ബുർജ് ഖലീഫയുടെ രണ്ടിരട്ടി പൊക്കം: കടലിനടിയിൽ വമ്പൻമല; ഇനിയും ലക്ഷക്കണക്കിന് മറവിൽ
Mail This Article
ഭൂമിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ രണ്ടിരട്ടിപൊക്കമുള്ള പർവതം കടലിനടിയിൽ കണ്ടെത്തി ഗവേഷകർ. ഗ്വാട്ടിമാലൻ തീരത്തിനു സമീപമുള്ള കടലിനടിയിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞരാണ് പർവതം കണ്ടെത്തിയത്.1.6 കിലോമീറ്റർ പൊക്കമുള്ള ഈ ഘടന സീമൗണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിർജീവമായിപ്പോയ ഒരു അഗ്നിപർവതത്തിൽ നിന്നാണ് ഇതുണ്ടായത്. ഷ്മിറ്റ് ഓഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പര്യവേക്ഷണത്തിലാണ് സീമൗണ്ട് തെളിഞ്ഞുവന്നത്.
14 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഈ സീമൗണ്ട് സ്ഥിതി ചെയ്യുന്നത്. മൾട്ടിബീം സോണാർ മാപ്പിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മല കണ്ടെത്തിയത്. കോണാകൃതിയിലുള്ള ഈ മല ഗ്വാട്ടിമാലൻ തീരത്തു നിന്ന് 156 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
സീമൗണ്ടുകൾ അഥവാ കടൽമലകൾ സമുദ്ര ജൈവ വൈവിധ്യത്തിന് വളരെ സഹായകമാണ്. ഇത് ഉൾക്കടലിൽ കാണപ്പെടുന്ന പവിഴപ്പുറ്റുകൾ, സ്പഞ്ചുകൾ, കശേരുക്കളില്ലാത്ത ചില ജീവികൾ എന്നിവയുടെ അധിവാസമേഖലയാണ്.
ലക്ഷക്കണക്കിന് കണ്ടെത്തപ്പെടാത്ത കടൽമലകൾ സമുദ്രത്തിൽ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സീഫ്‌ളോർ മാപ്പിങ് എന്ന പ്രക്രിയയിലൂടെ ഇവ കണ്ടെത്താമെന്നും ഗവേഷകർക്ക് അഭിപ്രായമുണ്ട്.
സമുദ്രത്തിലെ ഇത്തരം പല രഹസ്യഇടങ്ങളും ഷ്മിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.. ഏപ്രിലിൽ മധ്യ അറ്റ്‌ലാന്‌റിക് റിജ് മേഖലയിൽ 3 ഹൈഡ്രോതെർമൽ തുറസ്സുകൾ ഇവർ കണ്ടെത്തിയിരുന്നു.ഓഗസ്റ്റിൽ കിഴക്കൻ ശാന്തസമുദ്രത്തിൽ ധാരാളം കടൽജീവികളടങ്ങിയ ഒരു വാസലോകവും ഇവരുടെ പര്യവേക്ഷണത്തിൽ വെളിപ്പെട്ടു. അടുത്തിടെ 2 കടൽമലകളും കുറച്ച് പവിഴപ്പുറ്റുകളും ഷ്മിറ്റിൽ നിന്നുള്ള പര്യവേഷക സംഘം കണ്ടെത്തി.ഗാലപ്പഗോസ് ദ്വീപുകൾക്ക് സമീപമായിരുന്നു ഇത്.