ADVERTISEMENT

ജാപ്പനീസ് വാസ്തുശിൽപകലയ്ക്ക് ലോകമെങ്ങും ആരാധകർ ഏറെയാണ്. മരത്തടി ധാരാളം ഉപയോഗിച്ചുള്ള നിർമാണശൈലിയാണ് ജപ്പാനിൽ പ്രബലം. പതിനഞ്ചാം നൂറ്റാണ്ടിൽ ജപ്പാനിൽ തടിക്ക് ക്ഷാമം വന്നു. മരങ്ങൾ വളർത്താനുള്ള സ്ഥലങ്ങളും കുറവ്. തുടർന്നാണ് ഡൈസുഗി എന്ന മരംവളർത്തൽ രീതി ജപ്പാനിൽ പ്രബലമായത്. വ്യത്യസ്തമായ ആശയങ്ങൾക്കും രീതികൾക്കും ജപ്പാൻ പണ്ടേ പ്രശസ്തമാണ്. അത് വാഹനമേഖലയായാലും വ്യാവസായിക മേഖലയായാലും അവർ നടപ്പിൽ വരുത്തിയിട്ടുണ്ട്. കൃഷി, പൂന്തോട്ട രീതികളിലും അതിപ്രശസ്തമായ ജപ്പാൻ വിദ്യകൾ ഒട്ടേറെയുണ്ട്. ഇതിൽ വളരെ പ്രശസ്തമാണ് ബോൺസായി. ചട്ടികളിലും മറ്റും വൻമരങ്ങളുടെ ചെറുപതിപ്പുകൾ വളർത്തുന്ന രീതി.

ഇതേപോലൊരു വിചിത്ര ആശയമായിരുന്നു ഡൈസുഗി. ഒരു മരത്തിൽനിന്ന് തടിക്കായി മറ്റൊരു മരം വളർത്തിയെടുക്കുക എന്നതാണ് ഡൈസുഗി. വനനശീകരണം ഉണ്ടാക്കാതെ തടി ശേഖരിക്കാനുള്ള  മികച്ച മാർഗമായിരുന്നു ഇത്.

ടാരുകി എന്ന പേരിലുള്ള, ഉരുണ്ടു നീണ്ട തടികൾ ഈ മാർഗത്തിലൂടെ വളർത്തിയെടുക്കാൻ ജപ്പാൻകാർക്ക് കഴിഞ്ഞു. ജപ്പാനിലെ ചില കെട്ടിടങ്ങളുടെ മേൽക്കൂരകൾ നിർമിച്ചിരുന്നത് ഇത്തരം ഉരുണ്ട തടികൾ ഉപയോഗിച്ചാണ്. ഇത്തരം കെട്ടിടങ്ങൾ ജപ്പാനിലെ പഴയ നഗരമായ ക്യോട്ടോയിൽ ഇന്നുമുണ്ട്.

(Photo: X/@GraduatedBen)
(Photo: X/@GraduatedBen)

ബോൺസായിയുടെ ചില രീതികൾ ഡൈസുഗിയിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇരു രീതികളും പ്രവൃത്തിയിലും ഫലത്തിലും വളരെ വ്യത്യസ്തമാണ്. കിറ്റയാമ സെഡാർ എന്നയിനം മരത്തിലാണ് ഡൈസുഗി പണ്ട് പരീക്ഷിക്കപ്പെട്ടത്. ഈ മരത്തിന്റെ ശിഖരങ്ങളും ഇലകളുമൊക്കെ പ്രത്യേക രീതിയിൽ വെട്ടിയൊതുക്കി മുകൾ ഭാഗത്തെ ചില ശിഖരങ്ങൾക്ക് ഉയർന്നു പൊങ്ങി വളരാനുള്ള അവസരമാണ് ഡൈസുഗി വഴി സൃഷ്ടിക്കപ്പെട്ടത്. ഇങ്ങനെ മുകളിലേക്ക് മുള പോലെ നീണ്ടു പോകുന്ന ശിഖരങ്ങൾ ഒരു മരത്തിൽ മറ്റനേകം മരങ്ങൾ നിൽക്കുന്ന പ്രതീതി സൃഷ്ടിക്കും.

Read Also: 20 ലക്ഷം വർഷംമുൻപ് മറഞ്ഞ വൃക്ഷം, ഒടുവിൽ തിരിച്ചുകിട്ടി; ഇപ്പോൾ വളർത്തുന്നത് രഹസ്യസങ്കേതങ്ങളിൽ

ഇത്തരത്തിൽ വളർന്നു നിൽക്കുന്ന ശിഖരങ്ങൾ തടി വേണ്ടവർക്കു മുറിച്ചെടുക്കാം. ബാക്കി മരം താഴെത്തന്നെ നിൽക്കും. ഇത്തരത്തിൽ തടിയും നേടാം, മരമൊട്ടു നശിക്കുകയില്ല എന്ന അനുകൂല അവസ്ഥ ഡൈസുഗി സൃഷ്ടിച്ചു. ഇന്ന് ഡൈസുഗി മരത്തടി വ്യവസായത്തിൽ ഉപയോഗിക്കുന്നില്ല. എന്നാൽ ജപ്പാനിലെ പൂന്തോട്ടങ്ങളിലും പ്രകൃതി മ്യൂസിയങ്ങളിലും മറ്റും ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട മരങ്ങളുണ്ട്‌.

(Photo: X/@dailyXmatter)
(Photo: X/@dailyXmatter)
English Summary:

THE JAPANESE ART OF DAISUGI TREE-GROWING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com