ADVERTISEMENT

അധാർമിക പെരുമാറ്റത്തിന്റെ പേരിൽ തങ്ങളുടെ 300 ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോയുടെ നടപടിയുടെ ഞെട്ടൽ ഐടി മേഖലയിൽ ഇപ്പോഴും പ്രകടമാണ്. ജീവനക്കാരെ പിരിച്ചുവിടുന്നതും പുതുതായി നിയമിക്കുന്നതുമൊന്നും വാർത്തയല്ലെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് മൂൺലൈറ്റിങ് എന്ന കേട്ടുകേൾവിയില്ലാത്ത പ്രതിഭാസത്തിന്റെ പേരിൽ പ്രശസ്ത സ്ഥാപനം കൂട്ടിപിരിച്ചുവിടലിലേക്കു കടന്നത്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ, പരസ്പരം മത്സരിക്കുന്ന എതിർ കമ്പനികളുമായി അനധികൃതമായി കരാറുണ്ടാക്കുകയും അവർക്കു വേണ്ടി ജോലി ചെയ്ത് ശമ്പളം വാങ്ങുകയും ചെയ്യതാണ് മൂൺലൈറ്റിങ് എന്ന പേരിൽ അറിയപ്പെടുന്നത്.

 

മാതൃസ്ഥാപനത്തെ കബളിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടതും. തങ്ങളുടെ ജീവനക്കാർ എതിർ സഥാപനങ്ങൾക്കു വേണ്ടിയും ജോലി ചെയ്യുന്നതിലൂടെ ഉൽപാദന ക്ഷമത കുറയുകയും കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തോട് പുലർത്തേണ്ട വിശ്വാസ്യത ബലി കഴിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.  കോവിഡ് മഹാമാരിയെത്തുടർന്ന വർക് ഫ്രം ഹോം വ്യാപകമായതോടെയാണ് ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ജീവിക്കാർക്ക് അവസരം ഉണ്ടായത്. 

 

WIPRO-RESULTS/
Photo Credit: Abhishek chinnappa

വീട്ടിലിരുന്ന് സ്ഥിരം ജോലി ചെയ്യുന്നതിൽ നിന്നു മാറി മറ്റൊരു ലാപ്‌ടോപ്പിൽ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്യുമ്പോൾ സംഭവം ആരും അറിയാൻ പോകുന്നില്ലെന്നായിരുന്നു ജീവനക്കാരുടെ മിഥ്യാവിശ്വാസം. എന്നാൽ മൂൺലൈറ്റിങ് കണ്ടുപിടിക്കപ്പെട്ടതോടെ ജീവനക്കാർ വെട്ടിലായി. ഉടൻ വിപ്രോ കർശന നടപടിയും സ്വീകരിച്ചു. എന്നാൽ മൂൺലൈറ്റിങ് അധാർമികമല്ല എന്നു വാദിക്കുന്ന വലിയൊരു കൂട്ടം സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ജീവനക്കാർ മറ്റു സ്ഥാപനങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നതിൽ വിരോധമില്ലന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം കുറവാണെങ്കിലും. 

 

വിപ്രോയുടെ നടപടിയെ കുറേയധികം സ്ഥാപനങ്ങൾ സ്വാഗതം ചെയ്തപ്പോൾ എതിർത്തവരുമുണ്ട്. വിപ്രോ കമ്പനി മേധാവി ചെയ്തത് ശരിയല്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്പോഴും ഒട്ടേറെ മെയിലുകളും ലഭിക്കാറുണ്ട്. എന്നാൽ മൂൺലൈറ്റിങ് എങ്ങനെയാണ് കണ്ടുപിടിച്ചത് എന്നത് സ്ഥാപനം വിശദീകരിച്ചിരുന്നില്ല. പല സാധ്യതകളും ഉണ്ടെങ്കിലും ഏതു വഴിയിലൂടെയാണ് കള്ളം കണ്ടുപിടിച്ചതെന്ന് കമ്പനി വെളിപ്പെടുത്താതിരുന്നത് ഒട്ടേറെ അഭ്യൂഹങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇതിനിടെയാണ് ഓഹരിവിപണിയിലെ രാജീവ് മേഹ്ത എന്ന നിക്ഷേപകന്റെ ട്വീറ്റ് ചർച്ചയായിരിക്കുന്നത്. വിപ്രോ എങ്ങനെയാണ് അധാർമികമായ പെരുമാറ്റം കണ്ടുപിടിച്ചതെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്.

