പഠിച്ചത് സയൻസും ഇംഗ്ലിഷും, ബിസിനസ്സിൽ മുൻപരിചയമില്ല എന്നിട്ടും സുമില സംരംഭകയായി
Mail This Article
നല്ല പുളിയും എരിവുമെല്ലാം ചേർത്ത തേങ്ങാ അച്ചാർ ചേർത്ത് ഇത്തിരി ചോറ് കഴിച്ചാലോ? തേങ്ങാ അച്ചാർ എന്നു കേട്ടപ്പോൾ പലർക്കും തോന്നിയ അതിശയം തന്നെയാകാം ഏങ്ങണ്ടിയൂരിലെ ഗ്രീൻഓറ എന്ന സ്ഥാപനം ഗ്രീൻനട്സ് എന്ന ബ്രാൻഡിൽ നിർമിക്കുന്ന ഈ ഉൽപന്നത്തിന് ഇത്ര ഡിമാൻഡുണ്ടാക്കിയത്. ഗ്രീൻനട്സ് ഇന്റർനാഷനലിന്റെ ഉടമ സുമില ജയരാജിന്റെ സ്വന്തം പരീക്ഷണമാണ് ഈ അച്ചാർ.
സുമില പഠിച്ചത് സയൻസും ഇംഗ്ലിഷുമൊക്കെയാണ്. ബിസിനസിൽ യാതൊരു മുൻപരിചയവുമില്ല. വെറുതേ വീട്ടിലിരുന്നു മടുത്തപ്പോൾ അടുത്തുള്ള വിർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റിൽ ജോലിക്കു പോയി. തേങ്ങയുടെ ഔഷധഗുണവും പ്രാധാന്യവുമെല്ലാം അടുത്തറിയാൻ തുടങ്ങിയപ്പോൾ തേങ്ങയുൽപന്നങ്ങൾ സ്വന്തമായി നിർമിക്കണമെന്നു തോന്നി. അങ്ങനെ വീടിന്റെ ഒരുഭാഗത്ത് വളരെക്കുറച്ച് വിർജിൻ കോക്കനട്ട് ഓയിലും വെളിച്ചെണ്ണയും നിർമിക്കാൻ തുടങ്ങി. ആവശ്യക്കാരുണ്ടെന്നു തിരിച്ചറിഞ്ഞതോടെ 2012ൽ ഗ്രീൻ നട്ട്സ് ഇന്റർനാഷനൽ എന്ന സ്ഥാപനം ആരംഭിച്ചത്.
ബിസിനസിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ സംരംഭം എടുത്തുചാട്ടമാണെന്നും പരാജയപ്പെടുമെന്നുമെല്ലാം പ്രവചിച്ചവരും പരിഹസിച്ചവരും ഏറെയുണ്ടായിരുന്നു. സ്നേഹത്തിന്റെ രൂപത്തിലായിരുന്നു പലരുടേയും ഉപദേശം. പക്ഷേ, സുമില പിന്നോട്ടു പോയില്ല. തേങ്ങാപ്പാൽ, തേങ്ങാവെള്ളത്തിൽ നിന്നുള്ള വിനാഗിരി, തേങ്ങാ ലഡു, ഹെയർ ക്രീം, സാമ്പാർ മിക്സ്, കറി മിക്സ്, കോക്കനട്ട് പൗഡർ, ചട്നി തുടങ്ങി പതിനൊന്ന് ഉൽപന്നങ്ങൾ ഇപ്പോൾ ഗ്രീൻനട്സ് വിപണിയിലെത്തിക്കുന്നുണ്ട്. പല ഉൽപന്നങ്ങൾക്കും വിദേശത്തു വരെ ആവശ്യക്കാരുമുണ്ട്.
പക്ഷേ ഈ യാത്ര എളുപ്പമായിരുന്നില്ല. 15 ജോലിക്കാരുടെ കൂട്ടുള്ള സംരംഭമായി ഇതു വളർന്നു. പല തവണ പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിന്നിട്ടുണ്ട്. അപ്പോൾ ക്ഷമയോടെ കാത്തിരിക്കും. പതുക്കെയെങ്കിലും പ്രതിവിധിയുണ്ടാകുമെന്നതാണു സുമിലയുടെ അനുഭവം. തെങ്ങു ചതിക്കില്ലെന്ന വിശ്വാസവും തേങ്ങയിൽ ഒന്നും പാഴല്ലെന്ന തിരിച്ചറിവുമാണ് സുമിലയെ മുന്നോട്ടു നയിക്കുന്നത്. അധികം വൈകാതെ സൗന്ദര്യവർധക വസ്തുക്കളിലേക്കും ഗ്രീൻനട്സ് ഇന്റർനാഷനൽ കടക്കും. ഒരു പാടു സ്ത്രീകൾക്കു ജോലി നൽകണമെന്ന വലിയൊരു സ്വപ്നവും സുമിലയുടെ യാത്രയെ നയിക്കുന്നുണ്ട്.