ADVERTISEMENT

വടക്കേ അമേരിക്കയിലെ പൂച്ച വര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ ജീവികളാണ് പ്യൂമകള്‍ അഥവാ മൗണ്ടൻ ലയണുകൾ. വനമേഖലകളില്‍ മാത്രമല്ല നഗരപ്രദേശങ്ങളുടെ അതിര്‍ത്തികളിലുള്ള കാടുകളിലും ഇവയെ കാണാറുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തനായത് ലൊസാഞ്ചലസിനോട് ചേര്‍ന്നുള്ള ദേശീയ പാര്‍ക്കിലുള്ള ഒരു പ്യൂമയാണ്. ഇന്ത്യയില്‍ പൂനെ നഗരത്തില്‍ ജീവിക്കുന്ന പുള്ളിപ്പുലികളെ പോലെ ഇവിടുത്തെ ജീവികള്‍ക്കും നഗരജീവിതം അപരിചിതമായ ഒരു അനുഭവമല്ല.

 

ലൊസാഞ്ചലസിലെ ഏറ്റവും പ്രശസ്തനായ പ്യൂമ പി-22 എന്നു വിളിക്കുന്ന പ്യൂമയായിരുന്നു. ലൊസാഞ്ചലസിലെ വന്യജീവി പ്രേമികള്‍ മാത്രമല്ല സാധാരണക്കാര്‍ പോലും കൗതുകത്തോടെ വീക്ഷിച്ചിരുന്ന പ്യൂമയായിരുന്നു പി-22. 2012 മുതലാണ് ഈ പ്യൂമ കലിഫോർണിയയോട് ചേര്‍ന്നുള്ള സാന്‍റാ മോണിക്ക പര്‍വത നിരകളില്‍ കാണപ്പെടാന്‍ തുടങ്ങിയത്. ഏതായാലും ഏതാണ്ട് 10 വര്‍ഷത്തോളം നീണ്ട നഗരജീവിതത്തിന് ശേഷം ഈ മേഖലയില്‍ നിന്ന് പി-22 വിടപറഞ്ഞു.  മെഡിക്കൽ സംഘത്തിന്റെ നിര്‍ദേശപ്രകാരം പി 22നെ ശനിയാഴ്ച ദയാവധത്തിന് വിധേയമാക്കി.

പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് കൂടിയതോടെയാണ് പി-22 ഇനി ഈ മേഖലയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് അധികൃതര്‍ മനസ്സിലാക്കിയത്. ഇതിന് പുറമെ അപരിചിതത്വം മാറിയതോടെ മനുഷ്യരെയും പി-22 ആക്രമിച്ചേക്കുമോയെന്ന ആശങ്കയും ഉടലെടുത്തു. ഇതേ തുടര്‍ന്ന് പി-22 വിനെ അധികൃതര്‍ പിടികൂടി പരിശോധിച്ചിരുന്നു. എന്നാല്‍ പി-22 വിന്‍റെ ആരോഗ്യനില പരിതാപകരമാണെന്ന് ഇവര്‍ കണ്ടെത്തി. സമീപകാലത്ത് ഒരു കാറിടിച്ച് പി-22 ന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഈ പ്യൂമയുടെ ആരോഗ്യം നാള്‍ക്കുനാള്‍ മോശമായി വരുന്നു എന്നാണ് ഇവര്‍ നിരീക്ഷിച്ചത്.

 

ഇനിയും ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ പി -22 ന്‍റെ നില പരിതാപകരമാകും എന്ന നിഗമനത്തിലാണ് വന്യജീവി വകുപ്പും ഡോക്ടര്‍മാരുമെത്തിയത്. ഇതോടെ പി-22 വിനെ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യം മോശമായതോടെയാണ് പ്യൂമ വന്യമൃഗങ്ങളെ വേട്ടയാടാന്‍ സാധിക്കാതെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. കൂടാതെ വനമേഖലയോട് ചേര്‍ന്നുള്ള തടാകങ്ങളുടെ സമീപത്ത് നടക്കാനെത്തി മനുഷ്യരെയും അപകടകരമായ രീതിയില്‍ ഈ പ്യൂമ സമീപിച്ചിരുന്നു. ഇവിടെ നിന്നു തന്നെയാണ് ഏതാനും വളര്‍ത്ത്നായകളെയും പി-22 ആക്രമിച്ച് ഭക്ഷണമാക്കിത്. 

