വേട്ടയാടാൻ മാടുകളെപ്പോലെ വളർത്തുന്ന മൃഗരാജൻമാർ; ഫാമുകള്‍ നിരോധിക്കാന്‍ ദക്ഷിണാഫ്രിക്ക!

Mail This Article
വിനോദത്തിനായി വേട്ടയാടുന്ന ഏക ജീവിവര്‍ഗമാണ് മനുഷ്യര്‍. വിവിധ ജീവികളുടെ സംരക്ഷണം മുന്നില്‍ കണ്ട് വന്യജീവി പാര്‍ക്കുകളും, സംരക്ഷിത മേഖലകളും എല്ലാ രാജ്യങ്ങളിലും നിലവില്‍ വന്നപ്പോള്‍ വിനോദത്തിനു വേണ്ടി വേട്ടയാടുന്നവര്‍ മറ്റു വഴികള്‍ തേടി. ഇങ്ങനെയാണ് ആഫ്രിക്കയില്‍ ട്രോഫി ഹണ്ടിങ് എന്ന ക്രൂരമായ സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ള വിനോദം നിലവില്‍ വന്നത്. ഒരു ജീവിക്ക് മാത്രം ലക്ഷങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വേട്ടയാടാനുള്ള സൗകര്യമാണ് ട്രോഫി ഹണ്ടിങ് എന്നറിയപ്പെടുന്നത്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഔദ്യോഗികമായി തന്നെ സ്വകാര്യപാര്‍ക്കുകള്‍ ഇതിനായി സ്ഥാപിക്കപ്പെട്ടു. വേട്ടയാടാന്‍ വേണ്ടി മാത്രമുള്ള മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകളായി ഇതുമാറി.
സമൂഹമാധ്യമങ്ങളും മറ്റും സജീവമായതോടെ പലരും വേട്ടയാടലിന്‍റെ വീരകഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ തുടങ്ങി. ഇത് ലോക മെമ്പാടുമുള്ള മൃഗസ്നേഹികളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. രാജ്യാന്തര സംഘടനകള്‍ ഇടപെട്ടു. ഇതിനിടെ ട്രോഫി ഹണ്ടിങ് ആഫ്രിക്കയുടെ ജൈവസമ്പത്തിനെ സംരക്ഷിക്കാനുള്ള ഏക വരുമാന സ്രോതസ്സാണെന്നു വരെ പലരും പ്രചരിപ്പിച്ചു. എന്നാല്‍ വൈകാതെ ട്രോഫി ഹണ്ടിങ്ങിനെതിരായ വികാരം ശക്തമായി. ഇന്ന് പല രാജ്യങ്ങളും ട്രോഫി ഹണ്ടിങ്ങിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ട്രോഫി ഹണ്ടിങ്ങിന് ഇപ്പോള്‍ തന്നെ വിലക്കുള്ള ദക്ഷിണാഫ്രിക്കയാകട്ടെ സ്വകാര്യ ഫാമുകള്‍ തന്നെ നിരോധിക്കാനുള്ള തയാറെടുപ്പിലാണ്.
സിംഹങ്ങളെ വളര്‍ത്തുന്ന ഫാമുകള്‍
2019 ല്‍ തുടങ്ങിയ ഒരു നിയമ പോരാട്ടത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സിംഹ ഫാമുകളുടെ നിരോധനത്തിനുള്ള നടപടികള്‍. സിംഹങ്ങളുടെ കൃത്രിമ ബീജ ഉൽപാദനം നടത്താനും അവയെ ദുരുപയോഗം ചെയ്യാനുമുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഈ നിയമ നിര്‍മാണം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ പരിസ്ഥിതി സംഘടനകളും ദക്ഷിണാഫ്രിക്കയിലെ വനം വകുപ്പ് മന്ത്രിയും ചേര്‍ന്നാണ് ഈ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകിയത്. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സിംഹങ്ങളും ആനകളും കാണ്ടാമൃഗങ്ങളും ഉള്‍പ്പടെയുള്ള ജീവികളെ വളര്‍ത്തുന്ന ഫാമുകളെക്കുറിച്ച് അന്വേഷിച്ചിക്കാൻ ഒരു സമിതിയെ ചമുതലപ്പെടുത്തി. ഈ സമിതിയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സിംഹങ്ങളെ വേട്ടയ്ക്കും മരുന്നിനും വേണ്ടി കൃത്രിമമായി വളര്‍ത്തുന്ന ഫാമുകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടത്.