 

പല സ്ഥാപനങ്ങൾക്കുവേണ്ടി ഒരേ ആവേശത്തോടെ ജോലി ചെയ്യുകയായിരുന്നു അവർ. രണ്ടു വ്യത്യസ്ത ലാപ്‌ടോപ് ആണ് അവർ ഉപയോഗിച്ചത്. ഒരൊറ്റ വൈഫൈ കണക്ഷൻ മാത്രം മതിയായിരുന്നു രണ്ടു ജോലിയും ചെയ്യാൻ. സ്വന്തം വീട്ടിലെ സൗകര്യങ്ങളെല്ലാം അനുഭവിച്ചുകൊണ്ട് കൂടുതൽ പണം സമ്പാദിക്കാൻ എളുപ്പമാർഗം. എന്നാൽ ആരും സംശയിക്കാത്ത, നിഷ്‌കളങ്കമെന്നു തോന്നാവുന്ന ഒന്നിലൂടെയാണ് കള്ളം വെളിയിൽ വന്നത്. പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ.

 

കേന്ദ്രസർക്കാർ നിയമം അനുസരിച്ച് ജീവനക്കാർക്കു നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം എല്ലാ സ്ഥാപനങ്ങളും പ്രോവിഡിന്റ് ഫണ്ടിൽ അടയ്‌ക്കേണ്ടതുണ്ട്. കൃത്യമായി വിഹിതം അടയ്ക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരവുമുണ്ട്. എന്നാൽ പ്രോവിഡന്റ് ഫണ്ട് വിഹിതം ഉറപ്പാക്കാൻ ജീവനക്കാർ തങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാശങ്ങളും കമ്പനിയിൽ അറിയിക്കണം എന്നാണു നിയമം. ആധാർ, പാൻ നമ്പർ ഉൾപ്പെടെയുള്ള രേഖകൾ ഇതിനു വേണ്ടി ആവശ്യപ്പെടാറുണ്ട്. പല സ്ഥാപനങ്ങൾക്കു വേണ്ടി ഒരാൾക്ക് ജോലി ചെയ്യാമെങ്കിലും ഒന്നിലധികം ആധാറും പാൻ നമ്പറും സാധ്യമല്ലല്ലോ. ഒരേ ആധാർ നമ്പറും പാൻ നമ്പറും ഉപയോഗിച്ചാണ് രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപം കൈകാര്യം ചെയ്തത്. എല്ലാ രേഖകളും കൃത്യമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിപ്രോയ്ക്ക് ജീവനക്കാരുടെ കള്ളം കണ്ടുപിടിക്കാൻ സാധിച്ചു- ട്വീറ്റിൽ പറയുന്നു.

 

ഒരു ജീവനക്കാരനു വേണ്ടി ഒരേ സ്ഥാപനം ഒന്നിലധികം തവണ വിഹിതം അടച്ചിട്ടുണ്ടോ എന്ന് പ്രോവിഡന്റ് ഫണ്ട് അധികൃതർ പരിശോധിക്കാറുണ്ട്. തെറ്റായി പല വിഹിതങ്ങൾ വന്നോ എന്നറിയാനുള്ള പരിശോധനയാണ് നടക്കാറുള്ളത്. എന്നാൽ ഈ പരിശോധന ജീവനക്കാർക്കു തന്നെ തിരിച്ചടിയായി മാറുകയായിരുന്നു. പല അക്കൗണ്ടിൽ നിന്ന് ഒരേ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ വിഹിതം വന്നതോടെ കള്ളം കണ്ടുപിടിക്കപ്പെട്ടു.

പിഎഫ് അക്കൗണ്ടിലൂടെയാണ് കള്ളം കണ്ടുപിടിച്ചതെന്ന് എങ്ങനെയാണ് കണ്ടുപിടിച്ചതെന്നോ എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ ഇതു പറയുന്നതെന്നോ ട്വിറ്ററിൽ വിശദീരിച്ചിട്ടില്ല. എന്നാൽ ട്വീറ്റിന് വ്യാപക പ്രചാരമാണു ലഭിച്ചത്. ഒട്ടേറെ ജീവനക്കാർ കമന്റ് കളുമായി രംഗത്തെത്തുകയും ചെയ്തു.

 

Content Summary : A viral tweet explains how Wipro caught its employees moonlighting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com