ADVERTISEMENT

ഇതൊരു സ്കോളർഷിപ് നേട്ടത്തിന്റെ മാത്രം കഥയല്ല, ഒരുമിച്ചു ശ്രമിച്ച് ഒരുമിച്ചു നേട്ടം കൊയ്ത സൗഹൃദത്തിന്റെ കൂടി കഥയാണ്. കോട്ടയം സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ റിസർച് അസിസ്റ്റന്റുമാരായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവർക്കു യുഎസിലെ ടെനിസി സർവകലാശാലയിൽ 5 വർഷത്തെ ഗവേഷണത്തിനു ലഭിച്ചത് 2.85 കോടി രൂപയുടെ സ്കോളർഷിപ്. കെമിസ്ട്രിയിൽ നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള ഗവേഷണത്തിനായി ഇരുവരും ജൂലൈ അവസാനത്തോടെ യുഎസിലേക്കു പോകുന്നു. രണ്ടുപേരുടെയും ഗൈഡായ ഡോ.വിബിൻ ഐപ് തോമസ് ശിഷ്യരുടെ ഇരട്ട നേട്ടത്തിന്റെ സന്തോഷത്തിലാണ്.

സിഎംഎസിലെ കൂട്ട് സ്കോളർഷിപ്പിലും 
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എഐയെപ്പറ്റി ഷെറിനും ഷാജിലയും ചിന്തിച്ചിട്ടുപോലുമില്ല. കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി പഠിക്കവേ, അവസാന സെമസ്റ്ററിലെ പ്രോജക്ടിനു വേണ്ടിയാണ് ഷെറിൻ സിഎംഎസിലെത്തിയത്. പിജി കഴിഞ്ഞ് സിഎംഎസിൽത്തന്നെ റിസർച് അസിസ്റ്റന്റായി.
തിരുവനന്തപുരം കാര്യവട്ടത്തെ കേരള സർവകലാശാലാ ക്യാംപസിൽ കംപ്യൂട്ടേഷനൽ ബയോളജിയിൽ എംഎസ്‌സി പഠിച്ച ഷാജില മെഷീൻ ലേണിങ്ങിലാണു സ്പെഷലൈസ് ചെയ്‌തത്. ഒന്നാം റാങ്കോടെ പാസായ ശേഷം ഷാജിലയും റിസർച് അസിസ്റ്റന്റായി സിഎംഎസിലെത്തി. ഒരുമിച്ചുള്ള റിസർച് വർക്കിനിടെ ഇവരുടെ പ്രബന്ധം നേച്ചർ ജേണലിന്റെ തിയററ്റിക്കൽ കെമിസ്ട്രി അക്കൗണ്ട്സിൽ പ്രസിദ്ധീകരിച്ചത് വഴിത്തിരിവായി.

ഗവേഷണത്തിൽ എഐ
ക്വാണ്ടം കെമിസ്ട്രിയിൽ മെഷീൻ ലേണിങ് ടൂളായി ഉപയോഗിച്ചുള്ള ഗവേഷണത്തിനാണു സ്കോളർഷിപ് ലഭിച്ചിരിക്കുന്നത്. മരുന്നു നിർമാണത്തിനുൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ക്രോസ് കപ്ലിങ് റിയാക്‌ഷനുകളിൽ മെഷീൻ ലേണിങ് ടൂളായി ഉപയോഗിച്ച് ഉൽപന്നലഭ്യതയുടെ തോതു കണക്കാക്കുന്നതായിരുന്നു സിഎംഎസിലെ റിസർച്. പരമ്പരാഗതമായി ലാബിൽ നടത്തുന്ന രാസപ്രവർത്തനങ്ങൾ ‌ചെയ്യാതെ തന്നെ എഐ കംപ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് എത്രത്തോളം ഉൽപന്നമുണ്ടാക്കാമെന്നു കണക്കുകൂട്ടാനാകും. പരീക്ഷണത്തിനുള്ള രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം; സമയവും ലാഭിക്കാം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രഗവേഷണങ്ങൾക്കു നിലവിൽ വിപുലമായ സാധ്യതകളാണുള്ളത്. കെമിസ്ട്രിയിലും ഫിസിക്സിലും എഐ അധിഷ്ഠിത ഗവേഷണങ്ങൾക്കു നൊബേൽ സമ്മാനം ലഭിക്കുന്നതും കഴിഞ്ഞവർഷം നമ്മൾ കണ്ടതാണ്.

ടെനിസിയിലേക്ക് എത്തിയതിങ്ങനെ
ഷാജിലയും ഷെറിനും ഓൺലൈനിൽ പല രാജ്യങ്ങളിലെയും മികച്ച സർവകലാശാലകളും കണ്ടെത്തി ഗവേഷണത്തിന് അപേക്ഷ അയച്ചിരുന്നു. ഇതിനിടെ, കഴിഞ്ഞ സെപ്റ്റംബറിൽ ജർമൻ കെമിക്കൽ സൊസൈറ്റിയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ ഷെറിന് അവസരം ലഭിച്ചു. അവിടെവച്ചു ടെനിസിയിലെ പ്രഫ. കോൺസ്റ്റാന്റിനോസ് വൊഗാറ്റിസിനെ കണ്ടുസംസാരിക്കാനായി. ആ പരിചയത്തിൽനിന്ന് ഇരുവരും ടെനിസിയിലേക്ക് അപേക്ഷിച്ചത്.

സ്കോളർഷിപ്പിലേക്കുള്ള വഴി
അപേക്ഷകർ ഗവേഷണത്തിനു താൽപര്യമുള്ള സർവകലാശാലകൾ കണ്ടെത്തി അപേക്ഷ അയയ്ക്കണം. യുഎസിലെ മിക്ക സർവകലാശാലകളിലേക്കും വർഷത്തിൽ രണ്ടുതവണ അപേക്ഷ അയയ്ക്കാനാകും. ഓഗസ്റ്റ്– സെപ്റ്റംബർ സമയത്താണു കൂടുതൽ കോഴ്‌സുകളിലേക്കും അഡ്മിഷൻ നടത്തുന്നത്. അപേക്ഷകരുടെ യുജി‌‌/പിജി മാർക്ക്, ഗവേഷണപരിചയം, പ്രബന്ധങ്ങൾ, ഇംഗ്ലിഷ് അഭിരുചി എന്നിവ വിലയിരുത്തി ഷോർട്‌ലിസ്റ്റ് ചെയ്യും. പഠിപ്പിച്ച അധ്യാപകരുടെയോ റിസർച് ഗൈഡുമാരുടെയോ ശുപാർശയും ആവശ്യമാണ്. രാജ്യാന്തര കോൺഫറൻസുകളിൽ പങ്കെടുത്തുള്ള അനുഭവപരിചയവും നല്ലതാണ്. പത്തനംതിട്ട തിരുവല്ല കാരയ്ക്കൽ പണിക്കരുവീട്ടിൽ ചെറിയാൻ സക്കറിയയുടെയും ഷേർളി ചെറിയാന്റെയും മകളാണ് ഷെറിൻ. വെച്ചൂച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ പി.ഇ.സലീമിന്റെയും ജാസ്‌മിൻ സലീമിന്റയും മകളാണ് ഷാജില. ഭർത്താവ്: നൗഫൽ നൗഷാദ്.

English Summary:

AI Revolutionizes Chemistry: Indian Researchers Secure Massive US Scholarship. AI Revolutionizes Chemistry Two Indian Researchers Awarded Massive US Scholarship.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com