ഇപ്പോള്‍ ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മെയ് 2 ന് അധികൃതര്‍ ആദ്യ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഏതാണ്ട് ദശലക്ഷക്കണക്കിന് ഡോളര്‍ മൂലധനമുള്ള ദക്ഷിണാഫ്രിക്കയിലെ സിംഹ ഫാമുകളെല്ലാം അടച്ചുപൂട്ടും. സിംഹങ്ങളെ വേട്ടയാടുന്നതിന് നേരത്തെയുണ്ടായിരുന്ന നിയന്ത്രണം ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ പൂര്‍ണ നിരോധനമായി മാറി. ഇതോടൊപ്പം സിംഹക്കുട്ടികളെ വളര്‍ത്താനായി വിദേശികള്‍ക്ക് കൈമാറുന്നതും നിരോധിച്ചു. കൂടാതെ നിലവില്‍ ഇത്തരം ഫാമുകളിലുള്ള സിംഹങ്ങളെ ദയാവധത്തിന് ഇരയാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഇത്ര നാളും ഫാമില്‍ ജീവിച്ച ഇവയ്ക്ക് വനത്തില്‍ അതിജീവിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.
വെല്ലുവിളികള്‍
സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഈ തീരുമാനം എല്ലാവരും ചേർന്നെടുത്ത ഒന്നായിരുന്നില്ല. സമിതിയുടെ ലക്ഷ്യം മൃഗങ്ങളുടെ വിനോദവേട്ട നടത്തുന്നത് നിര്‍ത്തലാക്കുക എന്നതായിരുന്നു. ഇതില്‍ മറ്റ് മൃഗങ്ങളെ ഒഴിവാക്കി സിംഹങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മറ്റ് മൃഗങ്ങളുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി നടപടിയെടുക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. പാരിസ്ഥിതിക ഘടകങ്ങള്‍ക്കൊപ്പം സാമ്പത്തികമായ ഘടകങ്ങള്‍ കൂടി പരിശോധിച്ചായിരുന്നു സമിതിയുടെ ഈ തീരുമാനം. അതേസമയം സിംഹവേട്ടയും സിഹത്തെ വളര്‍ത്തലും നിരോധിച്ചാലും പരമ്പരാഗത മരുന്നുകള്‍ക്കായുള്ള സിംഹങ്ങളുടെ അസ്ഥികളുടെ വിൽപന തുടരണമെന്ന അഭിപ്രായവും സമിതിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ നിര്‍ദ്ദേശം പിന്നീട് തള്ളിക്കളയുകയായിരുന്നു.
സിംഹങ്ങളുടെ ട്രോഫി ഹണ്ടിങ്ങിനെ അനുകൂലിക്കുന്നവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത് ഇതിലൂടെ ലഭിക്കുന്ന വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനമാണ്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി ഈ വരുമാനത്തിന്‍റെ വലിയൊരു പങ്ക് ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആയിരക്കണക്കിന് മൃഗങ്ങളെ നരകയാതനയിലേക്ക് തള്ളിവിട്ട് അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് വന്യജീവികളെ സംരക്ഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരായുന്നു. കൂടാതെ ട്രോഫി ഹണ്ടിങ്ങിലൂടെ ലഭിക്കുന്ന വരുമാനം വന്യജീവി പരിപാലനത്തിനായുള്ള ചെലവിന്‍റെ നേരിയ അംശം മാത്രമാണു വരുന്നത്. ട്രോഫി ഹണ്ടിങ് ഇല്ലെങ്കിലും വനമേഖലയിലെ സഫാരി തന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: South Africa To Ban Lion Farming For Hunting, Tourist Attractions, And Bone Trade