ADVERTISEMENT

നീലക്കുറുക്കൻ എന്നു കേട്ടിട്ടുണ്ടാകും, ഇതു പോലെ ബ്രിട്ടനിൽ ഇപ്പോൾ കുറേ നീലത്തവളകൾ ഇറങ്ങിയിരിക്കുകയാണ്. നിറം മാറാൻ കഴിവുള്ള ഒരു കൂട്ടം ‘മൂർ’ തവളകൾ. 700 വർഷത്തിനു ശേഷമാണത്രേ ഇവ ബ്രിട്ടനിൽ, നീലയിലേക്കു തങ്ങളുടെ ശരീരനിറം മാറ്റുന്നത്. യൂറോപ്പിൽ കാണപ്പെടുന്ന തവളവിഭാഗമാണ് മൂർ ഫ്രോഗ്സ്. എന്നാൽ ബ്രിട്ടനിൽ ഇവ അപൂർവമാണ്. ഇണകളെ ആകർഷിക്കാനായാണ് ഇവയിലെ ആൺതവളകൾ ഇടയ്ക്കിടെ ശരീരത്തിന്റെ നിറം മാറ്റുന്നത്. മറ്റ് ആൺതവളകളിൽ നിന്നു ശക്തമായ മൽസരം തങ്ങൾക്കുണ്ടാകുന്നുവെന്നു തോന്നിയാൽ ഇവ നിറം മാറി നീലനിറം തേടും. മൂർ ഫ്രോഗ്സിൽ ആൺ തവളകൾക്കു മാത്രമാണ് നിറം മാറുന്നത്.

ഇക്കാര്യം മനസിലാക്കിയ സ്ട്രാഫോർഡ് ഷയർ സ്വദേശികളായ ഹാർവി ട്വീറ്റ്സ്, ടോം വൈറ്റ്ഹസ്റ്റ് എന്നീ സ്കൂൾകുട്ടികൾ, ഇത്തരത്തിൽ പെട്ട ഒരു കൂട്ടം തവളകളെ ഒരു താൽക്കാലിക കൂടുണ്ടാക്കി പാർപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. തുടർന്ന് ഇവയുടെ കൂടിനരികിൽ വച്ച് മറ്റ് ആൺതവളകളുടെ ശബ്ദം റെക്കോർഡറിൽ പ്ലേ ചെയ്തു കേൾപ്പിച്ചു. ഇതോടെ മറ്റ് ആൺതവളകൾ തങ്ങൾക്കു ചുറ്റുമുണ്ടെന്നും ശക്തമായ മൽസരമുണ്ടെന്നും തെറ്റിദ്ധരിച്ച തവളകൾ നിറം മാറി നീലയായി. ഏഴു സെന്റീമീറ്റർ വരെ നീളമുള്ള തവളകളാണ് മൂർഫ്രോഗുകൾ. നിറം മാറാത്ത അവസ്ഥയിൽ ചുവപ്പു കലർന്ന ബ്രൗണാണ് ഇവയുടെ നിറം. ചിലത് ഒലീവ്, ചാര, കടുംമഞ്ഞ നിറങ്ങളിലും കാണാറുണ്ട്. സാധാരണ തവളകളുടേത് പോലെ തന്നെ ഇവയുടെ വയർഭാഗത്തിനും വെളുത്ത നിറമാണ്.റാണാ അർവാലിസ് എന്നാണു മൂർ തവളകളുടെ ശാസ്ത്രീയനാമം.

മാർച്ചിനും ജൂണിനും ഇടയ്ക്കുള്ള സമയത്താണ് ഇവ യൂറോപ്പിൽ നിറം മാറാറുള്ളത്. ശരത്കാലത്ത് ഇവ മാസങ്ങൾ നീണ്ട നിദ്രാവസ്ഥയിലേക്കു കടക്കാറുണ്ട്. വളരെ സവിശേഷമായ ശബ്ദമാണ് ഇവയുടേത്.നീർക്കുമിളകൾ ഉയർന്നു പൊങ്ങുമ്പോഴുള്ള ശബ്ദത്തിനു സമാനമാണിതെന്ന് ജന്തുനിരീക്ഷകർ പറയുന്നു. ഒരേ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ നൂറുകണക്കിനു തവളകൾ ഒരുമിച്ചു താമസിക്കാറുണ്ട്. പോളണ്ടിലെ മിലിക്സ് പോണ്ട് എന്ന വലിയ കുളം,ഇത്തരം തവളകൾ ധാരാളമായി പെരുകിയതിനാൽ ലോകപ്രശസ്തമാണ്. ഏഷ്യയിലെ അൾട്ടായ് പർവതനിരകളിലും ഇവ കാണപ്പെടാറുണ്ട്. അതിനാൽ അൾട്ടായ് ബ്രൗൺ ഫ്രോഗ് എന്നും അറിയപ്പെടുന്നു.

ഒച്ചുകളും പ്രാണികളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട ആഹാരം. ഏതെങ്കിലും ആപത്തിൽ പെട്ടെന്നു തോന്നിയാൽ മൂർ തവളകൾ ചാടിമാറുകയും പുല്ലിലോ മണ്ണിലോ ഒളിച്ചിരിക്കാൻ ശ്രമിക്കുകയും ചെയ്യും. ബീവറുകളാണ് മൂർഫ്രോഗുകളെ പ്രധാനമായും വേട്ടയാടുന്ന ജീവികൾ. ഡ്രാഗൺഫ്ലൈ പോലെയുള്ള ചിലയിനം പ്രാണികൾ ഇവയുടെ വാൽമാക്രികളെ ഭക്ഷിക്കാറുണ്ട്. ഇണകളാകുന്ന തവളകളിൽ നിന്ന് ഒരു സീസണിൽ 3000 വാൽമാക്രികൾ വരെ പിറക്കാറുണ്ട്.11 വർഷം വരെ ജീവിതകാലവധിയുള്ള മൂർ തവളകൾ ജനിച്ചു മൂന്നു വർഷം പിന്നിടുമ്പോൾ പ്രായപൂർത്തിയെത്തും. ഇവയുടെ എണ്ണം കുറവായ ബ്രിട്ടനിൽ പുനരധിവസിപ്പാൻ ശ്രമങ്ങൾ നടന്നു വരുന്നു.

English Summary: Frog turns blue for first time in 700 years amid calls for rare amphibians to be reintroduced to Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com