു സിനിമ നടനാകണമെന്ന ആഗ്രഹത്തിന്റെ പുറത്തു പെട്ടെന്നൊരു ആവേശത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ഓടിപ്പോന്നതായിരുന്നു കുഞ്ഞു വിക്കി. പക്ഷേ, ഇവിടെ വന്നിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലെ ഏകാന്തതയും തന്റെ നിസ്സഹായാവസ്ഥയും ചേര്‍ന്ന് അവന്റെ കണ്ണു നിറച്ചു. എവിടെ പോകണം, എന്തു ചെയ്യണമെന്നറിയാതെ അവന്‍ പേടിച്ച് പൊട്ടിക്കരഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന തന്റെ രൂപം വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു നിശ്ചല ദൃശ്യമെന്ന വണ്ണം വിക്കിയുടെ മനസ്സിലുണ്ട്.

കരച്ചിലോടെ തുടങ്ങിയെങ്കിലും ന്യൂഡല്‍ഹി വിക്കിയുടെ ജീവിതത്തില്‍ പില്‍ക്കാലത്തു സമ്മാനിച്ചത് സന്തോഷിക്കാനുള്ള ഒട്ടനവധി കാര്യങ്ങളായിരുന്നു. ആ പ്ലാറ്റ്‌ഫോമില്‍ നിന്നും തന്റെ പുതിയ ജീവിതം തുടങ്ങിയ ആ 11 വയസ്സുകാരന്‍ പിന്നീട് ഫോര്‍ബ്‌സ് ലിസ്റ്റിലും വോഗ് ഇന്ത്യ ലിസ്റ്റിലും എഡ്വേര്‍ഡ് രാജകുമാരന്റെ അതിഥിയായി ബക്കിങ്ഹാം പാലസ്സിലും വരെയെത്തി. അമേരിക്കയിലെ ലോകപ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഫോട്ടോഗ്രഫി വിദ്യാർഥിയായി. ഏതൊരു സിനിമയെയും വെല്ലുന്നതാണ് വിക്കി റോയ് എന്ന ഫോട്ടോഗ്രാഫറുടെ ജീവിത കഥ. 

വിക്കി അടക്കം ഏഴു മക്കളുള്ള തുന്നല്‍ക്കാരനായ പിതാവിനു തുച്ഛമായ 25 രൂപ കൂലി കൊണ്ട് എല്ലാവരെയും പോറ്റാനുള്ള കഴിവില്ലായിരുന്നു. അങ്ങനെയാണ് വിക്കിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തു കൊണ്ടാക്കിയത്. എന്നാല്‍ അവിടെ കാര്യങ്ങള്‍ അല്‍പം കര്‍ക്കശമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും വിക്കിയെ കഠിനമായി അവര്‍ ശിക്ഷിച്ചു അങ്ങനെയാണ് വിക്കി വീട്ടില്‍ നിന്നു ഡല്‍ഹിയെന്ന മഹാനഗരത്തിലേക്കു വണ്ടി കയറുന്നത്. ആക്രി പെറുക്കുന്ന ഒരു സംഘത്തിനൊപ്പമാണു വിക്കി ഡല്‍ഹിയിലെ തന്റെ ജീവിതം തുടങ്ങിയത്. 

ആദ്യമൊക്കെ കാര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, തെരുവിലെ ജീവിതം അത്ര സുരക്ഷിതമല്ലെന്നു വിക്കി പതിയെ മനസ്സിലാക്കി. എപ്പോള്‍ വേണമെങ്കിലും തല്ലും ബഹളവും വഴക്കും പൊട്ടിപ്പുറപ്പെടാം. ചെറിയ കുട്ടിയായ തന്റെ സുരക്ഷയ്ക്ക് ആക്രി പെറുക്കല്‍ അത്ര സഹായകമല്ലെന്നു കണ്ടപ്പോള്‍ വിക്കി പഹാഡ്ഗഞ്ചിലെ ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന പണിക്കു കയറി. ഈ സമയത്താണു തന്റെ ജീവിതം മാറ്റി മറിച്ച സഞ്ജയ് ശ്രീവാസ്തവ എന്നയാളെ വിക്കി പരിചയപ്പെടുന്നത്. 

റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞിരുന്ന സഞ്ജയെ പുനരധിവസിപ്പിച്ചു നല്ലൊരു ജീവിതം നല്‍കിയ സലാം ബാലക് ട്രസ്റ്റ് എന്ന എന്‍ജിഒയില്‍ അയാള്‍ വിക്കിയെ എത്തിച്ചു. അവര്‍ അവനു താമസിക്കാന്‍ ഒരിടം നല്‍കുകയും പഹാഡ്ഗഞ്ചിലെ ഒരു സ്‌കൂളില്‍ പഠനത്തിനു  പ്രവേശിപ്പിക്കുകയും ചെയ്തു. പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ലെങ്കിലും വിക്കി പത്താം ക്ലാസ് പൂര്‍ത്തിയാക്കി. 2000ല്‍ രണ്ടു കുട്ടികള്‍ക്ക് തങ്ങളുടെ ഫോട്ടോഗ്രഫി കോഴ്‌സിന്റെ ഭാഗമായി ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു എന്ന വാര്‍ത്തയാണ് വിക്കിയെ ഫോട്ടോഗ്രഫിയിലേക്ക് ആകര്‍ഷിച്ചത്. വിക്കിയെ പ്രോത്സാഹിപ്പിക്കുന്നതിന് ട്രസ്റ്റ് അവനൊരു ക്യാമറയും പ്രതിമാസം മൂന്നു ഫിലിം റോളുകളും വച്ചു നല്‍കി.

ഒരു ക്യാമറ കയ്യിലെത്തിയതോടെ താന്‍ അവിടുത്തെ ഒരു പ്രധാന വ്യക്തിയായി മാറുന്നതു വിക്കി അനുഭവിച്ചറിഞ്ഞു. വിക്കിയെക്കൊണ്ടു ഫോട്ടോ എടുപ്പിക്കാന്‍ കൂട്ടുകാര്‍ അവന് ഭക്ഷണ സാധനങ്ങളൊക്കെ കൈക്കൂലിയായി നല്‍കാന്‍ തുടങ്ങി. ഇതാണു തന്റെ ജീവിതമാര്‍ഗ്ഗമെന്ന് അന്നു വിക്കി തിരിച്ചറിഞ്ഞു. ട്രസ്റ്റ് തന്നെ മുന്‍കയ്യെടുത്ത് വിക്കിയെ ഫോട്ടോഗ്രഫി പഠിക്കാന്‍ ഡല്‍ഹിയിലെ ത്രിവേണി കലാ സംഘത്തിലേക്ക് അയച്ചു. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ വിക്കിക്ക് ട്രസ്റ്റിന്റെ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ വിടേണ്ടി വന്നു. അപ്പോഴേക്കും അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ അപ്രന്റീസായി വിക്കി ഗൗരവമായ ഫോട്ടോഗ്രഫിയിലേക്ക് പ്രവേശിച്ചിരുന്നു. 

ഫോട്ടോഗ്രഫിയുടെ പ്രായോഗിക പാഠങ്ങള്‍ മാത്രമല്ല എങ്ങനെ ഒരു പ്രഫഷണല്‍ ഫോട്ടോഗ്രാഫറാകണമെന്നും അനയ് വിക്കിയെ പഠിപ്പിച്ചു. 3000 രൂപ ശമ്പളവും ബൈക്കും സെല്‍ഫോണും അനയ് നല്‍കി. സമൂഹത്തിലെ നിരവധി ഉയര്‍ന്ന വ്യക്തികളുമായി ബന്ധപ്പെട്ടാണ് അനയ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ വേഷത്തിലും പെരുമാറ്റത്തിലും പുലര്‍ത്തേണ്ട മര്യാദകളും വിക്കി പഠിച്ചെടുത്തു. ജോലിയുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്തു. അല്‍പം കൂടി മികച്ച ക്യാമറ സ്വന്തമാക്കാനുള്ള വായ്പ സലാം ബാലക് ട്രസ്റ്റ് വിക്കിക്ക് നല്‍കി. അപ്രന്റീസ് ജോലിക്ക് പുറമേ ക്യാറ്ററിങ് പോലുള്ള ചില്ലറ ജോലികള്‍ ചെയ്ത് വിക്കി ആ കടം വീട്ടി. 

2007ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സ്ട്രീറ്റ് ഡ്രീം എന്ന പേരില്‍ തന്റെ ആദ്യ സോളോ ഫോട്ടോ എക്‌സിബിഷന്‍ വിക്കി സംഘടിപ്പിച്ചു. തന്റെ സ്വന്തം ജീവിതത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയായിരുന്നു വിക്കിക്ക് ആ പ്രദര്‍ശനം. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവുമായി. തനിയെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ തന്റെ ആ പ്രായത്തിലുള്ള തെരുവിലെ കുട്ടികളുടെ ചിത്രങ്ങളാണു വിക്കി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. എക്‌സിബിഷനു വന്‍ പ്രതികരണമാണു ഫോട്ടോഗ്രഫര്‍ സമൂഹത്തില്‍ ലഭിച്ചത്. അതു നിരവധി അവസരങ്ങള്‍ വിക്കിക്കു തുറന്നു കൊടുത്തു. 

