സമുദ്രജലത്തിൽ നിന്ന് ഹൈഡ്രജൻ ഇന്ധനം, പ്രകൃതിക്കും ഉത്തമം: നിർണായക കണ്ടുപിടിത്തം

Mail This Article
ഹൈഡ്രജൻ, ഓക്സിജൻ, സോഡിയം തുടങ്ങി ഭൂമിയിലെ ജീവജാലങ്ങൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളുടെയും കലവറയാണ് സമുദ്രജലം. അതിൽനിന്നും നിന്നും ഹൈഡ്രജൻ ഇന്ധനം നിർമിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. സാധാരണ ശുദ്ധജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച വെള്ളത്തിൽ നിന്നുമാണ് ഹൈഡ്രജൻ ഇന്ധനം നിർമിക്കുന്നത്. എന്നാൽ പ്രത്യേക ഫിൽറ്റർ സംവിധാനം വഴി സമുദ്രജലത്തിൽ നിന്ന് ഹൈഡ്രജനെ വേർതിരിച്ചെടുക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. എസ്എൽഎസി നാഷനൽ ആക്സിലറേറ്റർ ലബോറട്ടറി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ഒറിഗോൺ യൂണിവേഴ്സിറ്റി, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഹൈഡ്രജൻ ഇന്ധനം നിർമിക്കുന്ന ഉപകരണം രൂപകൽപന ചെയ്തത്.

ഫണൽ സിസ്റ്റത്തിലേക്ക് കടത്തിവിടുന്ന സമുദ്രജലം ഒരു ഡബിൾ-മെംബ്രേൻ ഫിൽട്ടർ സിസ്റ്റത്തിലേക്ക് എത്തുന്നു. വൈദ്യുതിയുടെ സഹായത്തോടെ അവിടെനിന്നും ഹൈഡ്രജനെ വേർതിരിച്ചെടുക്കുന്നു. ഹൈഡ്രജൻ നിർമാണത്തിനിടെ പ്രകൃതിക്ക് ദോഷകരമാകുന്ന മറ്റൊരു ഉപഉൽപന്നങ്ങളും ഉണ്ടാകില്ലെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. കാർബണിന്റെ അംശം കുറഞ്ഞ ഈ ഹൈഡ്രജൻ ഇന്ധനം വാഹനങ്ങളിൽ ഉപയോഗിക്കാം. ദീർഘകാലം സൂക്ഷിച്ചുവയ്ക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ശുദ്ധജലത്തിലൂടെയുള്ള ഇന്ധന നിർമാണത്തിന് വിലകൂടിയ സംവിധാനങ്ങളും ഉപകരണങ്ങളും ആവശ്യമാണ്. എന്നാൽ സമുദ്രജലം ഉപയോഗിച്ച് ഹൈഡ്രജൻ ഇന്ധനം നിർമിക്കാൻ കൂടുതൽ സംവിധാനങ്ങളുടെ ആവശ്യമില്ല. ചെലവും കുറവാണ്.
English Summary: Revolutionary invention transforms seawater into hydrogen fuel