വിദേശ ഐഐടിയിൽ പഠിക്കാം; പ്രവേശനം ഐഐടി സാൻസിബർ സ്ക്രീനിങ് ടെസ്റ്റ് വഴി

Mail This Article
കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസനിയയിലെ സാൻസിബറിൽ ആരംഭിക്കുന്ന ആദ്യ വിദേശ ഐഐടി ക്യാംപസിൽ ഇന്ത്യൻ വിദ്യാർഥികൾക്കും പ്രവേശനം തേടാം. ഐഐടി മദ്രാസിന്റെ ചുമതലയിലുള്ള സാൻസിബർ ക്യാംപസ് ഒക്ടോബർ 25നു പ്രവർത്തനമാരംഭിക്കും.
Read Also : വിദ്യാഭ്യാസ വായ്പ വില്ലനായി ‘പണി’ കളയുമോ?; ശ്രദ്ധിക്കാം 4 കാര്യങ്ങൾ
ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിഎസ്, എം.ടെക് പ്രോഗ്രാമുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ബിഎസിന് 50 സീറ്റ്; എംടെക്കിന് 20. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സീറ്റുകൾ നിശ്ചിത എണ്ണമെന്നു പരിമിതപ്പെടുത്തിയിട്ടില്ലെന്നു ഡയറക്ടർ ഇൻ ചാർജ് പ്രഫ.പ്രീതി അഗലയം പറഞ്ഞു.

ബിഎസിന്റെ വാർഷിക ഫീസ് 12,000 ഡോളർ (ഏകദേശം 9.85 ലക്ഷം രൂപ); എം.ടെക്കിന് 4000 ഡോളറും (ഏകദേശം 3.30 ലക്ഷം രൂപ). ഇരു പ്രോഗ്രാമുകളിലേക്കും ഓഗസ്റ്റ് 6 വരെ അപേക്ഷിക്കാം. www.iitm.ac.in/zanzibar/admission
ജെഇഇ അഡ്വാൻസ്ഡ്, ഗേറ്റ് പരീക്ഷകൾ വഴിയല്ല, 'ഐഐടി സാൻസിബർ സ്ക്രീനിങ് ടെസ്റ്റ്' (IITMZST) മുഖേനയാണു പ്രവേശനം. ചെന്നൈ, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ദുബായ്, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും.. തുടർന്ന് ഇന്റർവ്യൂവുമുണ്ടാകും.

ബിഎസിനു ജെഇഇ അഡ്വാൻസ്ഡോ എംടെക്കിനു ഗേറ്റോ വേണ്ടാത്തതിനാൽ ഇന്ത്യൻ വിദ്യാർഥികൾ സാൻസിബറിലേക്കു പോയി അവിടെയുള്ളവരുടെ സാധ്യത ഇല്ലാതാക്കില്ലേയെന്ന ചോദ്യത്തിന്, 'അങ്ങനെ കരുതേണ്ടതില്ല' എന്നായിരുന്നു ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടിയുടെ പ്രതികരണം. പ്രവേശനപരീക്ഷ വേറെയാണെങ്കിലും മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയിട്ടില്ലെന്നും പറഞ്ഞു.
നിലവിലെ താൽക്കാലിക ക്യാംപസിൽനിന്നു 2026 ജനുവരിയോടെ 300 ഏക്കറിലെ സ്ഥിരം ക്യാംപസിലേക്കു മാറും. സ്ഥലം നൽകുന്നതും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നതും ടാൻസനിയൻ സർക്കാരാണ്.
ഐഐടി ഡൽഹിയുടെ ക്യാംപസ് അധികം വൈകാതെ അബുദാബിയിൽ ആരംഭിക്കും. ഐഐടി ഖരഗ്പുർ മലേഷ്യയിൽ ക്യാംപസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
തലപ്പത്ത് മലയാളിയും
ഐഐടി സാൻസിബർ ക്യാംപസിന്റെ തലപ്പത്തുള്ള 3 പേരിൽ മലയാളിയും. ഐഐടി മദ്രാസ് സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസറും പാലാ വലവൂർ നെല്ലിക്കയം സ്വദേശിയുമായ ഡോ. ലിജി ഫിലിപ് പുതിയ ക്യാംപസിന്റെ ഇൻഫ്രാസ്ട്രക്ചർ പ്രഫസർ–ഇൻ–ചാർജാണ്. ഡയറക്ടർ–ഇൻ–ചാർജ് ആൻഡ് ഡീൻ പ്രഫ. പ്രീതി അഗലയം, പ്രഫ.രഘുനാഥൻ രംഗസ്വാമി എന്നിവരാണു തലപ്പത്തുള്ള മറ്റു 2 പേർ.
Content Summary : India to set up first IIT abroad in Zanzibar, Tanzania; plans to launch programs in October 2023