ജോയ് ആലുക്കാസിന് ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

Mail This Article
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് ചണ്ഡീഗഢ് ആസ്ഥാനമായ ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ സ്വർണ വ്യവസായ രംഗത്തെ ആധുനികവൽക്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ നാളിതുവരെ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ജോയ് ആലുക്കാസിന് ഡോക്ടറേറ്റ് ലഭിച്ചത്. യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. അശോക് കെ ചിത്കാര, പ്രൊ ചാൻസിലർ ഡോ. മധു ചിത്കാര, വൈസ് ചാൻസിലർ ഡോ. സന്ദിർ ശർമ, പ്രൊ വൈസ് ചാൻസിലർ ഡോ. കവിത തരഗി എന്നിവർ ചേർന്ന് ജോയ് ആലുക്കാസിനെ ആദരിച്ചു. വിശിഷ്ടാഥിതികൾക്കു പുറമെ ഫാക്കൽറ്റികൾ, യൂണിവേഴ്സിറ്റി അധികൃതർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വ്യവസായത്തെ മാത്രമല്ല, സമൂഹത്തെ ആകെ മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള ദീർഘവീക്ഷണമാണ് ജോയ് ആലുക്കാസിന്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നതെന്ന് യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ. മധു ചിത്കാര പറഞ്ഞു. ഏറെ അഭിമാനത്തോടെയാണ് ജോയ് ആലുക്കാസിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭകത്വം വളർത്തുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള പ്രാധാന്യത്തെപ്പറ്റി ഫാക്കൽറ്റികളുമായും വിദ്യാർഥികളുമായും ജോയ് ആലുക്കാസ് സംവദിച്ചു. തുടർന്ന് യൂണിവേഴ്സിറ്റിയുടെ പാഠ്യ- പാഠ്യേതര മികവ്, വിവിധ വിഷയങ്ങളിലുള്ള ഗവേഷണം, സാമൂഹിക ഇടപെടൽ എന്നീ മേഖലകളിൽ ജോയ് ആലുക്കാസിന്റെ സഹകരണം ലഭ്യമാകുന്ന ധാരണാപത്രത്തിൽ ചിത്കാര യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ഒപ്പുവെച്ചു.
റീറ്റെയ്ൽ ബിസിനസിനെ ആഗോളതലത്തിലെത്തിക്കാൻ ജോയ് ആലുകാസിന് സാധിച്ചു. 1987ൽ യുഎഇയിലാണ് ജോയ്ആലുക്കാസിന്റെ ആദ്യ ജ്വല്ലറി ഷോറൂം ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ട്, ആഗോളതലത്തിൽ 12 രാജ്യങ്ങളിലായി വ്യാപാര ശൃംഖലയുള്ള പ്രസ്ഥാനമായി. ഇന്ന് ലോകത്താകെ 175 ഷോറൂമുകളുള്ള ജോയ് ആലുക്കാസ്, ഏക ഉടമസ്ഥതയിലുള്ള ലോകത്തെ വലിയ റീട്ടെയിൽ ജ്വല്ലറി വ്യവസായത്തിൽ ഒന്നാണ്. ആഗോള, ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കുന്ന ജോയ് ആലുക്കാസിനു കീഴിൽ മണി എക്സ്ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ, ജോളി സിൽക്‌സ് ആൻഡ് റിയാലിറ്റി, ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്‌സ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ബിസിനസ് എക്സലൻസ് അവാർഡ്, ദുബായ് ക്വാളിറ്റി അവാർഡ് എന്നിങ്ങനെ നിരവധി ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളും ജോയ് ആലുക്കാസിന് ലഭിച്ചിട്ടുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത വിഭാഗമായ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ മുഖേന രാജ്യത്തുടനീളം വിവിധ സന്നദ്ധ സേവനപ്രവർത്തനങ്ങളും വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകാൻ ജോയ് ആലുക്കാസിന് കഴിഞ്ഞു.
ജോയ് ആലുക്കാസിന്റെ നിശ്ചയദാർഢ്യത്തിന്റെ ജീവിതയാത്ര വിവരിക്കുന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആത്മകഥയാണ് 'സ്പ്രെഡിംഗ് ജോയ്'.