ഒരു വര്‍ഷം കഴിഞ്ഞ് അമേരിക്കയിലെ മേബാക്ക് ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ പുനര്‍നിര്‍മ്മാണം ഡോക്യുമെന്റ് ചെയ്യാന്‍ വിക്കിയെ ക്ഷണിച്ചു. ആ പ്രോജക്ടിനിടെ ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോട്ടോഗ്രഫിയില്‍ നിന്നു ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലൊരു കോഴ്‌സും വിക്കി ചെയ്തു. യുകെ, യുഎസ്, സിംഗപ്പൂര്‍, ജര്‍മനി, ശ്രീലങ്ക, റഷ്യ, ബഹ്‌റൈന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ തുടര്‍ന്നു വിക്കി സംഘടിപ്പിച്ചു. 2013ല്‍ തന്റെ ജീവിത കഥ ഹോം സ്ട്രീറ്റ് ഹോം എന്ന മോണോഗ്രാഫിലൂടെ വിക്കി ലോകവുമായി പങ്കുവച്ചു. 2014ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മീഡിയ ഫെല്ലോഷിപ്പ് വിക്കിയെ തേടിയെത്തി. ഫോര്‍ബ്‌സ് ഏഷ്യ 30യുടെ അണ്ടര്‍ 30 പട്ടികയില്‍ 2016ല്‍ ഇടം പിടിച്ചു. വോഗ് ഇന്ത്യ 40 യുടെ അണ്ടര്‍ 40 പട്ടികയിലും ഈ ഫോട്ടോഗ്രാഫര്‍ ഇടം കണ്ടെത്തി. 

ജീവിതത്തില്‍ താന്‍ പിന്നിട്ടു വന്ന വഴികളും കഷ്ടപ്പാടുകളുമാണു തന്റെ ഫോട്ടോഗ്രഫിക്ക് പ്രചോദനമാകുന്നതെന്ന് വിക്കി അഭിമാനത്തോടെ പറയുന്നു. അവയാണ് വിക്കിയുടെ ഫ്രെയിമുകളെ വേറിട്ടതാകുന്നത്. തന്റെ ഫോട്ടോകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിക്കാനായതും വിക്കിക്കു ചാരിതാര്‍ത്ഥ്യം നല്‍കുന്നു. സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ജിഒയ്ക്ക് വേണ്ടി ജമാമസ്ജിദിനു സമീപത്തെ ഒരു റിക്ഷാ കുടുംബത്തിന്റെ ഫോട്ടോ വിക്കി ഒരിക്കലെടുത്തു. വീടില്ലാഞ്ഞിട്ടും ദാരിദ്ര്യമായിട്ടും സന്തോഷത്തോടെ ഇരിക്കുന്ന ആ റിക്ഷാകുടുംബത്തിന്റെ കഥ വിക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ലോകമറിഞ്ഞു. അങ്ങനെ ആ കുടുംബത്തിന് അവരുടെ ജന്മദേശമായ രാജസ്ഥാനില്‍ വീടിനോട് ചേര്‍ന്നൊരു കട തുടങ്ങാനുള്ള പണം സ്വരൂപിക്കപ്പെട്ടു.

ഒരിക്കല്‍ ഉപേക്ഷിച്ചു പോന്ന പശ്ചിമ ബംഗാളിലെ തന്റെ വീട്ടിലേക്കും ഇതിനിടെ വിക്കി മടങ്ങിയെത്തി. മാതൃദിനത്തില്‍ അമ്മയ്ക്ക് ഒരു മൂന്നു മുറി വീട‌ു സമ്മാനിച്ചു കൊണ്ടാണ് മടങ്ങിവരവ് വിക്കി ആഘോഷമാക്കിയത്. സിനിമ നടനാകാന്‍ പോയ മകന്‍ ജീവിതത്തിലെ ഹീറോയായി മടങ്ങി വന്നത് വീട്ടുകാരെയും കണ്ണീരണിയിച്ചു. ഒരു വല്യ ഫോട്ടോഗ്രഫറാണെന്നു വിക്കി ഇപ്പോഴും സ്വയം കരുതുന്നില്ല. ഇനിയും ഏറെ തനിക്ക് ഇതില്‍ പഠിക്കാനുണ്ടെന്നാണ് വിക്കിയുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com