 

സാന്‍റിയാഗോ മൃഗശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പി-22 വിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് പ്യൂമയുടെ തലയ്ക്കുള്ളിലുള്ള ക്ഷതത്തെ പറ്റി ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. കൂടാതെ പ്യൂമയുടെ മറ്റ് അന്തരികാവയവങ്ങളും അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു .പ്യൂമയുടെകിഡ്നിയുടെ പ്രവര്‍ത്തനത്തിലും തകരാറുകളുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഇത് കൂടാത പി-22 വിന്‍റെ ശരീരഭാരവും ഗണ്യമായി കുറഞ്ഞാണ് കാണപ്പെട്ടത്. കണ്ണിനുള്ളില്‍ കണ്ടെത്തിയ പാരസൈറ്റ് ബാധയാണ് പ്യൂമയുടെ ആരോഗ്യത്തെ സംബന്ധിച്ച അടുത്ത ആശങ്ക വിതച്ചത്.

 

ഇപ്പോള്‍ 12 വയസ്സുള്ള പ്യൂമയ്ക്ക് ഇനി അധികം ആയുസ്സുമില്ലെന്ന വസ്തുത കൂടി കണക്കിലെടുത്താണ് പി-22 വിന്‍റെ നില പരിതാപകരമാകും മുന്‍പ് ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചത്. കാറിടിച്ചുണ്ടായ അപകടമാണ് പ്യൂമയെ ഈ നിലയിലെത്തിച്ചത് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതേസമയം അപകടത്തിനിടയാക്കിയ സംഭവം പ്യൂമയുടെ കുഴപ്പം കൊണ്ട് ഉണ്ടായതല്ല മറിച്ച് കാര്‍ ഡ്രൈവറുടെ അശ്രദ്ധമൂലമാണെന്നും അധികൃതര്‍ പറയുന്നു.

ലൊസാഞ്ചലസിലെ പോസ്റ്റര്‍ ബോയ്

ലോസാഞ്ചലസ് നഗരത്തിലെ വന്യജീവി സംരക്ഷണ പ്രചരണങ്ങളിലെ മുഖമായിരുന്നു പി-22. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയാണ് ലോസാഞ്ചലസിലേത്. ഈ ഹൈവേ സ്ഥിതി ചെയ്യുന്നത് വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന പാതയിലും. അതുകൊണ്ട് തന്നെ പല മൃഗങ്ങളും അപകടത്തില്‍ പെടുന്നത് ഒരു ദശാബ്ദം മുന്‍പ് വരെ സ്ഥിരം വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഹൈവേയുടെ അടിയിലൂടെ മൃഗങ്ങള്‍ക്ക് മുറിച്ച് കടക്കാനായി അടിപ്പാതകള്‍ വേണമെന്ന ആവശ്യമുയര്‍ന്നത്.

ഈ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രചാരണങ്ങളിലാണ് പ്യൂമ അതിന്‍റെ മുഖമായത്. അമേരിക്കയാകെ ഈ ആവശ്യത്തിന് പിന്തുണയര്‍പ്പിച്ച് പലയിടങ്ങളില്‍ പ്രചാരണങ്ങൾ നടന്നു. സമൂഹമാധ്യമങ്ങളും ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് വനമേഖലയോട് ചേര്‍ന്നുള്ള ഹൈവേയുടെ ഭാഗങ്ങളില്‍ പലയിടത്തായി മൃഗങ്ങള്‍ക്ക് മുറിച്ച് കടക്കാന്‍ അടിപ്പാത പണിതത്. പിന്നീട് ഇതേ മാതൃക മറ്റ് പല നഗരങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. അതുകൊണ്ട് തന്നെ അമേരിക്കന്‍ ജനതയ്ക്ക് വന്യമൃഗങ്ങളോടുള്ള സമീപനം മാറ്റിയ മൃഗം എന്ന ഖ്യാതി കൂടി പി-22 വിനുണ്ട്. 

English Summary: Los Angeles bids farewell to P-22, the celebrity mountain lion that captured hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com