ആഫ്രിക്കൻ കാട്ടുനായ്ക്കുട്ടികൾക്ക് പാലൂട്ടാൻ അമ്മയില്ല; ദൗത്യം ഏറ്റെടുത്ത് ഗോൾഡർ റിട്രീവർ
Mail This Article
സെപ്റ്റംബർ 28നാണ് യുഎസിലെ ഇന്ത്യാനയിലെ പോട്ടോവറ്റോമി മൃഗശാലയിൽ ആഫ്രിക്കൻ കാട്ടുനായക്കുഞ്ഞുങ്ങൾ (African wild dogs) ജനിക്കുന്നത്. ബ്ലൂ, റെഡ്, ഓറഞ്ച് എന്ന് പേരിട്ടു. അമ്മനായയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പാലൂട്ടാൻ ആയില്ല. തുടർന്ന് ആ ദൗത്യം അവിടെയുണ്ടായിരുന്നു കാസി എന്ന പെൺ ഗോൾഡൻ റിട്രീവർ ഏറ്റെടുക്കുകയായിരുന്നു.
ഈ കുഞ്ഞുങ്ങൾ ജനിച്ചതിനു പിറ്റേദിവസമാണ് കാസി മക്കളുമായി മൃഗശാലയിൽ എത്തുന്നത്. അധികം വൈകാതെ ആഫ്രിക്കൻ നായ്ക്കുട്ടികളും അവളുടെ മക്കളായി മാറുകയായിരുന്നു. അമ്മയെപ്പോലെ പരിപാലിക്കുന്ന കാസിയുടെ ചിത്രങ്ങൾ മൃഗശാല അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കാസിയില്ലായിരുന്നുവെങ്കിൽ നായ്ക്കുട്ടികൾ മരണത്തിന് കീഴടങ്ങിയേനെയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായകൾ പെയിന്റഡ് വോൾഫ് എന്ന പേരിലും അറിയപ്പെടുന്നു. ലോകത്താകെ 7000 ആഫ്രിക്കൻ കാട്ടുനായകൾ മാത്രമേ ഉള്ളൂയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സിംഹം പോലുള്ള ജീവികളാണ് ഇവയെ വേട്ടയാടുന്നത്. 1990ൽ തന്നെ ഇവ ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. ദിവസം 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് ഇന്റർനാഷനൽ ഫണ്ട് ഫോർ ആനിമൽ വെൽഫയർ (IFAW) റിപ്പോർട്ടിൽ പറയുന്നു.