വാൾമാർട്ട് കെട്ടിടത്തിനു പുറത്തിരുന്നത് ദിനോസറിന്റെ കാലത്ത് ജീവിച്ച തുമ്പി

Mail This Article
അമേരിക്കയിലെ അർകൻസാസിലുള്ള ഒരു വാൾമാർട്ട് കെട്ടിടത്തിനു വെളിയിലിരുന്നത് ദിനോസറുകളുടെ കാലം മുതൽ ഭൂമിയിൽ ജീവിച്ച ഒരു തുമ്പി. പോളിസ്റ്റോക്കോട്സ് പങ്ച്വേറ്റ് എന്നറിയപ്പെടുന്ന ഈ തുമ്പിക്ക് ജയന്റ് ലേസ്‌വിങ് എന്നും പേരുണ്ട്. വലിയ വലുപ്പമുള്ള ആകാരമാണ് ഇതിന്.
വടക്കേ അമേരിക്കയിൽ നിന്ന് 1950ൽ ഈ തുമ്പി അപ്രത്യക്ഷമായിരുന്നു. ഇതിനു ശേഷം ഇപ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം തുമ്പികളുടെ ഒരു വലിയ കൂട്ടം മിസോറി, അർകൻസാസ്, ഒക്‌ലഹോമ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ഒസാർക് മലനിരകളിൽ വസിക്കുന്നുണ്ടെന്ന് ഇപ്പോൾ ശാസ്ത്രജ്ഞർ സംശയിക്കുന്നു.
പെൻസിൽവേനിയ സ്റ്റേറ്റ് ഇൻസെക്ട് ഐഡന്റിഫിക്കേഷൻ ലാബിന്റെ ഡയറക്ടറായ മൈക്കൽ സ്ക്വാർലയാണ് ഈ തുമ്പിയെ കണ്ടെത്തിയത്. വാൾമാർട്ടിലേക്ക് പാൽ വാങ്ങാനായി എത്തിയതായിരുന്നു മൈക്കൽ സ്ക്വാർല. കെട്ടിടത്തിന്റെ വശത്തുള്ള ഭിത്തിയിൽ ഈ തുമ്പി ഇരിക്കുന്നത് സ്ക്വാർലയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് സ്ക്വാർല ഈ തുമ്പിയെ കൊണ്ടുപോയി പരീക്ഷണങ്ങൾ നടത്തി. ആന്റ്ലയൺ എന്ന വിഭാഗത്തിൽപെടുന്ന തുമ്പിയാണിതെന്നാണ് സ്ക്വാർല കരുതിയത്.
എന്നാൽ പിന്നീട് ഒരു ഓൺലൈൻ ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കേ, ശ്രോതാക്കളായി കേട്ടുകൊണ്ടിരുന്ന അധ്യാപകരും വിദ്യാർഥികളുമാണ് ഇത് ആന്റ് ലയൺ അല്ലെന്നും മറിച്ച് ജയന്റ് ലേസ്‌വിങ് എന്ന തുമ്പിയാണെന്നും ചൂണ്ടിക്കാട്ടിയത്. ഒരിക്കൽ വടക്കേ അമേരിക്കയിൽ വ്യാപകമായുണ്ടായിരുന്ന ഈ വൻതുമ്പി വർഗം എങ്ങനെ മറഞ്ഞെന്നതു സംബന്ധിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. പ്രകാശ മലിനീകരണമാണ് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
അനിയന്ത്രിതമായ നഗരവത്കരണം മൂലമുണ്ടായ പ്രകാശമലിനീകരണം ജയന്റ് ലേസ്‌വിങ് തുമ്പികളുടെ ആവാസവ്യവസ്ഥ തകർത്തത്രേ. ഗ്രൗണ്ട് ബീറ്റിൽ എന്നയിനം വിട്ടിലുകൾ, ചിലയിനം മണ്ണിരകൾ തുടങ്ങിയവ വന്നത് മൂലം പ്രകൃതിയിലുണ്ടായ മാറ്റങ്ങളും കിടമത്സരവും ലേസ്‌വിങ്ങുകളെ ഓടിച്ചെന്നും വിശ്വസിക്കുന്നവരുണ്ട്.കാട്ടുതീകൾ സംഭവിക്കുന്നതു കുറഞ്ഞതും ഇവയുടെ നാശത്തിനു കാരണമായി. കാട്ടുതീ സംഭവിച്ചതിനു ശേഷമുള്ള പ്രകൃതിസാഹചര്യങ്ങൾ ഈ തുമ്പികളുടെ അഭിവൃദ്ധിക്ക് സഹായകരമായിരുന്നു.
English Summary: Rare Jurassic-Era Insect Discovered at Arkansas Walmart